ആരോപണം നിഷേധിച്ച് രാത്രി വൈകി ഫേസ്ബുക്ക് ലൈവുമായി വിജയ് ബാബു; പരാതിക്കാരിയുടെ പേരും വെളിപെടുത്തി
കൊച്ചി: ബലാത്സംഗ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഫേസ്ബുക്ക് ലൈവുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. രാത്രി വൈകിയാണ് ഫേസ്ബുക്ക് ലൈവുമായി വിജയ് ബാബു രംഗത്തെത്തിയത്. ലൈവിനിടെ പരാതിക്കാരിയുടെ പേരും വിജയ് ബാബു വെളിപെടുത്തി.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണ്.
2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസില്‍ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു ലൈവില്‍ പറഞ്ഞു.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലിസിനെ സമീപിച്ചത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
എറണാകുളം സൗത്ത് പൊലിസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലിസ് പുറത്തുവിട്ടിട്ടില്ല. തേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത്. നടനായി നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്. 1983 ല്‍ സൂര്യന്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."