റോഹിങ്ക്യൻ ക്യാമ്പിലെ തീപിടുത്തം: 12,000ത്തോളം അഭയാർത്ഥികളുടെ വീടുകൾ നശിച്ചു, എന്ത് ചെയ്യണമെന്നറിയാതെ അഭയാർത്ഥികൾ
ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറിൽ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിൽ എല്ലാം നഷ്ടമായത് 12,000ത്തോളം അഭയാർത്ഥികൾക്ക്. 2000ത്തിലേറെ മുളയും ടാർപായയും കൊണ്ട് നിർമിച്ച വീടുകളാണ് തീപിടിത്തത്തിൽ പൂർണമായി കത്തിനശിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.45നാണ് അപകടമുണ്ടായത്. അഭയാർത്ഥിയായി കഴിഞ്ഞിരുന്നവരുടെ അവസാന അഭയ കേന്ദ്രമാണ് കത്തിനശിച്ചത്.
അപകടത്തിൽ ആളപായമില്ല. ആളുകൾ പുറത്തിറങ്ങിയതിനാൽ അപകടം പറ്റാതെ രക്ഷപ്പെടുകയായിരുന്നു. വീടുകളിലെ പാചകവാതക സിലിണ്ടറുകൾ ഒന്നൊന്നായി പൊട്ടിത്തെറിച്ചാണ് തീപടർന്നത്. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ് കോക്സ് ബസാറിലേത് എന്നാണ് കരുതുന്നത്. മ്യാന്മറിൽ സർക്കാരിന്റെ പീഡനം സഹിക്കാതെ അഭയം തേടിയെത്തിയ റോഹിങ്ക്യകളാണ് ഇവിടെ കഴിയുന്നത്.
പത്തു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പിലെ തീപിടുത്തത്തിൽ വീടുകൾക്ക് പുറമെ 35 മസ്ജിദുകളും 21 പഠനകേന്ദ്രങ്ങളും നശിച്ചിട്ടുണ്ട്. വീടുകളും രേഖകളും നഷ്ടമായതോടെ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കഷ്ടപ്പെടുകയാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ.
റോഹിങ്ക്യൻ ക്യാമ്പിൽ ഇതിനു മുൻപും നൂറുകണക്കിന് തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021, 2022 വർഷങ്ങളിലായി 222 തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 60 എണ്ണം തീവെച്ചതായിരുന്നുവെന്ന് ബംഗ്ലാദേശ് പ്രതിരോധമന്ത്രാലയം കഴിഞ്ഞമാസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."