കെ.എസ്.ആര്‍.ടി.സിയ്ക്ക് നേരെ 'പടയപ്പ' യുടെ ആക്രമണം; ചില്ല് തകര്‍ത്തു, ശ്വാസമടക്കിപ്പിടിച്ചിരുന്ന് യാത്രക്കാര്‍
മൂന്നാര്‍: കെ.എസ്.ആര്‍.ടി.സി ബസിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. മൂന്നാര്‍ ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ രാജമലയ്ക്ക് സമീപം നയമക്കാട് എസ്റ്റേറ്റില്‍ വച്ചാണ് കെഎസ്ആര്‍ടിസി ബസിനെ 'പടയപ്പ' യെന്ന കാട്ടാന തടഞ്ഞത്. ശനിയാഴ്ച്ച രാത്രി 11.30ന് ആണ് സംഭവം.
നാല്‍പ്പതോളം യാത്രക്കാര്‍ അരമണിക്കൂറോളം ശ്വാസമടക്കി ഇരുന്നു. ബസ് പഴനിയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. ബസിനുനേരെ വന്ന കാട്ടാന വശത്തെ ചില്ല് തകര്‍ത്തു.
ഗ്ലാസ് തകര്‍ത്ത ശേഷം ആന പിന്തിരിഞ്ഞു പോയതോടെയാണ് യാത്രക്കാര്‍ക്ക് ശ്വാസം നേരെ വീണത്. ചില്ല് തകര്‍ന്നതോടെ യാത്ര തുടരാന്‍ ആവാത്തതിനാല്‍ സര്‍വീസ് ഇന്നത്തേക്ക് ഉപേക്ഷിച്ചു. ബസിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരുക്കില്ല.
രണ്ടുദിവസം മുമ്പും കെഎസ്ആര്‍ടിസി ബസിന് നേരെ പടയപ്പ ആക്രമണം നടത്തിയിരുന്നു. മൂന്നാറില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റിന് നേരെയാണ് അക്രമണമുണ്ടായത്. ബസിന് നേരെ പാഞ്ഞടുത്ത ആന മുന്‍ഭാഗത്തേ ചില്ലുകള്‍ തകര്‍ത്തു.
മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റിന് സമീപത്തായിരുന്നു പടയപ്പയുടെ ആക്രമണം. ഡ്രൈവറുടെ സംയമനത്തോടെയുളള ഇടപെടല്‍ യാത്രക്കാരെ രക്ഷിക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."