പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് പാത; ത്രീ എ വിജ്ഞാപനം ഉടൻ
ഫൈസൽ കോങ്ങാട്
പാലക്കാട്
ഭാരത് മാല പദ്ധതിപ്രകാരം നിർമ്മിക്കുന്ന നിർദിഷ്ട കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായുള്ള ത്രീ എ വിജ്ഞാപനം ഉടൻ ഇറങ്ങും. പദ്ധതിയ്ക്കായി ആകെ 547.41 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തതോടെ നിലവിലെ എറണാകുളം-സേലം, പനവേൽ- കന്യാകുമാരി ദേശീയപാതകളെ ബന്ധിപ്പിച്ചാണ് പുതിയ ഗ്രീൻഫീൽഡ് പാത നിർമിക്കുന്നത്. 45 മീറ്ററിൽ നിർമിക്കുന്ന പുതിയ ആറുവരി പാത ജില്ലയിലെ അവികസിത മേഖലയിലൂടെയാണ് കടന്നു പോകുക. നിർദിഷ്ട പാതയിൽ രണ്ട് റെയിൽവേ മേൽപാലങ്ങളും നിലവിലെ റോഡിനെ ബന്ധിപ്പിച്ച് അടിപാതകളും മേൽപാതകളും ഇരുവശത്തുമായി സർവിസ് റോഡുകളും ഉണ്ടാകും. ഗ്രീൻഫീൽഡ് പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി സാധ്യതാ പഠനത്തിന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.പി.എഫ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചിരുന്നു. ഇവരുടെ പഠന റിപ്പോർട്ട് ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി കലക്ടർമാർക്ക് നൽകിയിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയ്ക്കുള്ള നഷ്ടപരിഹാരത്തിൽ 25 ശതമാനം സംസ്ഥാന സർക്കാരും ബാക്കിതുക ദേശീയപാത അതോറിറ്റിയുമാണ് വഹിക്കുന്നത്. ഗ്രീൻഫീൽഡ് പാതയ്ക്കായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് ദേശീയപാത അതോറിറ്റിയ്ക്ക് കൺസൾട്ടൻസി കമ്പനി നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് പ്രദേശത്ത് ഫീൽഡ് സർവേ നടത്തി ഏറ്റെടുക്കേണ്ട ഭൂമി അടയാളപ്പെടുത്തും. ഇതിനുശേഷമാകും അലൈൻമെന്റിൽ അന്തിമ വിജ്ഞാപനം. 3 ഡി അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷമാകും ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം നൽകുക.
ഭൂമിയുടെ അടിസ്ഥാന വിലയെ ഗുണനഘടകം കൊണ്ടു ഗുണിച്ചാണ് നഷ്ടപരിഹാരതുക കണക്കാക്കുക. നഗരസഭാ അതിർത്തിയിൽ നിന്നുള്ള ദൂരമനുസരിച്ച് ഗ്രാമങ്ങളിൽ 1.2 മുതൽ രണ്ട് വരെയാകും ഗുണനഘടകം. ഒരുവർഷത്തിന് ശേഷമാണ് ഏറ്റെടുത്ത ഭൂമിയ്ക്ക് നഷ്ടപരിഹാരം നൽകുന്നതെങ്കിൽ അടിസ്ഥാന നിരക്കിനൊപ്പം 12 ശതമാനം കൂടി അധികമായി നൽകും. ഭൂമി, കെട്ടിടങ്ങൾ ഉൾപെടെയുള്ള എല്ലാ നിർമിതികൾ, കാർഷികവിളകൾ, മരങ്ങൾ എന്നിവയ്ക്ക് പ്രത്യേകമായാണ് നഷ്ടപരിഹാരം നൽകുക. കൂടാതെ സമാശ്വാസമായി ഇതിന്റെ ഇരട്ടിതുകയും നൽകും. പദ്ധതിയ്ക്കായി ഭൂമി നൽകുന്നവർക്ക് നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസത്തിനും അർഹതയുണ്ടാകും. വീട് നഷ്ടപ്പെടുന്നവർക്ക് 2.86 ലക്ഷവും വ്യാപാര സ്ഥാപനങ്ങൾക്ക് 75,000 രൂപയും കാലിത്തൊഴുത്തിനും പെട്ടിക്കടകൾക്കും 25,000 രൂപയും പുനരധിവാസത്തിന് അധികമായി അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."