HOME
DETAILS

ഇ.പിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?

  
backup
April 27 2022 | 03:04 AM

865356-3-2022

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

മുന്നണിരാഷ്ട്രീയം പരീക്ഷിച്ചു വിജയിച്ച സംസ്ഥാനമാണ് കേരളം. ഏതെങ്കിലുമൊരു കക്ഷിക്ക് ഒറ്റയ്ക്കു നിന്നു ജനപിന്തുണ ആർജിച്ചു ഭരിക്കാനുള്ള സമ്മതി കിട്ടാതെ വരുമ്പോൾ സ്വീകരിക്കാവുന്ന ഒരു മാർഗം. നയങ്ങളിലും പരിപാടികളിലും യോജിപ്പുള്ള കക്ഷികൾ ഒന്നിച്ചുനിൽക്കുക എന്നതു തന്നെയാണ് പരിപാടി. 1960ലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ് തന്നെയാണ് ആദ്യം മുന്നണിയുണ്ടാക്കിയത്. പി.എസ്.പി, മുസ്‌ലിം ലീഗ് എന്നീ കക്ഷികളെ കൂടെക്കൂട്ടി. മുക്കൂട്ടു മുന്നണിയെന്നു വിളിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാട് ഈ കൂട്ടുകെട്ടിനെ ആക്ഷേപിച്ചു.പ്രതീക്ഷിച്ച പോലെ മുന്നണി ജയിച്ചു. പി.എസ്.പി നേതാവ് പട്ടം താണുപിള്ളയ്ക്കു മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് ജനാധിപത്യ മര്യാദ കാട്ടി.പട്ടം മുഖ്യമന്ത്രിയായി. എങ്കിലും മുസ്‌ലിം ലീഗിനു മന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസ് ഒരുക്കമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ഘടകകക്ഷിയെന്ന നിലയ്ക്ക് മുസ്‌ലിം ലിഗിന് 12 സീറ്റ് കിട്ടിയിരുന്നു, ചിഹ്നം കോണി.11 സീറ്റിൽ ജയിക്കുകയും ചെയ്തു. എങ്കിലും ലീഗിനു മന്ത്രിസ്ഥാനം കൊടുക്കാനാവില്ല എന്ന നിലപാടിലായിരുന്നു അന്നത്തെ കോൺഗ്രസ്.
കോൺഗ്രസുമായി മുന്നണിയുണ്ടാക്കാൻ കഴിഞ്ഞത് ലീഗ് വലിയൊരു നേട്ടമായിത്തന്നെ കണ്ടു. അതിനു മുമ്പും ഈ വഴിക്കു പല നീക്കങ്ങളും നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. 1952ലും 57ലും ലീഗ് ഒരു കോൺഗ്രസ് സഖ്യത്തിനു ശ്രമിച്ചതാണ്. ഒരിക്കലും കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനോടു യോജിച്ചില്ല. എന്നാൽ, 1952ലും 1957ലും മദിരാശി സംസ്ഥാനത്തു സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് മുസ്‌ലിം ലീഗിന്റെ സഹായം തേടേണ്ടിവന്നു. ലീഗ് സന്തോഷത്തോടെ പിന്തുണ നൽകുകയും ചെയ്തു.


മന്ത്രിസഭയിൽ മുസ്‌ലിം ലീഗ് ഉണ്ടാവരുതെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ഇക്കാര്യം നിർബന്ധമായിരുന്നു. മുന്നണി ഘടകകക്ഷിയായ പി.എസ്.പിയും ലീഗിനു പിന്തുണയുമായി ഉറച്ചുനിന്നു. പല സൂത്രവാക്യങ്ങളും ഉയർന്നെങ്കിലും പ്രതിസന്ധി തുടർന്നപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം പട്ടത്തിനു കൊടുക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന്റെ ബലത്തിൽ പട്ടം ലീഗുമായി ചർച്ച നടത്തി. ലീഗിന് സ്പീക്കർ സ്ഥാനവും ഒരു രാജ്യസഭാ സീറ്റും നൽകാമെന്ന ധാരണയിൽ പ്രശ്‌നം തീർപ്പാക്കി. നേരത്തേ നെഹ്‌റു തന്നെ മുന്നോട്ടുവച്ച നിർദേശമായിരുന്നു ഇത്. 1960 ഫെബ്രുവരിയിൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. ലീഗ് ജനറൽ സെക്രട്ടറി കെ.എം സീതി സാഹിബ് സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ സീറ്റിൽ മത്സരിക്കാൻ നിയോഗിക്കപ്പെട്ടത് ഇബ്രാഹിം സുലൈമാൻ സേട്ട്.രാജ്യസഭാംഗമായശേഷം 1964ൽ അദ്ദേഹം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായി.


