വികാരഭരിതനായി മുല്ലപ്പള്ളി; ഉത്തരവാദിത്വം തങ്ങള്‍ക്കുമുണ്ടെന്ന് നേതാക്കള്‍
തിരുവനന്തപുരം: നേതൃമാറ്റത്തിന്റെയും ഗ്രൂപ്പ് തിരിഞ്ഞുള്ള കടന്നാക്രമണങ്ങളുടെയും സാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് ഇന്നലെ രാവിലെ ഇന്ദിരാഭവനില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം തുടങ്ങിയത്. അപ്രതീക്ഷിത തിരിച്ചടി സൃഷ്ടിച്ച നിശ്ശബ്ദതയുടെ അന്തരീക്ഷത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസാരിച്ചുതുടങ്ങി. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഗ്രൂപ്പ് നേതാക്കള്‍ തന്നെ കടന്നാക്രമിക്കുകയാണെന്നു പരാതിപ്പെട്ട് മുല്ലപ്പള്ളി വികാരഭരിതനായതോടെ വിമര്‍ശനങ്ങളുയര്‍ത്താന്‍ തയാറെടുത്തു വന്നവര്‍ നിലപാട് മയപ്പെടുത്തി.
മുല്ലപ്പള്ളിക്കു പിന്നാലെ വൈകാരികമായി തന്നെ സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേല്‍നോട്ട സമിതിയുടെ അദ്ധ്യക്ഷനെന്ന നിലയില്‍ തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്ന് പറഞ്ഞു. പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ. സുധാകരന്‍ തുടങ്ങിയവരും മറ്റു നേതാക്കളും എഴുന്നേറ്റ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന നിലപാട് ആവര്‍ത്തിച്ചു.പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പരസ്പരം വിഴുപ്പലക്കി മറ്റുള്ളവര്‍ക്കു പറഞ്ഞുചിരിക്കാന്‍ ഇനിയും അവസരമുണ്ടാക്കരുത്.
കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ ആര്‍.എസ്.എസില്‍നിന്ന് വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.ബി.ജെ.പിയുമായി സി.പി.എം നടത്തിയ വോട്ടുകച്ചവടം ജനമദ്ധ്യത്തില്‍ തുറന്നുകാണിക്കാന്‍ യോഗം തീരുമാനിച്ചു. പാര്‍ട്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനും കെട്ടുറപ്പോടെ മുന്നോട്ടുപോകുന്നതിനും ഗ്രൂപ്പ് വ്യത്യാസമില്ലാതെ പിന്തുണ നല്‍കുമെന്ന നേതാക്കളുടെ ഉറപ്പോടെയാണ് തെരഞ്ഞെടുപ്പിനു ശേഷമുള്ള കെ.പി.സി.സിയുടെ ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."