ബി.ജെ.പി ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യത്തിലൊതുങ്ങേണ്ടിവന്നതു സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി ചേര്‍ന്ന ബി.ജെ.പി സംസ്ഥാന, ജില്ലാ ഭാരവാഹി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം. ബി.ജെ.പി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, പ്രഭാരി സി.പി രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ന്നത്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയ്‌ക്കെതിരേയും വിമര്‍ശനമുയര്‍ന്നു.
കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കായി സുരേന്ദ്രന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്ര തിരിച്ചടിയായെന്ന് ചില നേതാക്കള്‍ പറഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വീഴ്ചപറ്റിയെന്ന വിമര്‍ശനവുമുണ്ടായി. വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായെന്ന് ജില്ലാ കമ്മിറ്റികള്‍ ചൂണ്ടിക്കാട്ടി.
വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന് സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടു. പലയിടങ്ങളിലും ബി.ഡി.ജെ.എസിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടായില്ലെന്ന വിമര്‍ശനവുമുയര്‍ന്നു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്താന്‍ ബൂത്ത്, മണ്ഡലം തലങ്ങളില്‍ സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി പരിശോധന നടത്താനും യോഗം തീരുമാനിച്ചു. പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരടക്കം ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."