പാല്‍വില കുറച്ചു, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 4000 രൂപ, സൗജന്യ കൊവിഡ് ചികിത്സ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായ അധികാരമേറ്റതിനു പിന്നാലെ കൊവിഡ് പ്രതിരോധത്തിന് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച് എം.കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളാണ് ആദ്യദിനം തന്നെ സ്റ്റാലിന്‍ നടപ്പാക്കിയത്.
രാവിലെ ഒന്‍പതിന് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്.
കൊവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യഗഡുവെന്ന നിലയില്‍ 2000 രൂപ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.ആദ്യഘട്ടമെന്ന നിലയില്‍ ഈ മാസം 2000 രൂപ അനുവദിക്കും. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗജന്യമാക്കി.
ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയ്ക്ക് ഉത്തരവായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് മൂന്നുരൂപ കുറച്ചു. മെയ് 16 മുതല്‍ കുറഞ്ഞ പാല്‍വില നിലവില്‍ വരും.
പൊതുജനങ്ങളുടെ പ്രശ്‌നങ്ങളെ 100 ദിവസങ്ങള്‍ക്കുള്ളില്‍ അഭിമുഖീകരിക്കണമെന്ന വാഗ്ദാനം നിറവേറ്റുന്നതിനായി നിങ്ങളുടെ മണ്ഡലത്തില്‍ മുഖ്യമന്ത്രി എന്ന പദ്ധതി രൂപീകരിക്കാനായി പ്രത്യേക വകുപ്പ് സജ്ജീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പദ്ധതി പ്രകാരം ജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ ഐ.എ.എസ്. ഓഫീസര്‍ അധ്യക്ഷനായ വകുപ്പ് രൂപവത്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."