ജിഗ്‌നേഷ് മേവാനിയെന്ന വേട്ടപ്പക്ഷി
മോദിയെ വിമർശിക്കുന്ന ട്വീറ്റിന്റെ പേരിൽ അസം പൊലിസ് അറസ്റ്റ് ചെയ്ത ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് കോടതി ജാമ്യം അനുവദിച്ച ഉടനെത്തന്നെ അസമിലെ തന്നെ വേറൊരു പൊലിസ് സ്റ്റേഷനിൽ മറ്റൊരു കേസിട്ട് വീണ്ടും അറസ്റ്റ് ചെയ്തു. ഏതു കേസിലാണെന്നു പോലും വ്യക്തമാക്കാതെയായിരുന്നു അറസ്റ്റ്. എഫ്.ഐ.ആറിന്റെ പകർപ്പ് പോലും ലഭിച്ചിട്ടില്ലെന്ന് മേവാനിയുടെ അഭിഭാഷകൻ പറയുകയും ചെയ്തു. ഗുജറാത്ത് വാദ്ഗാമിൽ നിന്നുള്ള എം.എൽ.എയായ ജിഗ്‌നേഷ് മേവാനിയോട് ബി.ജെ.പിക്ക് പകയുണ്ടാകാൻ കാരണങ്ങൾ പലതുണ്ട്.
2016 ജൂലൈയിൽ പശുവിന്റെ പേരിലുള്ള സംഘ്പരിവാർ പീഡനത്തിനെതിരേ ഗുജറാത്തിലെ ഉനയിൽ ദലിതുകൾ നടത്തിയ സമരത്തോടെയാണ് മേവാനിയെന്ന ദലിത് നേതാവിന്റെ ഉദയം. ബി.ജെ.പി സർക്കാരിനെതിരേ രൂപംകൊണ്ട ആദ്യത്തെ സംഘടിത സമരമായിരുന്നു അത്. അത്രയും കാലം ബി.ജെ.പിയുടെ ചാവേർപ്പടയായിരുന്ന ദലിതുകൾ പിന്നീട് സംഘ്പരിവാർ രാഷ്ട്രീയത്തിനൊപ്പം നിന്നിട്ടില്ല. മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ദലിത് അവകാശങ്ങളെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഗുജറാത്തിൽ നാല് ദലിത് യുവാക്കളെ ചാട്ടവാറടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതോടെ രാജ്യത്താകമാനം ദലിതരുടെ അസംതൃപ്തി പ്രക്ഷോഭങ്ങളുടെ രൂപത്തിൽ പുറത്തുവന്നത് ജിഗ്‌നേഷ് മേവാനിയുടെ വരവോടെയാണ്. ദലിത് സ്വത്വം, അന്തസ് എന്നിവ രാജ്യത്തെ ദലിതരുടെ പ്രധാന പ്രശ്‌നമായ ഭൂമിയുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നതിൽ വിജയിച്ച നേതാവാണ് മേവാനി. ഉനയിൽ മേവാനി നയിച്ച സമരമാകട്ടെ ദേശീയ ശ്രദ്ധയാകർഷിക്കുകയും അതിന്റെ പ്രകമ്പനം രാജ്യമെമ്പാടുമുണ്ടാകുകയും ചെയ്തു. പശുവിന്റെ പേരിൽ ദലിതുകൾ മേൽജാതിക്കാരുടെ പീഡനമേൽക്കുന്ന സംഭവങ്ങൾ ഗുജറാത്തിൽ കുറയുകയും ചെയ്തു. ഗുജറാത്തിൽ ഭിന്നിച്ച് നിന്നിരുന്ന 30 ദലിത് സംഘടനകളെ ഉന ദലിത് അത്യാചാർ ലഡാത് സമിതിയുടെ കീഴിൽ യോജിപ്പിച്ച് നിർത്താനായെന്നതായിരുന്നു മേവാനിയുടെ ആദ്യ വിജയം. അന്നു മുതൽ ബി.ജെ.പി നേതൃത്വം നോട്ടമിട്ടതാണ് ജിഗ്‌നേഷ് മേവാനിയെ. പിന്നാലെ വന്ന 2017ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച മേവാനി,ബി.ജെ.പിയെ തോൽപിച്ച് വാദ്ഗാമിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ ജയിച്ചു.
