HOME
DETAILS

ബംഗാളി ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പ്

  
backup
May 06 2021 | 22:05 PM

68453434-2


വിശ്വസ്തതയുള്ള മതേതര, ജനാധിപത്യ പാര്‍ട്ടിക്കൊപ്പം നില്‍ക്കണോ അതോ സ്വത്വവാദത്തിലൂന്നിയുള്ള മുസ്‌ലിം സാമുദായിക രാഷ്ട്രീയകക്ഷികള്‍ക്കൊപ്പം നില്‍ക്കണോയെന്നുള്ള ഒരു ചോയ്‌സ് കൂടിയായിരുന്നു ബംഗാളിലെ മൂന്നുകോടിയിലേറെ വരുന്ന മുസ്‌ലിംകള്‍ക്ക് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഈയൊരു തര്‍ക്കം ഇന്ത്യന്‍ മുസ്‌ലിം ബുദ്ധിജീവികളെ എക്കാലത്തും അലട്ടിയ ഒരു വിഷയവുമായിരുന്നു.


സമീപകാലത്ത് ബി.ജെ.പി ഏറ്റവുമധികം വര്‍ഗീയപ്രചാരണം നടത്തിയ ഒരു തെരഞ്ഞെടുപ്പുകൂടിയായിരുന്നു ബംഗാളില്‍. ഇന്ത്യയില്‍ പൗരത്വത്തിന്റെ പേരില്‍ എപ്പോഴും സംശയനിഴലില്‍ നിര്‍ത്തപ്പെട്ട ഒരു സമുദായം കൂടിയാണ് ബംഗാളി മുസ്‌ലിംകള്‍. സംഘ്പരിവാര്‍ ഏറ്റവുമധികം ലക്ഷ്യംവയ്ക്കപ്പെട്ട വിഭാഗമായ മുസ്‌ലിംകള്‍ സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം വരുന്നതിനാല്‍ ആ സമുദായത്തിന്റെ വോട്ട് ബാങ്കില്‍ കണ്ണുള്ളവര്‍ ഒത്തിരിയുണ്ടാവുക സ്വാഭാവികം. ഒരുകാലത്ത് മുസ്‌ലിം ലീഗിന് സ്വാധീനമുണ്ടായിരുന്ന ബംഗാളില്‍ പിന്നീട് സമുദായ വോട്ടുകള്‍ വര്‍ഷങ്ങളോളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനുമിടയില്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തീപ്പൊരിമുഖമായിരുന്ന മമതാ ബാനര്‍ജി പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ കുറച്ചുവോട്ടുകള്‍ അവിടേക്കുംപോയി. അപ്പോഴൊക്കെയും നാമമാത്ര സ്വാധീനം മാത്രമേ ബി.ജെ.പിക്ക് ബംഗാളില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ബി.ജെ.പി ശക്തികൂടുന്നതിനനുസരിച്ച് ബംഗാളി മുസ്‌ലിംകള്‍ തൃണമൂലിനൊപ്പം നിന്നു.

ഉവൈസിയെയും സിദ്ദീഖിയെയും
കൈയൊഴിഞ്ഞു


ബംഗാള്‍ ഫലത്തിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് മുസ്‌ലിംകള്‍ സംസ്ഥാനത്തെ പ്രമുഖ പണ്ഡിതനും ഫുര്‍ഫുറെ ദര്‍ഗാ ശരീഫ് നടത്തിപ്പുകാരനുമായ അബ്ബാസ് സിദ്ദീഖിയെയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയെയും കൈയൊഴിഞ്ഞതാണ്. 30 സീറ്റുകളില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമൊപ്പം സഖ്യംചേര്‍ന്ന് മത്സരിച്ചിട്ടും അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടി(ഐ.എസ്.എഫ്)ന് ഒരു എം.എല്‍.എയെ മാത്രമാണ് ലഭിച്ചത്. ഉവൈസി ഏഴുസ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ആരെയും വിജയിപ്പിക്കാനായതുമില്ല. സമീപകാലത്ത് ഉവൈസി ഏറ്റവും തിരിച്ചടി നേരിട്ട സംസ്ഥാനംകൂടിയായി ബംഗാള്‍.


ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 17 ശതമാനം മുസ്‌ലിംകളുള്ള ബിഹാറിലെ സമുദായവോട്ടുകള്‍ അതിനിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് അഞ്ചുസീറ്റുകള്‍ സ്വന്തമാക്കിയ ഉവൈസിയുടെ നേട്ടം ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. അതിനാല്‍ ബിഹാറിനെക്കാള്‍ മുസ്‌ലിം വോട്ട് നിര്‍ണായകമായ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഉവൈസിയും ഒരു ശ്രദ്ധേയഘടകമായി മാറി. കേരളത്തില്‍ മുസ്‌ലിംവോട്ടുകള്‍ കൂടുതലായി യു.ഡി.എഫിന് ലഭിക്കുന്നത് പോലെ ബംഗാളിലെ മുസ്‌ലിംവോട്ടുകള്‍ തൃണമൂലിനൊപ്പമാണെന്നത് വളരെ പ്രകടമാണ്. അതിനാല്‍ ബംഗാളി മുസ്‌ലിം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ഏതുനീക്കവും തൃണമൂലിനെ പ്രകോപിപ്പിക്കുമെന്ന് ഉറപ്പ്. തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കും മുന്‍പേ ഉവൈസി ബംഗാളില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയത് അദ്ദേഹവും മമതാ ബാനര്‍ജിയും തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിമാറി. അതിനിടെ അബ്ബാസ് സിദ്ദീഖിയുമായി ഉവൈസി കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത ബംഗാളില്‍ പുതിയ രാഷ്ട്രീയസമവാക്യത്തിലേക്ക് നയിക്കുമെന്ന സൂചനയും ഉണ്ടായി.


ഉവൈസിയും അബ്ബാസ് സിദ്ദീഖിയും ഒന്നിക്കുന്നത് കോണ്‍ഗ്രസിന് ഇടതിനും ദഹിക്കുന്നതായിരുന്നില്ല. വൈകാതെ സിദ്ദീഖി പുതിയ പാര്‍ട്ടിയുണ്ടാക്കി. അതോടെ സിദ്ദീഖിയെ കൂടെക്കൂട്ടാന്‍ തൃണമൂലും കോണ്‍ഗ്രസും ഇടതും എല്ലാം ശ്രമം നടത്തി. ഉവൈസിയാണ് സിദ്ദീഖിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതെങ്കിലും ഉവൈസിയില്‍ നിന്ന് സിദ്ദീഖിയെ അടര്‍ത്തിമാറ്റി കോണ്‍ഗ്രസും ഇടതും കൂടെക്കൂട്ടി. ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കാഴ്ചക്കാരായി മാത്രം നോക്കിനില്‍ക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അബ്ബാസ് സിദ്ദീഖിയെ ലഭിച്ചത് ഒരു പോരാട്ടത്തിന്റെ പ്രതീതിയും സൃഷ്ടിച്ചു.


