വിലക്ക് ലംഘിച്ച് ധ്യാനം; ബിഷപ്പ് അടക്കം 480 വൈദികര്‍ക്കെതിരേ കേസ്
തൊടുപുഴ: വിലക്ക് ലംഘിച്ച് സി.എസ്.ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് ധര്‍മരാജ് റസാലം അടക്കമുള്ള വൈദികര്‍ക്കെതിരേ പൊലിസ് കേസ്. ബിഷപ്പടക്കമുള്ള സംഘാടകരും മൂന്നാര്‍ സി.എസ്.ഐ പള്ളി അധികൃതരും പരിപാടിയില്‍ പങ്കെടുത്ത 480ല്‍ അധികം വരുന്ന വൈദികരുമാണ് പ്രതികള്‍. ദേവികുളം തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.പി.സി 269, പകര്‍ച്ചവ്യാധി നിരോധന നിയമം എന്നിവ പ്രകാരമാണ് മൂന്നാര്‍ പൊലിസ് കേസെടുത്തത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് മൂന്നാര്‍ ഡിവൈ.എസ്.പി ആര്‍. സുരേഷ് പറഞ്ഞു.
ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സി.എസ്.ഐ) ദക്ഷിണ കേരള മഹായിടവകയിലെ പുരോഹിതന്മാരുടെയും ഡീക്കന്‍മാരുടെയും വാര്‍ഷികധ്യാനം മൂന്നാറിലെ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്നത്. അന്ന് വിവാഹങ്ങള്‍ക്ക് പോലും 100 പേര്‍ക്കായിരുന്നു പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. മറ്റ് പൊതുപരിപാടികളും കൂട്ടംചേരലും പാടില്ലെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് നിലനില്‍ക്കെയാണ് ധ്യാനം സംഘടിപ്പിച്ചത്.
സമ്മേളനത്തില്‍ പങ്കെടുത്ത 110 വൈദികര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് വൈദികര്‍ മരിക്കുകയും ചെയ്തു. ഇതോടെയാണ് സി.എസ്.ഐ സഭയിലെ വിശ്വാസികള്‍ തന്നെ ഇതിനെതിരേ രംഗത്തെത്തിയത്. സമ്മേളനത്തിനുശേഷം വൈദികര്‍ കുടുംബങ്ങളിലും പള്ളികളിലും സന്ദര്‍ശനങ്ങളും നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ സംഘം ചേരുകയും ഒരുമിച്ച് താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് കൃത്യമായി ധരിക്കുകയോ ചെയ്തില്ല. ഇതിന്റെ ചിത്രങ്ങളോടെയാണ് പൊതുപ്രവര്‍ത്തകനായ വി.ടി മോഹനന്‍ അടക്കമുള്ളവര്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."