മാക്രോണിൻ്റെ തുടർച്ചയും ഫ്രാൻസിൻ്റെ ഭാവിയും
യു.എം മുഖ്താർ
2017 ഏപ്രിൽ അവസാനവാരം. ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ഇത്തവണത്തേതുപോലെ അന്നും ആദ്യവട്ട തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ ലഭിച്ച ഇമ്മാനുവൽ മാക്രോണും മരിൻ ലെ പെന്നും രണ്ടാംവട്ടത്തിൽ (റൺ ഓഫ്) മത്സരിക്കുന്നു. ഫ്രാൻസിൽ വർധിച്ചുവരുന്ന കുടിയേറ്റമുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് തീവ്ര വലതുപക്ഷക്കാരി ലെ പെന്നിന്റെ പ്രചാരണം. ഇതു ചൂടുപിടിച്ചുനിൽക്കെയാണ്, അതുവരെ ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഇടപെടുകയോ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയോ ചെയ്യാതിരുന്ന ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാന്റെ കൗണ്ടർ അറ്റാക്ക്. ലെ പെന്നിനെ പോലെ ഒരാൾ പ്രസിഡന്റാവരുതെന്നും അധികാരത്തിൽവരുന്നത് തടയാൻ സാധ്യമായ എല്ലാം ചെയ്യണമെന്നുമായിരുന്നു സിദാന്റെ പ്രസ്താവന. ലെ പെന്നിന്റെ പ്രതിയോഗികളുടെ പ്രസ്താവനകളെക്കാളും സിദാന്റെ മൂർച്ചയേറിയ രാഷ്ട്രീയ പ്രസ്താവനക്ക് വലിയ കവറേജ് ലഭിച്ചു. തെരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ടുകൾ നേടി ഇമ്മാനുവൽ മാക്രോൺ വിജയിച്ചതിന് പിന്നിൽ സിദാന്റെ അപ്രതീക്ഷിത 'അസിസ്റ്റ്' കാരണമായിട്ടുണ്ടെന്നാണ് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. യൂറോപ്പിലെ വൻശക്തിയായ ഫ്രാൻസിന് കുടിയേറ്റക്കാരെ മാറ്റിനിർത്തിയുള്ള ഒരു നയം സ്വീകാര്യമാവില്ല. കാരണം യൂറോപ്പിലെ ഏറ്റവും വലിയ ബഹുസ്വരസമൂഹമുള്ളത് ഫ്രാൻസിലാണ്. 50 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ ജനസംഖ്യയിൽ നാലാമതാണ് ഫ്രാൻസ്.
എന്നാൽ നാഷനൽ റാലിയെന്ന വംശീയ സ്വഭാവമുള്ള തീവ്ര ദേശീയവാദികളുടെ നേതാവായ ലെ പെൻ ആദ്യം 2012ലും പിന്നീട് 2017ലും അതുകഴിഞ്ഞ് ഇപ്പോഴും പരാജയപ്പെട്ടെങ്കിലും അവരുടെ വർധിച്ചുവരുന്ന സ്വീകാര്യത ചർച്ചയാക്കാതെ വയ്യ. 2012ൽ 17.90 ശതമാനം വോട്ടുകളാണ് ലെ പെൻ ആദ്യവട്ടത്തിൽ നേടിയത്. ഫ്രാൻസോ ഒളാന്ദിനും (28) നിക്കോളാസ് സർകോസിക്കും (27) പിന്നിൽ മൂന്നാമതെത്താനും ലെ പെന്നിന് കഴിഞ്ഞു. പത്തു പേരാണ് അന്ന് മത്സര രംഗത്തുണ്ടായിരുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ 11 പേരാണ് ആദ്യവട്ടത്തിൽ മത്സരിച്ചത്. അതിൽ 24 ശതമാനം വോട്ടുകൾ മാക്രോണ് ലഭിച്ചപ്പോൾ 21 ശതമാനം ലെ പെൻ നേടി. രണ്ടാംവട്ടത്തിൽ ഇതു യഥാക്രമം 66 ഉം 33 ആയി. അതായത് 33 ശതമാനം വോട്ടുകളുടെ വ്യത്യാസം. 1.06 കോടി വോട്ടുകൾ ലെ പെന്നിന് ലഭിച്ചു. അതിന്റെ ഇരട്ടിയിലേറെ (2.07 കോടി) വോട്ടുകൾ മാക്രോണും ലഭിച്ചു. 2022ലാവട്ടെ 58 ശതമാനം മാക്രോണും 42 ശതമാനം ലെ പെന്നും നേടി. അതായത് അഞ്ചുവർഷം കഴിഞ്ഞപ്പോഴേക്കും 33 ശതമാനം വോട്ടുകളുടെ വ്യത്യാസം 16 ശതമാനമായി കുറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ 55 ലക്ഷം വോട്ടുകളാണ് മാക്രോണും ലെ പെന്നും തമ്മിലുള്ള വ്യത്യാസം. ചുരുക്കത്തിൽ ഫ്രഞ്ച് തെരഞ്ഞെടുപ്പുഫലം ജനാധിപത്യ വിശ്വാസികൾക്ക് ആശ്വസിക്കാൻ വകനൽകുന്നതല്ല. ലെ പെന്നിന്റെ കുടിയേറ്റ, ന്യൂനപക്ഷവിരുദ്ധ വംശീയ നിലപാട് ജനങ്ങൾ തള്ളിക്കളഞ്ഞു എന്നു തന്നെയാണ് ഫലം തെളിയിക്കുന്നത്. എങ്കിലും ഫ്രാൻസ് പോലൊരു രാജ്യത്ത് അവർക്ക് ലഭിച്ചുവരുന്ന സ്വീകാര്യത വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് വിധേയമാവും.