മുഖ്യമായും മുസ്‌ലിം വോട്ടുകളായിരുന്നു ഈ മൂന്നുപാര്‍ട്ടികളും അടങ്ങുന്ന സംയുക്തമോര്‍ച്ചയുടെ പ്രതീക്ഷ. എന്നാല്‍, ഫലം വന്നപ്പോള്‍ ബംഗാള്‍ നിയമസഭയിലേക്ക് ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന്റെയും ഇടതിന്റെയും ഒരു എം.എല്‍.എമാര്‍ പോലും വിജയിച്ചില്ല. അബ്ബാസ് സിദ്ദീഖി സ്ഥാനാര്‍ഥികളെ നിര്‍ത്തിയ 30ല്‍ 29 സീറ്റുകളിലും തൃണമൂല്‍ തന്നെ വിജയിച്ചു. അബ്ബാസ് സിദ്ദീഖി വഴിമാറിയെങ്കിലും തനിച്ച് മത്സരിച്ച ഉവൈസിയുടെ മജ്‌ലിസാവട്ടെ യാതൊരു ഓളവും സൃഷ്ടിച്ചതുമില്ല. 0.02 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. മത്സരിച്ചിടത്തെല്ലാം നാലാം സ്ഥാനവും അഞ്ചാം സ്ഥാനവും ആറാം സ്ഥാനവും കൊണ്ട് മജ്‌ലിസ് സ്ഥാനാര്‍ഥികള്‍ തൃപ്തിപ്പെടേണ്ടിവന്നു. ഏഴില്‍ നാലിടത്തും അതത് മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടിന്റെ ഒരുശതമാനത്തിലും താഴെ മാത്രമേ ലഭിക്കുകയും ചെയ്തുള്ളൂ. മറ്റു ചില മുസ്‌ലിം പാര്‍ട്ടികളും മത്സരിച്ചെങ്കിലും യാതൊരു ചലനവും ഉണ്ടാക്കിയതേയില്ല. അതായത് സംസ്ഥാനത്ത് 30 ശതമാനം മുസ്‌ലിംകളുണ്ടായിട്ടും മുസ്‌ലിം പാര്‍ട്ടിക്ക് ആകെ ലഭിച്ചത് ഒരു എം.എല്‍.എയെ മാത്രം.

തീവ്രഹിന്ദുത്വ അജന്‍ഡ ഏറ്റില്ല


ബംഗാളില്‍ ബി.ജെ.പി അഴിച്ചുവിട്ട തീവ്രഹിന്ദുത്വ പ്രചാരണം ഏശിയില്ലെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. വിഭജനസമയത്ത് ഏറ്റവുമധികം ചോര വീണ മണ്ണാണ് ബംഗാള്‍. അതിനാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ബംഗാളികള്‍ കാര്യമായി വര്‍ഗീയതയ്ക്ക് കീഴ്‌പ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വലിയ വര്‍ഗീയകലാപങ്ങള്‍ നടന്നപ്പോഴും ബംഗാളില്‍ അത്തരം സംഭവങ്ങള്‍ അപൂര്‍വമായിരുന്നു. ബംഗാളികളുടെ ഈ മതേതര മനസ് ബി.ജെ.പിയുടെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു.


ബംഗാളിലെത്തുമ്പോഴെല്ലാം എന്‍.ആര്‍.സി, പൗരത്വനിയമം ചൂണ്ടിക്കാട്ടി വിരട്ടുകയാണ് അമിത്ഷാ ചെയ്തത്. കൊവിഡ് ഒന്ന് അടങ്ങട്ടെ എന്‍.ആര്‍.സി കൊണ്ടുവന്ന് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്നും അമിത്ഷാ പ്രഖ്യാപിച്ചു. ഇത് മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് എന്നത് പ്രത്യേകം പറയണ്ടല്ലോ. ഈ വിരട്ടലിലെല്ലാം ഭയന്ന മുസ്‌ലിംകള്‍ സമുദായ, സ്വത്വപാര്‍ട്ടികള്‍ക്ക് പിന്നില്‍ അഭയം പ്രഖ്യാപിക്കുകയോ കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ എന്നിങ്ങനെ വിവിധകക്ഷികള്‍ക്ക് വോട്ട് നല്‍കുകയോ ചെയ്യാതെ തൃണമൂലിന് പിന്നില്‍ അണിനിരന്നു. ബി.ജെ.പി എത്രമാത്രം വര്‍ഗീയമായി പ്രചാരണം നടത്തിയോ അതിനനുസരിച്ച് മുസ്‌ലിംകള്‍ കൂടുതലായി തൃണമൂലിനൊപ്പം നില്‍ക്കുകയായിരുന്നു. എന്‍.ആര്‍.സി, സി.എ.എ വിഷയത്തിലുള്ള ബി.ജെ.പിയുടെ വര്‍ഗീയപ്രചാരണം പൊതുവെ രാഷ്ട്രീയം ശ്രദ്ധിക്കാതിരുന്ന താഴേത്തട്ടിലുള്ള മുസ്‌ലിം വീട്ടമ്മമാരെ പോലും സ്വാധീനിക്കുകയും ചെയ്തു.

