സ്വകാര്യ വിമാനത്താവളങ്ങളുടെ വരുമാനവിഹിതം ആവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ
ന്യൂഡൽഹി
സ്വകാര്യവൽക്കരിച്ച വിമാനത്താവളങ്ങളിൽ നിന്ന് റവന്യൂ വരുമാനം ആവശ്യപ്പെടുന്ന തമിഴ്‌നാട് സർക്കാരിന്റെ നയത്തെ പിന്തുണച്ച് ജാർഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളും. സംസ്ഥാന സർക്കാർ വിട്ടുനൽകിയ ഭൂമിയിലാണ് സ്വകാര്യ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. നേരത്തെ കേന്ദ്ര സർക്കാരിന് വേണ്ടിയാണ് ഭൂമി വിട്ടുനൽകിയിരുന്നത്. ഇത് സ്വകാര്യവൽക്കരിച്ചതോടെ റവന്യൂ വരുമാനം വേണമെന്നാണ് ഡി.എം.കെ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാരും ജെ.എം.എം ഭരിക്കുന്ന ജാർഖണ്ഡും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറിയ ഭൂമിയിലാണ് സ്വകാര്യ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. ഇതിനു പകരം തുക സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ല. അതിനാൽ വരുമാനത്തിൽനിന്ന് പങ്ക് സംസ്ഥാന സർക്കാരിന് വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യത്തെ 13 വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റി സ്വകാര്യവൽക്കരിച്ചിരുന്നു. ഇതിൽ തമിഴ്‌നാട്ടിലെ തിരുച്ചിയും ഛത്തീസ്ഗഢിലെ റായ്പൂരും ഉൾപ്പെട്ടിരുന്നു. ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായാണ് 25 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്. ഇതിൽ കേരളത്തിലെ കോഴിക്കോട് വിമാനത്താവളവും ഉൾപ്പെടും. എന്നാൽ കേരള സർക്കാർ കേന്ദ്രത്തോട് വരുമാനവിഹിതം ചോദിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."