ജെ.ഇ.ഇ അഡ്വാൻസ്ഡ് ഓഗസ്റ്റ് 28ന്
പാലക്കാട്ടെ ഉൾപ്പെടെ 23 ഐ.ഐ.ടികളിൽ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഓഗസ്റ്റ് 28നു നടക്കും. സെപ്റ്റംബർ 11നു ഫലം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഏഴിനു രാവിലെ 10 മുതൽ 11നു വൈകിട്ട് അഞ്ചു വരെ jeeadv.ac.in എന്ന വെബ്‌സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് ഓഗസ്റ്റ് 12നു വൈകിട്ട് അഞ്ചു വരെ അപേക്ഷാഫീസ് അടയ്ക്കാം. 2800 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാരും എല്ലാ വിഭാഗങ്ങളിലെയും പെൺകുട്ടികളും 1,400 രൂപയടച്ചാൽ മതി. ഇത്തവണ പരീക്ഷാ ചുമതല ഐ.ഐ.ടി ബോംബെയ്ക്കാണ്.
പ്രോഗ്രാമുകൾ
ബി.ടെക്/ബി.എസ് (നാലു വർഷം), ബി.ആർക് (അഞ്ചു വർഷം), ഡ്യുവൽ ബി.ടെക്, എം.ടെക് /ഡ്യുവൽ ബി.എസ്.എം.എസ് (അഞ്ചു വർഷം) ഇന്റഗ്രേറ്റഡ് എം.ടെക്/എം.എസ്.സി (അഞ്ചു വർഷം).
ചില ഐ.ഐ.ടികളിൽ ബി.ടെക്കിനോപ്പം മറ്റു വകുപ്പിലെ മാസ്റ്റർ ബിരുദവും നേടാവുന്ന ഡ്യുവൽ രീതിയുണ്ട്. ഓരോ ഐ.ഐ.ടിയിലെയും കഴിഞ്ഞ വർഷത്തെ പ്രോഗ്രാമുകൾ ഇനംതിരിച്ച് ബ്രോഷറിലെ മൂന്നാം അനുബന്ധത്തിലുണ്ട്.
ബംഗളൂരു ഐ.ഐ.എസ്.സി, തിരുവനന്തപുരം അടക്കം ഏഴു ഐസറുകൾ, തിരുവനന്തപുരം ഐ.ഐ.എസ്.ടി, റായ്ബറേലിയിലെയും വിശാഖപട്ടണത്തെയും പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനും ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോർ ഉപയോഗിക്കും.
യോഗ്യത
2022ലെ ജെ.ഇ.ഇ മെയിൻ ബി.ഇ/ബി.ടെക് പേപ്പറിൽ ഏറ്റവും മുകളിലെ 2,50,000 പേരിൽപ്പെടുക. (ജനറൽ, ജനറൽ സാമ്പത്തിക പിന്നാക്ക, പിന്നാക്ക, പട്ടികജാതി, പട്ടികവർഗ, വിഭാഗക്കാർക്ക് യഥാക്രമം 40.5/10/27/15/7.5 ശതമാനം സംവരണം. ഇവയിലോരോന്നിലും അഞ്ചു ശതമാനം ഭിന്നശേഷി വിഭാഗത്തിന്). ഓരോ സ്ഥാപനത്തിലും 20 ശതമാനം എങ്കിലും പെൺകുട്ടികൾ വരത്തക്കവിധം അധികസീറ്റുകൾ അനുവദിക്കുന്ന വ്യവസ്ഥയുമുണ്ട്. ഇവയിലും സംവരണം പാലിക്കും.
1997 ഒക്ടോബർ ഒന്നിനു മുൻപു ജനിച്ചവരാകരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വയസ് ഇളവ്. പരമാവധി രണ്ടു തവണ തുടർച്ചയായ വർഷങ്ങളിൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാം.
മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ നിർബന്ധമായ പ്ലസ്ടു പരീക്ഷ, 2021 ലോ 2022 ലോ ആദ്യമായെഴുതിയവർ. 2020 ലെ പ്ലസ്ടു ഫലം 2020 ഒക്ടോബർ 15നോ അതിനു ശേഷമോ ആണ് പ്രസിദ്ധപ്പെടുത്തിയതെങ്കിൽ, ആ വിദ്യാർഥികളെയും പരിഗണിക്കും. പരീക്ഷ കൂടാതെ, ബോർഡ് ഫലം പ്രസിദ്ധപ്പെടുത്തിയാലും മതി.