മുസ്‌ലിംകള്‍ തൃണമൂലിനൊപ്പം


മമതാ ബാനര്‍ജി ഇത്തവണ ആകെ 42 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. അതില്‍ 41 ഉം വിജയിച്ചു. ബംഗാളിലെ 294 അംഗസഭയില്‍ ആകെയുള്ള 42 മുസ്‌ലിം എം.എല്‍.എമാരില്‍ 41ഉം തൃണമൂല്‍ ടിക്കറ്റില്‍ വിജയിച്ചവരാണ്. ഐ.എസ്.എഫിന്റെ ഏക അംഗം നൗഷാദ് സിദ്ദീഖിയാണ് 42ാം മുസ്‌ലിം എം.എല്‍.എ. ഈ കണക്ക് തന്നെ മതി ബംഗാള്‍ മുസ്‌ലിംകള്‍ എത്രമാതം തൃണമൂലിനൊപ്പം നിന്നുവെന്നും പാര്‍ട്ടി എത്രമാത്രം മുസ്‌ലിം സമുദായത്തെ പരിഗണിച്ചുവെന്നും മനസിലാവാന്‍.


മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഹൗറ, നോര്‍ത്ത് - സൗത്ത് പര്‍ഗനാസ് എന്നീ മൂന്നു ജില്ലകളില്‍ ആകെ 80 നിയമസഭാ സീറ്റുകളാണുള്ളത്. ഇതില്‍ 75ലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. 38 ശതമാനം മുസ്‌ലിംകളുള്ള ബിര്‍ഭൂമില്‍ ആകെയുള്ള 11 സീറ്റില്‍ പത്തും തൃണമൂല്‍ ആണ് വിജയിച്ചത്. ബംഗാളില്‍ ഏറ്റവുമധികം മുസ്‌ലിംകളുള്ള മുര്‍ഷിദാബാദിലെ 20ല്‍ 16 ഉം തൃണമൂല്‍ വിജയിച്ചു. ഒരിടത്ത് ഐ.എസ്.എഫും. 51 ശതമാനം മുസ്‌ലിംകളുള്ള മാല്‍ദയിലെ ഒന്‍പതില്‍ അഞ്ചും കൊല്‍ക്കത്തയിലെ ആകെയുള്ള 11ഉം തൃണമൂല്‍ നേടി. 2016ലെ തെരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദില്‍ നാലിടത്തു മാത്രമാണ് തൃണമൂല്‍ വിജയിച്ചിരുന്നത്. മാല്‍ദയില്‍ ഒരു സീറ്റും ലഭിച്ചതുമില്ല. ഈ ജില്ലകള്‍ നാളിതുവരെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം സ്വാധീനമണ്ഡലങ്ങളില്‍ തൃണമൂലിനൊപ്പം ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുപോലെ വിജയിച്ചിരുന്നു. എന്നാല്‍, ഇത്തവണ സമുദായവോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്‌ലിംകള്‍ തൃണമൂലിനൊപ്പം നിന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


മാല്‍ദ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയാക്കിയത് എട്ടുതവണ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗനി ഖാന്‍ ചൗധരിയുടെ സ്വാധീനംമൂലമാണ്. 2006ല്‍ ഖാന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ ഒരു തുടര്‍ച്ചയുണ്ടാവാതിരുന്നതും തൃണമൂലിന് അനുഗ്രഹമായി. ഖാന്റെ ബന്ധുക്കളില്‍ ചിലരാവട്ടെ തൃണമൂലിനൊപ്പവും നിന്നു. ഖാന്റെ മരുമകള്‍ മൗസം ബെനസീര്‍ നൂര്‍ ഇന്ന് തൃണമൂലിന്റെ രാജ്യസഭാംഗവുമാണ്.