കെ.എം സീതിസാഹിബ് അന്തരിച്ചതിനെ തുടർന്ന് സി.എച്ച് മുഹമ്മദ് കോയയെ സ്പീക്കറാക്കാൻ ധാരണയായി. പക്ഷേ വീണ്ടും കോൺഗ്രസ് തർക്കമുണ്ടാക്കി. കേരളത്തിനു ലീഗുമായി ഉണ്ടാക്കിയ സഖ്യത്തെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡിൽ ചില വീണ്ടുവിചാരങ്ങളുണ്ടാവുന്ന സമയമായിരുന്നു അത്. കേരളത്തിലെ കോൺഗ്രസിലും ലീഗ് ബന്ധത്തെ വിമർശിക്കുന്നവർ ഏറെയുണ്ടായിരുന്നു. നീണ്ട ചർച്ചയ്ക്കുശേഷം കോൺഗ്രസ് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു. 'സ്പീക്കർ സ്ഥാനത്തേയ്ക്ക് വോട്ടെടുപ്പു വന്നാൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിക്കു വോട്ടു ചെയ്യാൻ തങ്ങൾക്കാവില്ല. അതുകൊണ്ട് സി.എച്ച് ലീഗ് അംഗത്വം രാജിവയ്ക്കണം. രാജിവച്ചിട്ടു വേണം സ്പീക്കർ സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകാൻ'.


കോൺഗ്രസിന്റെ കർശന നിയന്ത്രണങ്ങൾ. ലീഗ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും യോജിക്കാനാവാത്തവ. പ്രത്യേകിച്ച് സി.എച്ച് കേരള രാഷ്ട്രീയത്തിൽ ഒരു ശക്തിയായി വളരുന്നേരത്തായിരുന്നു ഈ പരീക്ഷണം ഉയർന്നത്. നേതൃത്വത്തോട് വിശദമായ കൂടിയാലോചനകൾ നടത്തിയ സി.എച്ച് അവസാനം കോൺഗ്രസിന്റെ ആവശ്യങ്ങൾക്കു വഴങ്ങുകയായിരുന്നു. സി.എച്ച് മുഹമ്മദ് കോയ അങ്ങനെ കേരള നിയമസഭ സ്പീക്കറായി.


