കശ്മിരിലെ 370ാം വകുപ്പ്; വേനലവധിക്ക് ശേഷം വാദംകേൾക്കാമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി
കശ്മിരിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരായ ഹരജികളിൽ വാദംകേൾക്കുന്നത് വേഗത്തിലാക്കാമെന്ന് സുപ്രിംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട വിഷയമാണെന്നും ഇക്കാര്യം വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. മെയ് 23 മുതൽ ജൂലൈ 9 വരെയാണ് സുപ്രിംകോടതിയുടെ വേനവധി വരുന്നത്. കശ്മിരിൽ മണ്ഡല പുനർനിർണയം നടക്കുന്ന സാഹചര്യത്തിൽ 370ാം വകുപ്പുമായി ബന്ധപ്പെട്ട ഹരജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ശേഖർ നഫാദെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടത്.
കേസ് അടുത്തയാഴ്ച തന്നെ പരിഗണിക്കണമെന്നും സാധ്യമല്ലെങ്കിൽ വേനലവധിക്ക് ശേഷത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നും നഫാദെ ആവശ്യപ്പെട്ടു.
ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളുടെ കാര്യത്തിൽ സന്തുലിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനാൽ വേനലവധി വരെ സമയം വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 370ാം വകുപ്പ് പിൻവലിച്ചതിനെ ചോദ്യംചെയ്ത് 20ലധികം ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. കേസ് പരിഗണിക്കാൻ അഞ്ചംഗ ബെഞ്ചിന് 2019ലാണ് സുപ്രിംകോടതി രൂപംനൽകിയത്.
ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ എസ്. കൗൾ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.
ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി വിരമിച്ചു. പകരം ഒരാളെ ഉൾപ്പെടുത്തണം. കേസ് പരിഗണിക്കേണ്ടത് ഏഴംഗ ബെഞ്ചാണെന്ന ആവശ്യവും കോടതി മുമ്പാകെ ഉയർന്നു. അത് തീർപ്പാക്കിയെങ്കിലും 2020 മാർച്ച് 2ന് ശേഷം ബെഞ്ച് വിഷയം പരിഗണിച്ചിട്ടില്ല.
2019 ആഗസ്തിലാണ് 370ാം വകുപ്പ് റദ്ദാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."