'വീടില്ലാത്തവര്‍ക്കാണ് അഭയം വേണ്ടത്, ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണ്'; കോടിയേരിയുടെ 'രാഷ്ട്രീയ അഭയം' തള്ളി കെ.വി തോമസ്
കൊച്ചി: രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് കെ.വി തോമസ്. വീടില്ലാത്തവര്‍ക്കാണ് രാഷ്ട്രീയ അഭയം വേണ്ടത്. ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതിന് എന്തിന് അപമാനം തോന്നണമെന്നും കെ.വി തോമസ് ചോദിച്ചു.
കോണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി അദ്ധ്യക്ഷയാണ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരണത്തിനില്ല. പദവികള്‍ എന്നത് മേശയും കസേരയുമാണ്. അത് മാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ല. തനിക്കു ജനങ്ങള്‍ തന്ന സ്ഥാനം പോലും എടുത്ത് മാറ്റിയവരാണ് അവര്‍- കെ.വി തോമസ് പറഞ്ഞു.
കോടിയേരി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. എന്റെ നിലപാട് പറയേണ്ട സമയത്ത് പറയും. ഞാന്‍ കോണ്‍ഗ്രസാണ്, കോണ്‍ഗ്രസുകാരനായി ജീവിക്കും, കോണ്‍ഗ്രസുകാരനായി മരിക്കുമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമസിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശിപാര്‍ശ. ശക്തമായ താക്കീത് നല്‍കാനും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ആവശ്യം.
കുറ്റം വീണ്ടും ആവര്‍ത്തിക്കരുത് എന്ന് താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശിപാര്‍ശ ചെയ്യുന്നുണ്ട്. നേരില്‍ ഹാജരായി സമിതിയില്‍ വിശദീകരണം നല്കാന് അവസരം നല്‍കണമെന്ന തോമസിന്റെ ആവശ്യവും സമിതി തള്ളിയിരുന്നു. ഏപ്രില്‍ 11ന് ചേര്‍ന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിനെതിരായ പരാതി പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."