എം. സ്വരാജ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും അടിമുടി പുതുക്കും, സ്റ്റാഫ് അംഗങ്ങളും പുതുമുഖങ്ങള്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെ അടിമുടി പുതുക്കാന്‍ സി.പി. എം തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉള്‍പ്പെടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കും. കടിഞ്ഞാണ്‍ പാര്‍ട്ടിക്കായിരിക്കും.
തൃപ്പൂണിത്തറയില്‍ കെ. ബാബുവിനോടു തോറ്റ എം. സ്വരാജിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കും. ഇതു സംബന്ധിച്ച് സി.പി.എമ്മില്‍ തീരുമാനമായതായാണ് സൂചന. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശ് പുത്തലത്തിനെ പ്രധാന വകുപ്പുകളുടെ ചുമതലയുള്ള ഏതെങ്കിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചേക്കും.മുഖ്യമന്ത്രിയുടെ ഓഫിസില്‍ അഴിച്ചുപണി വേണമെന്നാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ആരെങ്കിലെയുമായിരിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുക. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഐ.എ.എസുകാരെ നിയമിക്കുമെങ്കിലും ഇവരുടെ ചരട് പാര്‍ട്ടിക്കായിരിക്കും. എം. ശിവശങ്കറിനെ നിയമിച്ച് പുലിവാല് പിടിച്ചതിനാല്‍ ഇത്തവണ ശ്രദ്ധിച്ചേ നിയമിക്കാവൂ എന്ന നിര്‍ദേശം പാര്‍ട്ടി മുഖ്യമന്ത്രിക്കു നല്‍കും. ചുരുക്കം ചില പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രം തുടര്‍ന്നേക്കും. ഏറെ വിവാദമായ ഉപേദേശകര്‍ മുഖ്യമന്ത്രിക്ക് ഇനിയുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമായിട്ടില്ല. ഇക്കാര്യത്തില്‍ പിണറായി തന്നെ അന്തിമ തീരുമാനമെടുക്കും.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. നിലവിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളിലാരെയും പുതിയ മന്ത്രിമാരുടെ ഓഫിസില്‍ വയ്‌ക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സ്റ്റാഫ് അംഗങ്ങളിലും പുതിയ ആളുകള്‍ വരട്ടെ എന്നാണ് ചര്‍ച്ച. പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി നിയമനമുണ്ടാകുമ്പോള്‍ ഓരോ ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിക്കും. 27 സ്റ്റാഫ് അംഗങ്ങളെ മന്ത്രിമാര്‍ക്ക് നിയമിക്കാം. ഇതില്‍ മൂന്നോ നാലോ അംഗങ്ങളായിരിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സര്‍വിസ് സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പാര്‍ട്ടി അംഗങ്ങളായ ചെറുപ്പക്കാര്‍ക്കായിരിക്കും പേഴ്‌സണല്‍ സ്റ്റാഫില്‍ സാധ്യത കൂടുതല്‍. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമെല്ലാം ജനങ്ങളെ അറിയിക്കാന്‍ മന്ത്രി ഓഫിസുകളില്‍ മികച്ച പി.ആര്‍.ഒ സംവിധാനവുമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുെട ഓഫിസുകളും തീര്‍ത്തും പ്രൊഫഷണലായ ഓഫിസുകളാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."