എങ്കിലും കോൺഗ്രസിന്റെ തൊട്ടുകൂടായ്മ തുടർന്നു. ഇത് രാഷ്ട്രീയപ്രതിസന്ധിയായി വളർന്നു. ലീഗിനെതിരേ കോൺഗ്രസിൽ നീക്കങ്ങൾ സജീവമായി. പല ഘട്ടങ്ങളിലും ലീഗിനെ കോൺഗ്രസ് തള്ളിപ്പറഞ്ഞതിനെ തുടർന്ന് ബന്ധം ഉപേക്ഷിക്കാൻതന്നെ ലീഗ് തീരുമാനിച്ചു. സി.എച്ച് സ്പീക്കർ പദവി രാജിവച്ചൊഴിയുകയും ചെയ്തു.
മുന്നണിയുമായി കോൺഗ്രസ് മുന്നോട്ടുപോയാൽ തങ്ങൾക്കു രക്ഷയുണ്ടാവില്ലെന്ന കാര്യം ഇ.എം.എസ് മനസ്സിലാക്കി. ഇതിനകം കമ്യൂണിസ്റ്റ് പാർട്ടി സി.പി.എം, സി.പി.ഐ എന്നിങ്ങനെ രണ്ടായി പിളർന്നിരുന്നു. എങ്കിലും തെരഞ്ഞെടുപ്പടുത്തപ്പോൾ ഒന്നിച്ചുനിൽക്കാൻ തന്നെ രണ്ടുകക്ഷികളും തീരുമാനിച്ചു. മുന്നണി വികസിപ്പിക്കാനും തീരുമാനിച്ചു. മുസ്‌ലിം ലീഗിനെ സ്വാധീനിക്കാൻ തന്ത്രങ്ങളുമായി ഇ.എം.എസ് തന്നെ രംഗത്തിറങ്ങി. ലീഗ് മന്ത്രിസഭയിലുണ്ടാവുമെന്ന് ഇ.എം.എസും മറ്റു നേതാക്കളും ഉറപ്പുനൽകി.ലീഗ് മുന്നണിയിൽ ഉണ്ടാവണമെന്നത് ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും നിർബന്ധമായിരുന്നു.1965ലെ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം നോടാനായില്ലെന്ന വസ്തുതയും കമ്യൂണിസ്റ്റ് പാർട്ടികളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.


പി.ടി ചാക്കോയുടെ മരണം, അതേത്തുടർന്ന് കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി എന്നീ കാരണങ്ങൾ കൊണ്ട് കോൺഗ്രസ് ആകെ ദുർബലമായ കാലഘട്ടം. മുസ്‌ലിം ലീഗ് ഉൾപ്പെടെ ഏഴു കക്ഷികളുടെ കൂട്ടായ്മയെയാണ് ഇ.എം.എസ് നയിച്ചത്.133 അംഗ നിയമസഭയിൽ സപ്തകക്ഷി മുന്നണി ജയിച്ചത് 113 സീറ്റ് നേടി. കോൺഗ്രസിനു കിട്ടിയത് ഒമ്പതു സീറ്റ്. 15 സീറ്റിൽ മത്സരിച്ച ലീഗ് 14 ഇടത്തു ജയിച്ചു. സി.എച്ച് മുഹമ്മദ് കോയയും എം.പി.എം അഹമ്മദ് കുരിക്കളും ഇ.എം.എസ് മന്ത്രിസഭയിൽ അംഗങ്ങളായി. ലീഗിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര സംഭവം.
ഒമ്പതംഗങ്ങളുടെ നേതാവായ കെ. കരുണാകരന്റെ ഊഴമായിരുന്നു പിന്നീട് കോൺഗ്രസിൽ. ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ കൂട്ടി അദ്ദേഹം പുതിയൊരു മുന്നണിയുണ്ടാക്കാൻ ശ്രമം തുടങ്ങി. ഭരണപക്ഷത്ത് സി.പി.എമ്മിനോടു വിയോജിപ്പുള്ള കക്ഷികളൊക്കെ കൂടി. സി.പി.ഐ ഉൾപ്പെടെ ഐക്യ ജനാധിപത്യ മുന്നണി രൂപമെടുക്കുകയായിരുന്നു. എൺപതുകളിൽ അത് പൂർണരൂപം നേടി. കേരള രാഷ്ട്രീയത്തിൽ രണ്ടു മുന്നണികൾ പരസ്പരം നോക്കി തലയുയർത്തി നിന്നു. ഒരുവശത്ത് യു.ഡി.എഫ്. മറുവശത്ത് എൽ.ഡി.എഫ്. ഇതിനിടയ്ക്ക് ഇടം നേടാൻ ശ്രമം നടത്തുന്ന ബി.ജെ.പിക്ക് ഇനിയും തരിമ്പും സ്ഥലം കിട്ടിയിട്ടില്ല. രണ്ടു മുന്നണികളുടെയും ശക്തിതന്നെ കാരണം.
ഒന്നിടവിട്ട ഇടവേളകളിൽ കൃത്യമായി ഭരണം കൈക്കലാക്കിയിരുന്ന രണ്ടുമുന്നണികളുടെയും പതിവു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെറ്റി. ഇടതുമുന്നണി ഭരണത്തുടർച്ച നേടിയപ്പോൾ യു.ഡി.എഫ് രണ്ടാം തവണയും പ്രതിപക്ഷത്തായി.ഭരണമില്ലാതെ മുസ്‌ലിം ലീഗിന് പത്തുവർഷം കഴിയാനാവുമോ എന്ന സാധാരണ ചോദ്യമാണ് ഇടതുപക്ഷ മുന്നണി കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി ജയരാജനെ ചിന്തിപ്പിച്ചത്.മുന്നണി വിട്ടുവന്നാൽ ലീഗിനെ ഇടതു മുന്നണിയിലെടുക്കുമെന്ന ഇ.പിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയത് സ്വാഭാവികം.


