കൊവിഡ്: കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് സോണിയയും രാഹുലും
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാംതരംഗം ഇന്ത്യയെ വരിഞ്ഞുമുറുക്കിയിരിക്കെ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയും. രാജ്യത്തെ ആരോഗ്യ, പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി ദയനീയ പരാജയമാണെന്ന് സോണിയ പറഞ്ഞു. ഇന്ത്യയ്ക്ക് മെച്ചപ്പെട്ട വിഭവങ്ങളുണ്ട്. എന്നാല്‍ വിഭവങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ സോണിയ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന് വ്യക്തമായ വാക്‌സിനേഷന്‍ പദ്ധതിയില്ലാത്തത് രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി പ്രധാനമന്ത്രിക്കയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
കൊവിഡ് പ്രതിരോധത്തിനും വാക്‌സിനേഷനുമുള്ള വ്യക്തവും സമഗ്രവുമായ പദ്ധതി കേന്ദ്രസര്‍ക്കാരിനില്ല. രാജ്യത്ത് കൊവിഡ് സുനാമി നിയന്ത്രണാധീതമായ സ്ഥിതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതാന്‍ നിര്‍ബന്ധിതനായത്. ഇത്തരമൊരു പ്രതിസന്ധിയില്‍ ഇന്ത്യയിലെ ജനങ്ങളുടെ ജീവനായിരിക്കണം പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ മുന്‍ഗണന. അത്യാവശ്യമല്ലാത്ത മറ്റു കാര്യങ്ങള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന അനാവശ്യമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ താങ്കളുടെ എല്ലാ അധികാരവും ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."