(2020 ലോ 2021 ലോ ആദ്യമായി 12ാം ക്ലാസ് പരീക്ഷയെഴുതി, 2021 ലെ ജെ.ഇ.ഇ അഡ്വാൻസ്ഡിനു രജിസ്റ്റർ ചെയ്‌തെങ്കിലും, ഒരു പേപ്പർ പോലും എഴുതാതിരുന്നവർക്ക് ഒറ്റത്തവണ കൊവിഡ് ഇളവോടെ ഇത്തവണ അപേക്ഷിക്കാം. ആദ്യം സൂചിപ്പിച്ച പൊതുനിബന്ധനകളിൽനിന്ന് ഇവർക്ക് ഇളവു നൽകും.) മുൻപ് ഐ.ഐ.ടി പ്രവേശനം ലഭിച്ചയാളാകരുത്.
മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഒരു ഭാഷ, മറ്റേതെങ്കിലും ഒരു വിഷയം എന്നിങ്ങനെ ആകെ അഞ്ചു വിഷയങ്ങൾ 12ാം ക്ലാസിൽ പഠിച്ചിരിക്കണം. പ്ലസ്ടുവിനു പകരം ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും പരിഗണിക്കും.
പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാർക്കും അർഹതയുണ്ടെങ്കിലും, അവരെ വിദേശ വിദ്യാർഥികളായാകും പരിഗണിക്കുക. വിദേശത്തു പ്ലസ്ടു പഠിച്ച വിദേശികൾക്കു ജെ.ഇ.ഇ മെയിനെഴുതാതെ നേരിട്ട് അഡ്വാൻസ്ഡിനു റജിസ്റ്റർ ചെയ്യാം. മൈനിങ്, ജിയോളജി എന്നിവയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വർണാന്ധത പാടില്ല.
പരീക്ഷ
ഓഗസ്റ്റ് 28ന് ഒൻപതു മുതൽ 12 വരെയും, 2.30 മുതൽ 5.30 വരെയുമായി കംപ്യൂട്ടർ ഉപയോഗിച്ച് മൂന്നു മണിക്കൂർ വീതമുള്ള രണ്ടു പേപ്പറുകൾ. രണ്ടിലും മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി ഭാഗങ്ങൾ. ആശയഗ്രഹണം, യുക്തിചിന്ത, വിശകലനശേഷി എന്നിവ പരിശോധിക്കുന്ന തരത്തിൽ മൾട്ടിപ്പിൾ ചോയ്‌സ് ഉൾപ്പെടെ ഒബ്ജക്ടീവ് ചോദ്യങ്ങൾ. മിച്ചമുള്ള സമയം കാണിക്കുന്ന കംപ്യൂട്ടർ, ക്ലോക്ക് സ്‌ക്രീനിലുണ്ടായിരിക്കും. ചില ചോദ്യങ്ങളിൽ തെറ്റിനു മാർക്ക് കുറയ്ക്കും. പരീക്ഷയ്ക്കു ലോഗിൻ ചെയ്തുകഴിയുമ്പോൾ വിശദ നിർദേശങ്ങൾ സൈറ്റിൽ വരും. ഇൻഫർമേഷൻ ബ്രോഷറിൽ സിലബസുണ്ട്. പരിശീലനത്തിനുള്ള മോക് ടെസ്റ്റ്, 2007 മുതലുള്ള ചോദ്യക്കടലാസുകൾ എന്നിവ സൈറ്റിൽ. റജിസ്‌ട്രേഷൻ വേളയിൽ അപേക്ഷിക്കുന്നപക്ഷം പരീക്ഷയെഴുതാൻ ഭിന്നശേഷിക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ നൽകും. ഇതിനുള്ള അപേക്ഷാഫോമിന്റെ മാതൃക ബ്രോഷറിലെ രണ്ടാം അനുബന്ധത്തിലുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഇഷ്ടപ്പെട്ട എട്ടു കേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം. വിദേശകേന്ദ്രങ്ങളില്ല.
കൂടുതൽ വിവരങ്ങൾക്ക്:
jeeadv.ac.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."