ചെറുപ്പമാകാൻ സി.പി.ഐ ; പ്രായപരിധി 75; പാർട്ടി ഘടകങ്ങളിൽ 40 ശതമാനം യുവാക്കൾ
തിരുവനന്തപുരം
സി.പി.എമ്മിനു പിന്നാലെ സി.പി.ഐയിലും യുവത്വനിരയൊരുങ്ങുന്നു.
പാർട്ടി ദേശീയ കൗൺസിൽ നിർദേശമനുസരിച്ച് സംസ്ഥാന കൗൺസിൽ അംഗങ്ങൾക്ക് 75 വയസ് പ്രായപരിധി നിശ്ചയിച്ചു. ജില്ലാ സെക്രട്ടറിമാർക്ക് 65 , മണ്ഡലം സെക്രട്ടറിമാർക്ക് 60 ആണ് പ്രായപരിധി. പ്രവർത്തനമികവ് കണക്കിലെടുത്ത് ഇളവ് അനുവദിക്കാനും ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.
പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും നാൽപത് ശതമാനം പേർ 50 വയസിൽ താഴെയുള്ളവരാകണമെന്നും അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് ശരാശരി പ്രായം 50ൽ താഴെ വേണമെന്നും നിർദ്ദേശമുണ്ട്.
ബ്രാഞ്ച് സെക്രട്ടറിമാരുടെ പ്രായപരിധി 45 ആയാണ് ദേശീയ കൗൺസിൽ നിശ്ചയിച്ചതെങ്കിലും അത് പ്രായോഗികമല്ലെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. നിലവിൽ 45 കഴിഞ്ഞ പലരേയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തിരുന്നു. അവർ തുടരട്ടെ എന്നും പാർട്ടി കൗൺസിൽ തീരുമാനിച്ചു.
പ്രായപരിധിയിൽ സംസ്ഥാന കൗൺസിലും അംഗീകാരം നൽകിയതോടെ 75 വയസായവർ ഒഴിവാകും. സി.ദിവാകരൻ, കെ.ഇ ഇസ്മയിൽ ഉൾപ്പെടെയുള്ള പല പ്രമുഖ നേതാക്കളും സംസ്ഥാന നേതൃത്വത്തിൽനിന്നു മാറി നിൽക്കേണ്ടി വരും.
യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് സർക്കാരിന്റെ വികസനപദ്ധതികളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഈ രാഷ്ട്രീയനീക്കത്തിനെതിരേ ജാഗ്രത വേണമെന്നും സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിൽവർലൈൻ കല്ലിടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എക്‌സിക്യൂട്ടീവിൽ ഉണ്ടായ വിമർശനം ഇന്നലെ കൗൺസിൽ യോഗത്തിലും ആവർത്തിച്ചു.
ഇടതുമുന്നണി ചർച്ചപോലും ചെയ്യാത്ത വിഷയത്തിൽ മുന്നണി കൺവീനറായി ചുമതലയേറ്റയുടൻ ഇ.പി. ജയരാജൻ ലീഗിനെ ക്ഷണിച്ച് നടത്തിയ പരാമർശം ശരിയായില്ലെന്നും അഭിപ്രായമുയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."