കമ്മിൻസ് തിരിച്ചെത്തില്ല; ഇന്ത്യക്കെതിരെ അവസാന ടെസ്റ്റിലും സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയെ നയിക്കും
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയെ നയിക്കും. മൂന്നാം ടെസ്റ്റ് മുതൽ ഓസ്‌ട്രേലിയയുടെ നായക സ്ഥാനത്ത് തിരിച്ചെത്തിയ സ്മിത്ത് നാലാം ടെസ്റ്റിലും ഓസ്‌ട്രേലിയയെ നയിക്കും. ആദ്യ രണ്ട് ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സ് നാട്ടിൽ തന്നെ തുടരുന്നതിനാലാണ് സ്മിത്ത് വീണ്ടും ക്യാപ്റ്റൻ ആകുന്നത്.
അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പാറ്റ് കമ്മിന്‍സ് നാട്ടില്‍ തന്നെ തുടരുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഓസീസ് മൂന്നാം ടെസ്റ്റില്‍ വിജയത്തോടെ തിരിച്ചുവന്നതില്‍ സ്മിത്തിന്റെ നേതൃമികവ് നിര്‍ണായകമായിരുന്നു. വീണ്ടും ഇതേ ക്യാപ്റ്റൻസിയിൽ അവസാന അങ്കത്തിന് ഇറങ്ങുമ്പോൾ പരമ്പര ഇന്ത്യ പിടിക്കുമോ സമനിലയാകുമോ എന്ന് കണ്ടറിയണം. വ്യാഴാഴ്ചയാണ് ഇന്ത്യ, ഓസീസ് അവസാന ടെസ്റ്റ് അഹമ്മദാബാദില്‍ തുടങ്ങുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 2014 മുതല്‍ 2018 വരെ ഓസീസ് നായകനായിരുന്ന സ്മിത്തിന് പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് പദവി നഷ്ടമായത്. വീണ്ടും നേതൃസ്ഥാനത്ത് സ്മിത്ത് തിരിച്ചെത്തിയതോടെ ടീമിന് വിജയ പ്രതീക്ഷ കൂടുതലാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ വിജയത്തോടെ ഓസീസ് പരമ്പരയില്‍ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്.
നാഗ്പൂരിലും ഡൽഹിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകള്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ദയനീയമായി തോറ്റ ഓസീസാണ് ഇന്‍ഡോറില്‍ ഗംഭീര മടങ്ങിവരവ് നടത്തിയത്. അതേസമയം, ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലും സ്മിത്തായിരിക്കും നയിക്കാന്‍ സാധ്യത. 17ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. 19ന് രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."