ബ്രഹ്മപുരം തീപിടിത്തം: സ്വാഭാവികമോ ? മനുഷ്യനിര്‍മ്മിതമോ? മാലിന്യ സംസ്കരണത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തതില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. തീപിടിത്തം സ്വാഭാവികമാണോ മനുഷ്യനിര്‍മ്മിതമാണോ എന്ന് കോടതി ചോദിച്ചു. തീപിടിത്തത്തിന് ശേഷമുണ്ടായ മലിനീകരണത്തില്‍ എന്തു നടപടിയെടുത്തെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് കോടതി ചോദിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ശനിയാഴ്ച പുറത്തിറങ്ങിയപ്പോള്‍ ശ്വാസം മുട്ടിയെന്നും കോടതി പറഞ്ഞു. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്കി.
അതേസമയം, എറണാകുളം കലക്ടര്‍ ഹാജരാകാത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കലക്ടര്‍ നാളെ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. നാളെ 1.45ന് വിഷയം വീണ്ടും പരിഗണിക്കും. പരിഹാര നിര്‍ദേശങ്ങള്‍ നാളെ അറിയിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. കൊച്ചി കോര്പ്പറേഷന് സെക്രട്ടറിക്കും ഹൈക്കോടതി താക്കീത് നല്കി. കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍ കസേര തെറിക്കുമെന്ന് കോടതി പറഞ്ഞു.
തീപിടിത്തെത്തുടര്‍ന്ന് വിഷപ്പുക വ്യാപിച്ച വിഷയത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകള്‍ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകള്‍ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമര്‍ശിച്ചു.
കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് ഇന്ന് പരിഗണിക്കവേയാണ് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."