അബ്ദുറഹീം മോചനം: ഇനി മുന്നിലുള്ളത് എണ്ണപ്പെട്ട ദിവസം, കാലാവധി നീട്ടിക്കിട്ടാന്‍ ശ്രമം, കൈകോര്‍ത്ത് നാടും നഗരവും പ്രവാസലോകവും
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് 1.5 കോടി സഊദി റിയാല്‍ (34 കോടി ഇന്ത്യന്‍ രൂപ) നല്‍കേണ്ട കാലാവധി നീട്ടിക്കിട്ടാന്‍ ശ്രമം തുടങ്ങി. ഇതിനുള്ള സാധ്യത തേടി റിയാദ് റഹീം സഹായസമിതി ഇന്ത്യന്‍ എംബസിയെ സമീപിച്ചു ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വെറും എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. 34 കോടിയെന്ന ഭീമമായ തുക ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് അവധി നീട്ടി കിട്ടാനുള്ള സാധ്യതകള്‍ തേടി, എംബസിയുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിയമ സഹായ സമിതി എംബസിയെ സമീപിച്ചത്.
പക്ഷേ, ദിയാധനം എന്നത് കുടുംബത്തിന്റെ വ്യക്തിപരമായ അവകാശമായതിനാല്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് കൂടിക്കാഴ്ചയില്‍ എംബസി ഉദ്യോഗസ്ഥര്‍ സഹായ സമിതിയെ അറിയിച്ചിരിക്കുന്നത്. എങ്കിലും സാധ്യമായ പിന്തുണ നല്‍കാമെന്ന് എംബസി അറിയിച്ചിട്ടുണ്ടെങ്കിലും ദിയാധനത്തിന്റെ കാര്യത്തില്‍ പൂര്‍ണമായ ഉറപ്പ് എംബസിക്ക് നല്‍കാനാകില്ല. സ്വകാര്യ അവകാശത്തിന്റെ കാര്യത്തില്‍ വാദി ഭാഗത്തിന്റെ തീരുമാനമാണ് അന്തിമമെന്നതിനാല്‍ അതില്‍ മൂന്നാമതൊരു ഏജന്‍സിക്ക് ഇടപെടാന്‍ നിയമപരമായി കഴിയില്ല എന്നതാണ് പരിമിതി. അറ്റോര്‍ണിയുമായി ബന്ധപ്പെട്ട് നിലവില്‍ സമാഹരിച്ച തുകയുടെ കണക്ക് അറിയിക്കാനും ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു തീയതി നല്‍കി സാഹചര്യം ബോധ്യപ്പെടുത്താനും എംബസി സമിതിക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത് തന്നെ അറ്റോര്‍ണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാദി ഭാഗത്തിന്റെ വക്കീല്‍ വഴി കോടതിയില്‍ ഇതുവരെയുള്ള പുരോഗതി അറിയിക്കാനും തീരുമാനമുണ്ട്. തുടക്കം മുതല്‍ കേസില്‍ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടുന്ന ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി സഊദി കുടുംബത്തിന്റെ വക്കീലുമായി സംസാരിക്കുകയും കൂടിക്കാഴ്ചയ്ക്ക് അവസരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ദിയാധനം സമാഹരിക്കാന്‍ സഊദി അറേബ്യയില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനായുള്ള ശ്രമം എംബസി തുടരുന്നുണ്ട്. വൈകാതെ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്യുണിറ്റി വെല്‍ഫെയര്‍ വിഭാഗം സെക്കന്‍ഡ് സെക്രട്ടറി മോയിന്‍ അക്തര്‍ പറഞ്ഞു. മോയിന്‍ അക്തര്‍, തര്‍ഹീല്‍ സെക്ഷന്‍ ഓഫിസര്‍ രാജീവ് സിക്കരി, യൂസഫ് കാക്കഞ്ചേരി എന്നിവര്‍ എംബസിയുടെ ഭാഗത്ത് നിന്നും മുനീബ് പാഴൂര്‍, സെബിന്‍ ഇഖ്ബാല്‍, സിദ്ധിഖ് തുവ്വൂര്‍, കുഞ്ഞോയി, സഹീര്‍ മൊഹിയുദ്ധീന്‍ എന്നിവര്‍ സഹായ സമിതിയുടെ ഭാഗത്ത് നിന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വ്യാഴാഴ്ച വൈകീട്ട് വരെ 22 കോടിയോളം രൂപയാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. വരും ദിവസങ്ങളില്‍ ബാക്കി തുക കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സഊദിയില്‍ അക്കൗണ്ട് തുറക്കാന്‍ അനുമതി ലഭിച്ചാല്‍ അതിവേഗം തന്നെ ഫണ്ട് സമാഹരിച്ചു റഹീമിനെ മോചിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹീം സഹായസമിതി അറിയിച്ചു.
ഏപ്രില്‍ 16നകം 34 കോടി രൂപയാണ് റഹീമിനായി നല്‍കേണ്ടത്. ഭീമമായ ഈ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അബ്ദുറഹീമിന്റെ കുടുംബവും നാട്ടുകാരും. അബ്ദുറഹീമിനായി കൈകോര്‍ത്ത് നാടും നഗരവും പ്രവാസ ലോകവും പെരുന്നാള്‍ ദിനത്തിലും പണം സ്വരൂപിക്കാന്‍ പ്രത്യേക കലക്ഷനുമായി സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."