ലോകം സ്വതന്ത്ര ഫലസ്തീനെ കുറിച്ച് സംസാരിച്ച് തുടങ്ങിയിരിക്കുന്നു
കാന്‍ബറ: 35,000ത്തോളം മനുഷ്യര്‍ കൊല്ലപ്പെട്ടു. ഇതിലേറേയും കുഞ്ഞുങ്ങളും സ്ത്രീകളും. നവജാത ശിശുക്കള്‍ ഗര്‍ഭിണികള്‍ വരെ...പരുക്കു പറ്റിയവര്‍ 80000ത്തോളം. 7000ത്തിലേറെ പേരെ കാണാതായിരിക്കുന്നു. വെറും ലക്ഷങ്ങള്‍ വരുന്ന ഒരു ജനതക്കു മേല്‍ ഇസ്‌റാഈല്‍ തീവര്‍ഷിച്ചു പിന്നിട്ടു തുടങ്ങിയിട്ട് തുടര്‍ച്ചയായ ആറുമാസം പിന്നിട്ടിരിക്കുന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ചതല്ല. അതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടോളമായി അവര്‍ ഇസ്‌റാഈല്‍ ഭീകകരുടെ തടവറയില്‍ ഞെരിയാന്‍ തുടങ്ങിയിട്ട്. എന്നിട്ട് ഇപ്പോള്‍ ഇതാ ലോകം ഫലസ്തീന്റെ സ്വതന്ത്ര്യത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
സ്വതന്ത്ര ഫലസ്തീന്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍. ആസ്‌ത്രേലിയയാണ് വിഷയത്തില്‍ അവസാനമായി ഫലസ്തീന്‍ അനുകൂല നിലപാടിലേക്ക് എത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി പെന്നി വോങ് ഇതു സംബന്ധിച്ച പ്രതികരണം നടത്തി. ബ്രിട്ടനും സ്‌പെയിനും ഫലസ്തീന്റെ രാഷ്ട്ര പദവിയില്‍ നിലപാടുമാറ്റം സൂചിപ്പിച്ചിരുന്നു.
പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് വഴിനടത്താന്‍ കഴിയുമെങ്കില്‍ ഫലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നായിരുന്നു ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ ഭരണത്തില്‍ ഹമാസിന് പങ്കാളിത്തം ഉണ്ടാകരുതെന്നും പെന്നി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി മാത്രമേ ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നായിരുന്നു ആസ്‌ത്രേലിയയുടെ നിലപാട്. ഇതില്‍ മാറ്റംവരുത്തുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഒരു ആസ്‌ത്രേലിയന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെയാണ് രാജ്യം നിലപാട് ശക്തമാക്കിയത്.
ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും വിഷയത്തില്‍ നിലപാടുമാറ്റം സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷമാദ്യം ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്‌റാഈലിന്റെ പിന്തുണയില്ലാതെ തങ്ങള്‍ക്കും ഫലസ്തീന്‍ രാഷ്ട്രപദവി അംഗീകരിക്കാന്‍ കഴിയുമെന്ന് സൂചന നല്‍കിയിരുന്നു.
സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഫലസ്തീന് അനുകൂലമായാണ് സംസാരിച്ചത്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അസ്തിത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന് അവരെ സഹായിക്കാന്‍ കഴിയില്ലെന്നായിരുന്നു സാഞ്ചസ് പാര്‍ലമെന്റില്‍ നടത്തിയ പ്രതികരണം.
ഫലസ്തീന്‍ രാജ്യത്തെ ശരിയായ സമയത്ത് അംഗീകരിക്കുമെന്ന് അയര്‍ലന്‍ഡ്, മാള്‍ട്ട, സ്ലോവേനിയ, സ്‌പെയിന്‍ രാജ്യങ്ങള്‍ അടുത്തിടെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
സ്വീഡന്‍ ഒരു പടികൂടി മുന്നോട്ടുപോയി, ഔദ്യോഗികമായി തന്നെ ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയിരുന്നു. ഈ നടപടിയില്‍ പ്രകോപിതരായി ഇസ്‌റാഈല്‍ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 30നാണ് സ്വീഡന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചത്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ആദ്യമായി ഫലസ്തീന് ഔദ്യോഗിക അംഗീകാരം നല്‍കിയതും സ്വീഡനായിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമാകുന്നതിന് മുമ്പ് തന്നെ, ബള്‍ഗേറിയ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഹംഗറി, മാല്‍ട്ട, പോളണ്ട്, റുമാനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ ഫലസ്തീന് അംഗീകാരം നല്‍കിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."