ലീഗ് യു.ഡി.എഫിൽ വെറുമൊരു ഘടകകക്ഷിയല്ല, യു.ഡി.എഫിന്റെ തന്നെ ഭാഗമാണെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അതു പൂർണമായും ശരിയുമാണ്. എൺപതുകളിൽ കെ. കരുണാകരനായിരുന്നു യു.ഡി.എഫ് നേതാവ്. പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും കരുണാകരനോടു ചേർന്ന് മുന്നണി ശക്തമാക്കി. ഇവർ മൂന്നു പേരുമായിരുന്നു മുന്നണിയുടെ ആണിക്കല്ലുകൾ. 1995ൽ കരുണാകരനെ പുറത്താക്കി എ.കെ ആന്റണി മുഖ്യമന്ത്രിയായി. മുന്നണി നേതൃത്വം ഉമ്മൻ ചാണ്ടിയുടെ കൈയിൽ. ഒപ്പം കെ.എം മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും.


ഈ ഘടനയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തകർന്നത്.കേരള കോൺഗ്രസ് മാണി വിഭാഗത്തെ അപ്പാടെ കോൺഗ്രസ് നേതൃത്വം മുന്നണിയിൽനിന്നു പുറംതള്ളി. സി.പി.എം നേതൃത്വം അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.യു.ഡി.എഫ് ദുർബലമായി. 2021ലെ തെരഞ്ഞെടുപ്പ് സ്വന്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനു ഭരണത്തുടർച്ച. ഇന്നിപ്പോൾ ഇ.പി ജയരാജൻ മുസ്‌ലിം ലീഗിനെ മുന്നണിയിലേയ്ക്കു ക്ഷണിക്കുന്നത് ഈ ഭരണത്തുടർച്ചയുടെ ബലത്തിൽ.
ഇതാണ് ലീഗ് നേതൃത്വം പരിശോധിക്കേണ്ടത്.തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു കേരള കോൺഗ്രസ് മാണിവിഭാഗം മുന്നണി വിട്ടപ്പോൾ ലീഗ് നേതൃത്വം എന്തെങ്കിലും ചെയ്‌തോ? കേരള കോൺഗ്രസ് നേതൃത്വത്തെ തിരികെ കൊണ്ടുവരാൻ ശ്രമം നടത്തിയോ? ആർ.എസ്.പി എവിടെ നിൽക്കുന്നു? സി.എം.പി എന്തുചെയ്യുന്നു? കോൺഗ്രസിനുള്ളിൽ എന്തുനടക്കുന്നു? സി.പി ജോൺ, ഷിബു ബേബി ജോൺ ഉൾപ്പെടെ വിവിധ യു.ഡി.എഫ് നേതാക്കൾ എന്തു ചെയ്യുന്നു? യു.ഡി.എഫിന്റെ ഭാഗമാണെന്നു പറയുന്ന മുസ്‌ലിം ലീഗിനും മുന്നണി കാര്യങ്ങളൊക്കെ അന്വേഷിക്കാൻ ബാധ്യതയില്ലേ? ഇ.പി ജയരാജനെ എന്തിന് കുറ്റം പറയണം?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago