ഓണ്‍ലൈന്‍ ക്ലാസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജൂണ്‍ ആദ്യവാരത്തില്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലുള്ള ക്ലാസുകളാണ് ഇത്തവണ ഓണ്‍ലൈന്‍ വഴി ചിട്ടപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ ലഭിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ പരാതികള്‍ പരിഹരിച്ചാണ് ഇത്തവണ എല്ലാ ക്ലാസുകളുടെയും പാഠഭാഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതിയാണ് തുടരുക. അധ്യാപക സംഘടനകളിലേയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാവുന്ന പാഠഭാഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാവുന്ന പാഠഭാഗങ്ങള്‍ മുഴുവനായും സജ്ജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേസമയം പാഠപുസ്‌കങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പലതും വിതരണത്തിനായി ജില്ലാതല ഓഫിസുകളിലേക്ക് എത്തിയിട്ടുണ്ട്. ഇത് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത മാസം രണ്ടാം വാരത്തോടെ മാത്രമേ പാഠപുസ്തക വിതരണം പൂര്‍ണമാവുകയുള്ളൂവെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം അധ്യാപകര്‍ക്കുള്ള കൈപുസ്തക വിതരണം നടക്കും.
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ജൂണില്‍ തന്നെ ആരംഭിക്കുമെങ്കിലും പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകും. പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയാകാത്തതാണ് ഇതിന് കാരണം.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക തീരുമാനമെടുത്ത ശേഷമേ പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കൂവെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്.
കൂടാതെ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ സംബന്ധിച്ചും ഇതിനോടൊപ്പം തന്നെ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഇതിനിടയില്‍ എല്ലാ കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടിയും പു രോഗമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ആരോഗ്യവകുപ്പിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."