അന്നുമുതൽ ഇതുവരെ ഗുജറാത്തിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള നേതാവാണ് മേവാനി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കുടിപ്പകയാണ് തന്റെ അറസ്റ്റെന്നാണ് മേവാനി ചൂണ്ടിക്കാട്ടുന്നത്. രോഹിത് വെമുലയോടും ചന്ദ്രശേഖർ ആസാദിനോടും ചെയ്തത് തന്നെയാണ് തന്നോടും ചെയ്യുന്നതെന്നും മേവാനി പറയുന്നു. മോദിയെ വിമർശിച്ചതിന്റെ പേരിൽ അസമിലെ കൊക്‌റാജറിലുള്ള ബി.ജെ.പി നേതാവ് അനുപ് ദേയുടെ പരാതിയിൽ അസം പൊലിസ് ഗുജറാത്തിലെ പാലംപുരിൽനിന്ന് രാത്രി 11.30നാണ് മേവാനിയെ അറസ്റ്റ് ചെയ്യുന്നത്. 25ന് കൊക്‌റാജർ കോടതി മേവാനിക്ക് ജാമ്യം അനുവദിച്ചു. തൊട്ടുപിന്നാലെ ബാർപേട്ട പൊലിസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു രണ്ടാമത്തെ അറസ്റ്റ്.
ബാർപേട്ട പൊലിസ് സ്റ്റേഷനിലെ ദേവികാ ബ്രഹ്മയെന്ന സബ് ഇൻസ്‌പെക്ടർ,തന്നോട് മോശമായി പെരുമാറിയെന്ന് മേവാനി പരാതി ഉന്നയിച്ചിരുന്നു. അറസ്റ്റിലായ മേവാനിയെയും കൊണ്ട് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന് കൊക്‌റാജർ വരെ പോയ സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്റ്റർ തന്നോട് മോശമായി പെരുമാറിയെന്നും വിരൽ ചൂണ്ടി പേടിപ്പിച്ചെന്നും പിടിച്ചുതള്ളിയെന്നുമാണ് പരാതി. മേവാനിയുടെ അറസ്റ്റിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് അടുത്തെത്തിയ ഗുജറാത്ത് തെരഞ്ഞെടുപ്പാണെന്ന് വ്യക്തം.
ആംആദ്മി പാർട്ടി കൂടി ഗുജറാത്തിലെത്തിയതോടെ ബി.ജെ.പി വോട്ടുബാങ്കിൽ കാര്യമായ പിളർപ്പുണ്ടാകുമെന്ന് വ്യക്തമാണ്. 182 സീറ്റുകളുള്ള ഗുജറാത്തിൽ 99 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്കുള്ളത്. ഇതിൽ പലതും വിജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. പട്ടേൽ വിഭാഗങ്ങൾ ഇപ്പോഴും ബി.ജെ.പിയോട് സന്ധിയായിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങൾക്ക് ഭീഷണിയാകുന്ന ഘടകങ്ങളെ ഓരോന്നായി ഇല്ലായ്മ ചെയ്യാൻ കൊണ്ടുപിടിച്ചുള്ള ശ്രമത്തിലാണ് ബി.ജെ.പി.
മുസ്‌ലിംകൾ മാത്രമല്ല, ദലിത് സമൂഹവും ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രമെന്ന ആശയത്തിന്റെ ഫലപ്രാപ്തിയിലേക്കുള്ള വഴിയിലെ തടസ്സങ്ങളാണ്. ബീഫ്, ലൗ ജിഹാദ്, ഘർവാപസി തുടങ്ങിയ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് മുസ്‌ലിംന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരത്വത്തിലേക്ക് തള്ളിവിടുന്നതിനൊപ്പം ദലിതുകൾക്കെതിരായ നീക്കങ്ങളും നടക്കുന്നുണ്ടെന്നത് സുവ്യക്തമാണ്. ഭീമ കൊറെഗാവ് കേസ് ഇതിന് തികഞ്ഞ ഉദാഹരണമാണ്.
ഭീമ കൊറെഗാവിൽ കലാപമുണ്ടാക്കിയതും ദലിതുകളെ ആക്രമിച്ചതും സംഘ്പരിവാറാണ്. എന്നാൽ കേസിൽ ജയിലിൽ കഴിയുന്നത് ആദിവാസികളുടെയും ദലിതുകളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മഹേഷ് റൗട്ട്, റോണ വിൽസൺ, സുരേന്ദ്രഗാഡ്‌ലിങ്, സോമ സെൻ, സുധീർ ധവാലെ, ഗൗതം നവ്‌ലാഖ, സുധാ ഭരദ്വാജ്, വരവര റാവു, വേനോൺ ഗൊൺസാലസ്, അരുൺ ഫെരേര, ആനന്ദ് തെൽതുംഡെ തുടങ്ങിയവരും. ഈ പശ്ചാതലത്തിൽ കൂടിയാണ് ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിനെ വിലയിരുത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."