'വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ വാഴുന്നു, എതിര്‍ക്കുന്നവര്‍ വേട്ടയാടപ്പെടുന്നു; വിശ്വാസത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ വേര്‍തിരിക്കപ്പെടുന്നു' കപില്‍ സിബല്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എം. പി കപില്‍ സിബല്‍. പുതുതായി രൂപീകരിച്ച് 'ഇന്‍സാഫ്' എന്ന സംഘടനയെ കുറിച്ച് വിശദീകരിക്കവേയാണ് കപില്‍ സിബലിന്റെ പരാമര്‍ശം.
രാജ്യത്ത് ജനങ്ങള്‍ക്കും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കും എതിരായ ആക്രമണങ്ങള്‍ ഉയരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസില്ല. പകരം കേന്ദ്ര സര്‍ക്കാരിനോ ബി.ജെ.പിക്കോ എതിരെ ന്യായമായ വിമര്‍ശനങ്ങള്‍ ഉന്നയിരിക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. പ്രതിപക്ഷ സര്‍ക്കാരുകളെയും, പാര്‍ട്ടികളെയും, ജനങ്ങളെയും, അങ്ങനെ തങ്ങളെ എതിര്‍ക്കുന്ന എല്ലാവരെയും ഭയപ്പെടുത്തുക എന്നതാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാഷ്ട്രീയമായും, സാമ്പത്തികമായും, സാമൂഹികമായും തങ്ങളെ എതിര്‍ക്കുന്നവരെ വേട്ടയാടുക എന്നതാണ് ഭരണകക്ഷിയുടെ ഉദ്ദേശം. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കുക എന്നതിലുപരി പ്രതിപക്ഷ സര്‍ക്കാരുകളെ നിലതെറ്റിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എതിര്‍ക്കുന്നവരുടെ മനസിലേക്ക് ഭയം കുത്തിനിറയ്ക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
എതിര്‍ക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ നിങ്ങള്‍ക്ക് നേരെയും തിരിയും എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. രാജ്യത്ത് നടന്ന 95 ശതമാനം ഇ. ഡി പരിശോധനകളും പ്രതിപക്ഷത്തിന് നേരെയാണ്. ബി.ജെ.പി മഞ്ഞുപോലെ വെളുത്തതൊന്നും അല്ലല്ലോ. ഇത് രാഷ്ട്രീയ അനീതിയാണ്.
ഇടുന്ന വസ്ത്രത്തിന്റെ പേരില്‍ പോലും ജനങ്ങളെ വേര്‍തിരിച്ചു കാണുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്,' കപില്‍ സിബല്‍ പറയുന്നു. ശാരീരിക അക്രമണങ്ങള്‍ക്ക് പുറമെ സാധാരണക്കാരായ ജനങ്ങളെ വാക്കുകള്‍ കൊണ്ടും, വിദ്വേഷ പ്രചാരണങ്ങള്‍ കൊണ്ടും ഈ സര്‍ക്കാരും അവരുടെ പാര്‍ട്ടിയും വേട്ടയാടുകയാണ്. പിടിക്കപ്പെടില്ലെന്നും, ശിക്ഷയനുഭവിക്കേണ്ടി വരില്ലെന്നും ഉറപ്പുള്ളതിന്റെ ബലത്തില്‍ തന്നെയാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ ബി.ജെ.പിയും ബജ്‌റംഗ് ദളും ഒക്കെ പടച്ചുവിടുന്നത്.
