മുസ്‌ലിം പേരിൽ തീവ്രവാദം കണ്ടെത്തുന്ന സി.പി.എം
നസ്റുദ്ദീൻ മണ്ണാർക്കാട്
നൗഫൽ ബിൻ യൂസുഫ് എന്ന പേര് എത്രപെട്ടെന്നാണ് എം.വി ജയരാജനെ പോലുള്ള മുതിർന്ന സി.പി.എം നേതാവിന് നൗഫൽ ബിൻ ലാദനായത്? മുസ്‌ലിം പേര് കേൾക്കുമ്പോഴേക്ക് ഭീകരവാദവുമായി ബന്ധിപ്പിക്കുന്നത് ആദ്യമായിട്ടല്ല. ഞങ്ങൾ ന്യൂനപക്ഷത്തിന്റെ സംരക്ഷകരാണെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം അ വകാശപ്പെടുന്ന സി.പി.എം നേതാക്കൾ ഇതിനു മുൻപും പേരിലോ വാക്കിലോ പ്രവൃത്തിയിലോ മുസ്‌ലിം സ്വത്വം പുലർത്തുന്നവർക്കെതിരേ തീവ്രവാദ ആരോപണം നടത്തിയിട്ടുണ്ട്. മലപ്പുറത്തെ സമരക്കാർ രാജ്യദ്രോഹികളെന്ന് ജി. സുധാകരനും ആലപ്പാട് മണൽ സമരത്തിന് പിന്നിൽ മലപ്പുറത്തുകാരെന്ന് ഇ.പി ജയരാജനും ഗെയിൽ സമരക്കാർ മുസ്‌ലിം തീവ്രവാദികളെന്ന് വിജയരാഘവനും മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമെന്ന് കടകംപള്ളി സുരേന്ദ്രനും ആരോപിച്ചതിന്റെ തുടർച്ച മാത്രമാണ് എം.വി ജയരാജന്റെ പ്രസ്താവനയും.
മുസ്‌ലിം സ്വത്വമുള്ളവരോട് സി.പി.എം നേതാക്കൾ പുലർത്തുന്ന കാഴ്ചപ്പാടെന്താണെന്ന്, അവർ പോലും അറിയാതെ പുറത്തുചാടുന്നതിന്റെ ഫലമാണ് ഈ തീവ്രവാദ ആരോപണങ്ങൾ. ഇപ്പോഴത്തെ ഏഷ്യനെറ്റ് വിവാദ വിഷയത്തിൽ നൗഫൽ ബിൻ യൂസുഫിന്റെ സഹപ്രവർത്തക സിന്ധു സൂര്യകുമാറിന്റെ പേര് കേൾക്കുമ്പോൾ എം.വി ജയരാജന് പ്രഗ്യാസിങ്ങിനെയോ മായാ കോട്നാനിയെയോ ഓർമവന്നില്ല. സിന്ധുവിന്റെ പേര് വികലമാക്കാത്തതിലുള്ള ഖേദമല്ല പങ്കുവയ്ക്കുന്നത്. മുസ്‌ലിം പേരുകൾ കേൾക്കുമ്പോൾ മാത്രം തീവ്രവാദം തികട്ടുന്ന തുടർപ്രതിഭാസത്തെയാണ് തുറന്നുകാണിക്കുന്നത്.
ജയിലിൽ തന്റെ സഹ തടവുകാരായ മുസ് ലിംകൾക്ക് പ്രാർഥിക്കാൻ സൗകര്യമൊരുക്കിയ കെ.ജി മാരാരെ വാഴ്ത്താൻ ഇടതു എം.പി ബ്രിട്ടാസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ല. ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം പുലർത്തുന്ന എത്ര കൊടിയ വലതുപക്ഷ രാഷ്ട്രീയക്കാരനാണെങ്കിലും കിട്ടുന്ന അവസരങ്ങളിൽ വളരെയെളുപ്പത്തിൽ ആ വ്യക്തിക്ക് മതേതര പ്രതിച്ഛായ ചാർത്തുന്നവരാണ് അറബിപ്പേര് കാണുമ്പോഴേക്ക് തീവ്രവാദം ആരോപിക്കുന്നത്. അതായത് ഭൂരിപക്ഷ വർഗീയത പുലർത്തുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും കുപ്പായം പോലും ഊരിവയ്ക്കാതെ ഉന്നത മതേതര-മാനവിക മൂല്യങ്ങൾ ചാർത്തുമ്പോൾ മുസ്‌ലിം പേരുകാരന് തീവ്രവാദി പരിവേഷം നൽകുന്നു.
ഇതൊന്നും കേവലം വാക്കുപിഴകളല്ല, ഇന്ത്യയിൽ നിലനിൽക്കുന്ന പൊതുബോധ ജീർണതയുടെ പങ്കുപറ്റുകയാണ് സി.പി.എമ്മും ചെയ്യുന്നത്. ടി.പി വധക്കേസിൽ, സി.പി.എമ്മിൽനിന്ന് ശ്രദ്ധതിരിക്കാൻ വാഹനത്തിൽ 'മാഷാ അല്ലാഹ്' സ്റ്റിക്കർ ഒട്ടിച്ചുകൊണ്ട് മുസ്‌ലിം തീവ്രവാദം ഉപയോഗിക്കാൻ ശ്രമിച്ചത് നാം കണ്ടതാണ്. ആർക്കും ഏതു നേരത്തും പാഞ്ഞുകയറാവുന്ന മരമായി മുസ്‌ലിം സമുദായത്തെ ഇവർ കാണുന്നു.
തുല്യതയില്ലാതെ മറ്റൊരു പ്രത്യേക കരുതൽ ഈ സമുദായതിന് ആവശ്യമില്ല. ഭരണഘടനാനുസൃതമായി രാജ്യത്തെ ഏതു പൗരനുമുള്ള അവകാശം മാത്രമേ മുസ്‌ലിം സമുദായം എക്കാലവും ആവശ്യപ്പെട്ടിട്ടുള്ളു. 'ഞങ്ങൾ നിങ്ങളെ സംരക്ഷിക്കുന്നു, അതിനാൽ നിങ്ങൾ ഞങ്ങളാൽ ഭർത്സിക്കപ്പെടാൻ അർഹരാണ് ' എന്ന് പറയാതെ പറയുകയാണ് മുസ്‌ലിംകളെ സംരക്ഷിക്കുന്നെന്ന് അവകാശപ്പെടുന്ന ഇടതുനേതാക്കൾ. കാഴ്ചപ്പാടുകളിലും ചിന്തകളിലും ഇൗ സമുദായത്തെ സാമൂഹിക സമന്മാരായി കാണാത്തതുകൊണ്ടാണ് വിഷലിപ്ത വാക്കുകൾ നിർബാധം ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."