യൂറോപ്പിലെ വൻശക്തികളിലൊന്നായ ഫ്രാൻസിലെ തെരഞ്ഞെടുപ്പുഫലം ഭൂഖണ്ഡത്തിൽ മൊത്തത്തിലും വൻ പ്രാധാന്യമുണ്ട്. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിട്ടശേഷമുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും. കാരണം യൂറോപ്യൻ യൂനിയൻ എന്ന സംവിധാനത്തോടും നാറ്റോ സഖ്യത്തോടും താൽപ്പര്യമില്ലാത്ത വ്യക്തിയാണ് ലെ പെൻ. മാത്രമല്ല, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അടുപ്പം കാണിക്കുന്ന അപൂർവം യൂറോപ്യൻ നേതാവ് കൂടിയാണ് അവർ. അതിനാൽ തെരഞ്ഞെടുപ്പിൽ ലെ പെന്നിന്റെ പുടിൻ സൗഹൃദവും വിഷയമായത് മാക്രോണിന് അനുകൂലമായി. തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യതയിൽ എത്തിനിൽക്കുമ്പോഴായിരുന്നു ഉക്രൈനിലെ റഷ്യൻ അധിനിവേശം. സ്വാഭാവികമായും അത് വലിയ പ്രചാരണ വിഷയമായി.
തെരഞ്ഞെടുപ്പ് ഫലത്തോടുള്ള യൂറോപ്പിന്റെ പ്രതികരണത്തിൽനിന്നുതന്നെ അവർ ലെ പെന്നിന്റെ വരവിനെ ഭയക്കുന്നു എന്ന് വ്യക്തമാണ്. വിജയത്തെ യൂറോപ്യൻ യൂനിയൻ സ്വാഗതംചെയ്തു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് വ്യക്തമായ പ്രതികരണം നടത്തി. ജനാധിപത്യം വിജയിച്ചു, യൂറോപ്പ് ജയിച്ചു എന്നായിരുന്നു സാഞ്ചെസിന്റെ പ്രതികരണം. എല്ലാ യൂറോപ്പിനും ശുഭവാർത്തയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും പറഞ്ഞു.
ഫ്രാൻസിന്റെ ഔദ്യോഗിക മുദ്രാവാക്യം സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നതാണ്. ഈ മുദ്രാവാക്യത്തോട് നീതിപുലർത്തിയാണ് ഇതുവരെയുള്ള ഫ്രഞ്ച് ഭരണാധികാരികൾ മുന്നോട്ടുപോയത്. അവർക്ക് കുടിയേറ്റക്കാരെ ഒരു സുപ്രഭാതത്തിൽ അടിച്ചോടിക്കാനാവില്ല. ഫ്രഞ്ച് ജനതയുടെ 9.1 ശതമാനവും കുടിയേറ്റക്കാരാണ്. യൂറോപ്പിലെ ഫുട്‌ബോൾ രാജാക്കൻമാരായ ഫ്രാൻസിന് ലോകകപ്പ് സ്വപ്‌നം കാണാൻ പഠിപ്പിച്ചതും അത് യാഥാർഥ്യമാക്കിയതും കുടിയേറ്റക്കാരാണ്. അൽജീരിയയിലെ ആഭ്യന്തരയുദ്ധത്തിൽനിന്ന് രക്ഷപ്പെട്ട് ഫ്രാൻസിലെത്തിയ ഇസ്മാഈൽ - മാലിക ദമ്പതികളുടെ മകനായ സിനദിൻ സിദാൻ 1998ലെ കലാശക്കളിയിൽ ബ്രസീൽ വലയിൽ രണ്ട് വെടിയുണ്ടകൾ നിക്ഷേപിച്ച് അത് ആദ്യം സാക്ഷാത്കരിച്ചു. 2018ലെ അവസാന ലോകകപ്പിലും നേട്ടം ഫ്രാൻസ് ആവർത്തിച്ചു. റഷ്യയിൽ നടന്ന ലോകകപ്പിൽ ഫ്രഞ്ച് കുപ്പായമിട്ട 23 അംഗ സ്‌ക്വാഡിൽ 19 പേരും കുടിയേറ്റക്കാരോ അവരുടെ മക്കളോ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."