കെ.എസ്.ഇ.ബി സമരം വൈദ്യുതി തടസപ്പെട്ടാൽ എസ്മ പ്രയോഗിക്കാം: ഹൈക്കോടതി
ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാം
കൊച്ചി
ജീവനക്കാരുടെ സമരത്തെ തുടർന്ന് വൈദ്യുതിവിതരണം തടസപ്പെട്ടാൽ കേരള അവശ്യ സേവന പരിപാലന നിയമ പ്രകാരം (എസ്മ) സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കെ.എസ്.ഇ.ബി ഓഫിസർമാരുടെ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നിർദ്ദേശം.
ഏപ്രിൽ 11 മുതൽ കെ.എസ്.ഇ.ബി ഓഫിസർമാർ റിലേ സമരത്തിലാണ്. ഇതിനെതിരേ വൈത്തിരി സ്വദേശി അരുൺ ജോസും തിരുവനന്തപുരം സ്വദേശി കെ.വി.ജയചന്ദ്രൻ നായരും ഫയൽ ചെയ്ത ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യം ഉണ്ടായാൽ സമരം വിലക്കി എസ്മ പ്രകാരം ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ജസ്റ്റിസ് സി.എസ് ഡയസും ജസ്റ്റിസ് ബസന്ത് ബാലജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
1960ലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും ബാധകമാണെന്ന് രേഖകളിൽ വ്യക്തമാണ്. സർക്കാർ ജീവനക്കാരുടെ ഏതു തരത്തിലുള്ള സമരവും നിയമവിരുദ്ധമാണെന്ന് ബാലഗോപാൽ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ഉചിതമായ നടപടിയെടുക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയുമെന്നും കോടതി വ്യക്തമാക്കി. ഹരജി മെയ് 21 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."