അതിനി അവര്‍ വിചാരണ നേരിടേണ്ട കുറ്റം ചെയ്താലും അവര്‍ക്കെതിരെ ആരും കേസെടുക്കില്ലെന്ന് ഈ വിദ്വേഷ പ്രചാരകര്‍ക്ക് അറിയാം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെതിരെ ആരെങ്കിലും ന്യായമായ വിമര്‍ശനം ഉന്നയിച്ചാല്‍, പിന്നീട് അവനു പിന്നാലെ വരുന്നത് ഇ. ഡിയും മറ്റു കേസുകളും ആയിരിക്കും. ഇതില്‍ അധ്യാപകരും, വിദ്യാര്‍ത്ഥികളും, പ്രതിപക്ഷവും, മാധ്യമപ്രവര്‍ത്തരും എല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇത് സാമൂഹിക അനീതിയാണ്. ദലിതര്‍ മതന്യൂനവപക്ഷങ്ങള്‍ എന്നിവരാണ് ആത്യന്തികമായി ഇവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ നിങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ വസ്ത്രത്തിന്റെ പേരില്‍ നിങ്ങള്‍ ഏത് സമുദായത്തില്‍ പെടുന്നു എന്നതിന്റെ പേരില്‍ നിങ്ങള്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ ഭരണഘടനാ ഘടനയുടെ അടിസ്ഥാനം നീതിയാണ് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും. ഇതാണോ സാമൂഹിക നീതി, ഇതാണോ രാഷ്ട്രീയ നീതി- അദ്ദേഹം ചോദിച്ചു.
ഇനി സാമ്പത്തിക രംഗത്തേക്ക് വന്നാല്‍ അത് അതിനേക്കാള്‍ മോശമാണ്. ദാരിദ്ര്യം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. രാജ്യത്ത് 350 ദശലക്ഷം ആളുകള്‍ ദാരിദ്യം അനുഭവിക്കുന്നുണ്ടെന്നും 2018 ന് മുന്‍പ് ഇത് 180 ദശലക്ഷം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ക്രമാതീതമായി മാറിയിട്ടുണ്ട്. ഈ രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത്? 80 കോടി ജനങ്ങള്‍ ഇപ്പോഴും പ്രതിമാസം 5000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്നവരാണ്. അവരുടെ ഇടയിലേക്കാണ് സര്‍ക്കാര്‍ വിലക്കയറ്റവും, തൊഴിലില്ലായ്മയും എല്ലാം കൊണ്ടുവെക്കുന്നത്. ജനങ്ങള്‍ എങ്ങനെ ജീവിക്കും? ഇവര്‍ എന്തുചെയ്യണം?,' അദ്ദേഹം പറഞ്ഞു.
താന്‍ മുന്നോട്ട് വെക്കുന്ന 'ഇന്‍സാഫ്' നീതിക്കായുള്ള ജനങ്ങളുടെ മുന്നേറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയെ മതിയാകൂയെന്നും അത് മാത്രമാണ് തന്റെ പുതിയ സംരംഭമായ ഇന്‍സാഫ് കൊണ്ടു ഉദ്ദേശിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
'2014 മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനീതിക്കെതിരെ പോരാടുക എന്നതാണ് ഇന്‍സാഫിന്റെ മുഖ്യ അജണ്ട. 'അച്ചേ ദിന്‍ ആയെങ്കെ' എന്ന് പറഞ്ഞ ശേഷം അതിനെ കുറിച്ച് മറന്നുപോകുന്നത് പോലെയോ, 'അമൃത് കാല്‍ ആയേഗാ' എന്ന് പറഞ്ഞ് അത് വരുമോ എന്ന് പോലും ആര്‍ക്കും ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്ന പോലെയുള്ള കാര്യമല്ല ഇന്‍സാഫ് ഉദ്ദേശിക്കുന്നത്. സമൂഹത്തില്‍ ദൃശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ്, അനീതിക്കെതിരെ പോരാടാനാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ അജണ്ട മറ്റു പാര്‍ട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പാര്‍ട്ടികള്‍ ഇന്‍സാഫിന്റെ അജണ്ട പൂര്‍ണമായി പിന്തുണക്കണമെന്നില്ല. അതിന് നിര്‍ബന്ധിക്കില്ല. എല്ലാവരെയും ഒന്നിച്ചു ചേര്‍ക്കേണ്ട അജണ്ട അനീതിക്കെതിരെ പോരാടുക എന്നതായിരിക്കണം.
പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് തന്നെ മുന്നിട്ട് വരേണ്ടതില്ലെന്നും, ഐക്യത്തിന് ആര് മുന്‍കൈ എടുക്കുന്നു എന്നതല്ല മറിച്ച് പോരാടുന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും അജണ്ട രാജ്യത്തെ നശിപ്പിച്ച ദുഷ്ടശക്തികളെ തുടച്ചുനീക്കുക എന്നത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍സാഫ് രാഷ്ട്രീയ പാര്‍ട്ടിയാകില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."