ഹിന്ദുവിന് ബുദ്ധമതത്തിലേക്ക് മാറാന്‍ മുന്‍കൂര്‍ അനുമതി വേണം: ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്ക് മാറണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്ന് ചൂണ്ടിക്കാട്ടി 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഈ മാസം എട്ടിനാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. ബുദ്ധമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകളില്‍ തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സര്‍ക്കാരിന്റെ വിശദീകരണം. ഡെപ്യൂട്ടി സെക്രട്ടറിയായ വിജയ് ബത്തേക്കയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തെ ജില്ലാ മജിസ്‌ട്രേറ്റുകളുടെ ഓഫിസുകള്‍ ഏകപക്ഷീയമായി വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്ക് മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നില്ല. ചിലപ്പോള്‍, ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്കുള്ള മതപരിവര്‍ത്തനത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മറുപടി ലഭിക്കുന്നുമുണ്ട്. നിയമ വ്യവസ്ഥകളെക്കുറിച്ച് വേണ്ടത്ര പഠിക്കാതെ മതപരിവര്‍ത്തനം പോലുള്ള വൈകാരിക വിഷയങ്ങളില്‍ അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടികള്‍ കോടതി നടപടികളിലേക്ക് വളിച്ചിഴക്കപ്പെടാന്‍ കാരണമാകുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, സിഖ്, ജൈന മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് നിശ്ചിത മാതൃകയില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. നിയമപരമായ വ്യവസ്ഥകള്‍ വിശദമായി പഠിച്ചതിന് ശേഷം മതപരിവര്‍ത്തനം സംബന്ധിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വ്യാപക ആക്ഷേപമുള്ള ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ വിശദീകരണമെന്നും പറഞ്ഞാണ് സര്‍ക്കുലര്‍ അവസാനിപ്പിക്കുന്നത്.
ദസറ പോലുള്ള ആഘോഷങ്ങളോടനുബന്ധിച്ച് ദലിതര്‍ ബുദ്ധമതത്തിലേക്ക് കൂട്ടമായി മതപരിവര്‍ത്തനം ചെയ്യാറുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ അഹമ്മദാബാദില്‍ മാത്രം 400 ഓളം ദലിതരാണ് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചത്. തൊട്ടുമുമ്പുള്ള ഒക്ടോബറില്‍ 900 പേരും അഹമ്മദാബാദില്‍ ജൈനമതം സ്വീകരിച്ചു. ദസറയോടനുബന്ധിച്ച് അംബേദ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി ബുദ്ധമത ഗ്രൂപ്പുകള്‍ ദലിതര്‍ക്കായി കൂട്ട മതപരിവര്‍ത്തന ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."