രാജപക്‌സെയ്ക്ക് പ്രതിപക്ഷത്തിന്റെ അന്ത്യശാസനം ഒന്നുകിൽ രാജി, അല്ലെങ്കിൽ അവിശ്വാസപ്രമേയം നേരിടുക ശ്രീലങ്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമെന്ന് ഐ.എം.എഫ്
കൊളംബോ
കടുത്ത സാമ്പത്തിക, ഇന്ധന, ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് അന്ത്യശാസനം നൽകി പ്രതിപക്ഷം.
രാജിവച്ചില്ലെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അധികാരത്തിൽ തുടരുമെന്ന മഹിന്ദയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷം അന്ത്യശാസനയുമായി രംഗത്തുവന്നത്. രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന പ്രക്ഷോഭവും ജനരോഷവും കണ്ടില്ലെന്ന് നടിച്ച് പ്രധാനമന്ത്രി പദവിയിൽനിന്ന് മഹിന്ദ രാജിവയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിനെതിരേ പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് നാഷനൽ ഫ്രീഡം ഫ്രണ്ട് (എൻ.എഫ്.എഫ്) നേതാവ് ജയന്ത സമരവീര പറഞ്ഞു. അതേസമയം, ശ്രീലങ്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നെന്ന് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) അറിയിച്ചു. കടാശ്വാസം തേടി ഐ.എം.എഫുമായി ചർച്ചനടത്തുന്നതിന് ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി നിലവിൽ വാഷിങ്ടണിലാണ്. അലിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഐ.എം.എഫ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തികമായി വളരെ പ്രയാസം നേരിടുന്നതിനാൽ പ്രതിസന്ധി ലഘൂകരിക്കാൻ അടിയന്തര സഹായമെന്ന നിലയ്ക്ക് പ്രത്യേക പാക്കേജ് തയാറാക്കുമെന്ന് ലോക ബാങ്കും വ്യക്തമാക്കി. സഹായത്തിനായി ചൈന, ജപ്പാൻ, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയെയും ശ്രീലങ്ക സമീപിച്ചിട്ടുണ്ട്. നിലവിലെ പതിസന്ധി മറികടക്കാൻ ശ്രീലങ്കയ്ക്ക് കുറഞ്ഞത് 4,000 കോടി യു.എസ് ഡോളറെങ്കിലും ആവശ്യമാണ്. ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ 50 കോടി ഡോളറിന്റെ (3,600 കോടി രൂപ) അധിക വായ്പ കഴിഞ്ഞദിവസം ഇന്ത്യ അനുവദിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യങ്ങൾക്കു കടാശ്വാസം നൽകണമെന്ന് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞയാഴ്ചത്തെ ഐ.എം.എഫ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."