രണ്ടാം പിണറായി സര്‍ക്കാരിനു മുന്നിലെ ആദ്യ കടമ്പ മുന്നോക്ക സംവരണക്കുരുക്ക്
തിരുവനന്തപുരം: സംവരണം 50 ശതമാനം കടക്കരുതെന്ന സുപ്രിംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി വന്നതോടെ രണ്ടാം പിണറായി സര്‍ക്കാരിനു മുന്നിലെ ആദ്യ കടമ്പ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട കുരുക്ക്. 20ന് പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം ആദ്യത്തെ ചര്‍ച്ചയും ഇതു സംബന്ധിച്ചാകുമെന്ന് അറിയുന്നു.
മുന്നോക്ക സംവരണത്തിന് അനുകൂലമാണ് ഇടതു സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നിയമക്കുരുക്കുകള്‍ ഒഴിവാക്കാനായി നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നോക്ക സംവരണത്തെയും കോടതി തള്ളിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനു സാധിക്കില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.കോടതി വിധി പ്രകാരം നേരത്തെയുണ്ടായിരുന്ന 50 ശതമാനം സംവരണം മാത്രമേ പാടുള്ളൂ. എന്നാല്‍ വിധിക്കു മുമ്പ് ഈ 50നു പുറമെ 10 ശതമാനം കൂടി മുന്നോക്ക സംവരണം കേരള സര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നു. ഇതൊഴിവാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പുതിയ മന്ത്രിസഭ അധികാരമേറ്റയുടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാവുകയും മറ്റു നടപടികള്‍ക്ക് നിയമക്കുരുക്കുണ്ടാകുകയും ചെയ്യുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."