2011 ല്‍ സിദ്ദീഖുള്ള ചൗധരി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ബംഗാള്‍ ബ്രാഞ്ച് രൂപീകരിച്ച് 2013 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഈ ആവേശത്തില്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബദ്‌റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ബംഗാളില്‍ മത്സരിച്ചെങ്കിലും കെട്ടിവച്ച പണം പോലും ലഭിച്ചില്ല. ആകെ കിട്ടിയത് രണ്ടുശതമാനം വോട്ടുകള്‍ മാത്രം. പിന്നീട് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഈ അനുഭവം മുന്‍നിര്‍ത്തി ഐ.എസ്.എഫിന് ബംഗാളില്‍ വളരാന്‍ കഴിയില്ലെന്ന് ബംഗാളി ബുദ്ധിജീവികളും മുസ്‌ലിം രാഷ്ട്രീയനിരീക്ഷകരും തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രവചിച്ചിരുന്നു. അത് സത്യമാവുകയുംചെയ്തു.


തെരഞ്ഞെടുപ്പ് പൂര്‍വ വിശകലനത്തിനായി ബംഗാളി മുസ്‌ലിം വോട്ടര്‍മാരോടു സംസാരിച്ച അനുഭവം ഇന്ത്യാ ടുഡേയുടെ മേഗ്‌നാദ് ബോസ് പങ്കുവയ്ക്കുന്നുണ്ട്. ബി.ജെ.പി, കോണ്‍ഗ്രസ് - ഇടതുപക്ഷം - ഐ.എസ്.എഫ്, തൃണമൂല്‍ എന്നീ കക്ഷികള്‍ക്കിടയില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്നതില്‍ തങ്ങള്‍ അസ്വസ്ഥരാണെന്നായിരുന്നു തെരഞ്ഞെുപ്പിനെ മുന്‍പ് തന്നെ മുസ്‌ലിംകള്‍ പങ്കുവച്ചത്. കാരണം, മുസ്‌ലിംവോട്ടുകള്‍ ഭിന്നിച്ചാല്‍ അതു ബി.ജെ.പിക്ക് വലിയതോതില്‍ ഗുണംചെയ്യുമെന്ന് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. 2019ല്‍ മാല്‍ദയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ ബി.ജെ.പിയാണ് വിജയിച്ചത്. 5.08 ലക്ഷം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ 4.25 വോട്ടുകളേ തൃണമൂലിന് ലഭിച്ചുള്ളൂ. മൂന്നാംസ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 3.05 ലക്ഷം വോട്ടുകളും ലഭിച്ചു. സമുദായ വോട്ടുകള്‍ ഭിന്നിച്ചതുമൂലം ബി.ജെ.പി നേട്ടംകൊയ്ത ഈ പാഠം ബംഗാളി മുസ്‌ലിംകള്‍ക്ക് വലിയ അനുഭവമായിരുന്നു. ഇതുവരെ കോണ്‍ഗ്രസിനായിരുന്നു വോട്ട് ചെയ്തത്, ഇനി തെറ്റ് ആവര്‍ത്തിക്കില്ല, ഇത്തവണത്തെ വോട്ട് തൃണമൂലിന് തന്നെ - മാല്‍ദയിലെ വസ്ത്ര വ്യാപാരിയായ അബ്ദുല്‍ സത്താറിന്റെ (53) പ്രതികരണം ബഹുഭൂരിഭാഗം ബംഗാളി മുസ്‌ലിംകളുടെ അഭിപ്രായം കൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago