ഉക്രൈന് കൂടുതൽ ആയുധങ്ങളും ധനസഹായവും നൽകും
കീവ്
റഷ്യൻ അധിനിവേശത്തിൽ തകർന്നുകൊണ്ടിരിക്കുന്ന ഉക്രൈന് യു.എസ് അധിക ആയുധങ്ങളും ധനസഹായവും വാഗ്ദാനം ചെയ്തു. ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കിയുമായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തിയ ചർച്ചയിലാണിത്. 33 കോടി യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചത്.
ഉക്രൈൻ നഗരങ്ങളിൽ കടുത്ത പ്രതിരോധം നേരിട്ടതോടെ റഷ്യൻ സൈന്യത്തിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും വിജയം ഉറപ്പാണെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. റഷ്യൻ അധിനിവേശത്തെ ചെറുത്തുനിൽക്കുന്ന ഉക്രൈൻ സൈനികരോട് ഐക്യദാർഢ്യം അറിയിക്കാനാണ് ഇവിടെയെത്തിയത്. ഉക്രൈനിന്റെ പരമാധികാരം കവർന്നെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ലക്ഷ്യം പൂർത്തീകരിക്കാൻ റഷ്യൻ സൈന്യത്തിനായില്ല. യൂറോപ്യൻ യൂനിയനും യു.എസും റഷ്യയ്‌ക്കെതിരേ ഏർപ്പെടുത്തിയ ഉപരോധം ഫലംകണ്ടുവെന്നും അവസാനം വരെ കൂടെയുണ്ടാവുമെന്നും ബ്ലിങ്കൻ അറിയിച്ചു. വിദേശരാഷ്ട്രങ്ങളുടെ പിന്തുണയും ആയുധങ്ങളും ലഭ്യമായാൽ ഉക്രൈന് വിജയം നേടാൻ കഴിയുമെന്ന് ഓസ്റ്റിൻ പറഞ്ഞു.
ചർച്ചയിൽ കൃത്യമായ ഉറപ്പുകളും റഷ്യയെ ചെറുത്തുനിൽക്കാൻ ആയുധങ്ങളുമാണ് പ്രതീക്ഷിക്കുന്നതെന്ന് സെലെൻസ്‌കി യു.എസ് നേതാക്കളെ അറിയിച്ചു. രണ്ടാഴ്ചയിലേറെയായി തുടർന്നുവരുന്ന റഷ്യൻ അധിനിവേശത്തിനിടെ ഇതാദ്യമായാണ് ഉന്നത യു.എസ് നേതാക്കൾ ഉക്രൈൻ സന്ദർശിക്കുന്നതും സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നതും.
അതേസമയം, യു.എസ് നേതാക്കളുമായി സെലൻസ്‌കി ചർച്ചനടത്തുമ്പോഴും ഉക്രൈനിൽ റഷ്യ ആക്രമണം തുടർന്നു. കരിങ്കടലിൽ റഷ്യ എട്ട് യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഒരേസമയം 58 മിസൈലുകൾ വരെ വിക്ഷേപിക്കാൻ ശേഷിയുള്ളവയാണിവ. ഉക്രൈൻ ആക്രമണത്തിൽ റഷ്യയുടെ അഭിമാനമായ മോസ്‌ക്വ യുദ്ധക്കപ്പൽ തകർന്നതിന് പിന്നാലെയാണ് പുതിയ നടപടികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."