HOME
DETAILS

ഇന്ദിരാഭവന്‍ സര്‍വകലാശാലയിലെ ഗവേഷണം

  
backup
May 09 2021 | 02:05 AM

65456445-2


നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ തോല്‍വി ഇത്തിരി കനത്തതായിപ്പോയി എന്നതു നേരാണ്. എന്നുകരുതി കോണ്‍ഗ്രസ്സങ്ങ് തകര്‍ന്നുപോകുമെന്നൊന്നും ആരു കരുതേണ്ട. പരാജയത്തിന്റെ കാരണങ്ങള്‍ പഠിച്ചു പരിഹാരക്രിയ ചെയ്യുമെന്നു കെ.പി.സി.സി പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം പറഞ്ഞാല്‍ അതു നടന്നിരിക്കും, നടന്നിരിക്കണം.


തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതു മുതല്‍ പ്രധാനനേതാക്കള്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം പാര്‍ട്ടിക്കാരില്‍ പലരും ഉയര്‍ത്തിയെന്നതു നേരു തന്നെ. എന്നുവച്ച് പരിഹാരക്രിയ നടത്താതെ പാര്‍ട്ടിയെ കൈയൊഴിയുന്നത് ശരിയായ നടപടിയല്ലല്ലോ. അതുകൊണ്ടാണ്, തല്‍ക്കാലം താന്‍ മാത്രമായിട്ടു സ്ഥാനമൊഴിയില്ലെന്ന നിലപാട് കെ.പി.സി.സി പ്രസിഡന്റ് സ്വീകരിച്ചത്.


കേരളത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടികളുടെ ആസ്ഥാനങ്ങള്‍ മികച്ച പഠനകേന്ദ്രങ്ങളാണ്. എ.കെ.ജി സെന്ററില്‍ പഠന, ഗവേഷണ കേന്ദ്രമുണ്ട്. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലുമുണ്ട് സര്‍വകലാശാലയെന്നു വിളിക്കാവുന്ന പഠനകേന്ദ്രം. സി.പി.എമ്മുകാരെപ്പോലെ കൊട്ടിഘോഷിക്കാത്തതുകൊണ്ടാണ് ആരും അക്കാര്യം അറിയാത്തത്. കോണ്‍ഗ്രസുകാര്‍ വൈജ്ഞാനിക രംഗത്ത് ഏറെ ഉയര്‍ന്ന തലത്തിലാണെങ്കിലും അതു നാടാകെ പാടിനടക്കാറില്ല. ഗാന്ധിയന്‍ വിനയം കാരണമാണത്. ഗൗരവതരമായ ഗവേഷണം നടക്കുന്ന സ്ഥാപനത്തില്‍ ശക്തനായ, കാര്യവിവരമുള്ള ഭരണാധികാരിയുണ്ടാവണം. ഇന്ദിരാഭവനിലെ സര്‍വകലാശാലയ്ക്കും ഇതു ബാധകമാണ്. അതുകൊണ്ട് ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ സ്ഥാനത്യാഗം ആവശ്യപ്പെടാന്‍ പറ്റാത്തതാണ്. അതിനു മുറവിളിയുയര്‍ത്തുന്നവര്‍ ആ പഠനകേന്ദ്രത്തെ തകര്‍ക്കുന്നവരാണെന്നതില്‍ രണ്ടില്ല പക്ഷം.


ഇന്ദിരാഭവന്‍ സര്‍വകലാശാലയില്‍ ഇതുപോലുള്ള ഗവേഷണം പുത്തനല്ല. പാര്‍ട്ടിക്കു തെരഞ്ഞെടുപ്പു തോല്‍വിയുണ്ടാകുമ്പോഴെല്ലാം അങ്ങനെ ഗവേഷണം നടന്നിട്ടുണ്ട്. തെന്നല ബാലകൃഷ്ണപിള്ള, കെ.വി തോമസ് തുടങ്ങിയ രാഷ്ട്രീയവിശാരദന്മാര്‍ അത്തരം ഗവേഷണങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. അതൊക്കെ വിശകലനം ചെയ്തു പരിഹാരക്രിയയും നടത്തി വര്‍ധിതവീര്യത്തോടെ മുന്നേറിയ ചരിത്രമാണു കോണ്‍ഗ്രസിനുള്ളത്.


അക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു 2014 ല്‍, അന്നു യു.ഡി.എഫിലായിരുന്ന എം.പി വീരേന്ദ്രകുമാര്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ഗവേഷണം. അന്നു യു.ഡി.എഫിലായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയെയാണു ചുമതലയേല്‍പ്പിച്ചത്. ഗവേഷണം ഗംഭീരമായി തന്നെ നടന്നു. കാലം കടന്നുപോയി. പിന്നീട് വീരേന്ദ്രകുമാറും പിള്ളയും എതിര്‍ചേരിയലെത്തി. അതുകഴിഞ്ഞു രണ്ടുപേരും ഇഹലോകവാസം വെടിഞ്ഞു. ഇതൊക്കെ സംഭവിച്ചിട്ടും ഗവേഷണപ്രബന്ധം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണു ദോഷൈകദൃക്കുകള്‍ പറയുന്നത്.


നാട്ടുകാര്‍ അങ്ങനെ പലതും പറയും. ആ പ്രബന്ധം സര്‍വകലാശാലയില്‍ കിട്ടിയിട്ടു കാലമേറെയായി. കോണ്‍ഗ്രസുകാരൊക്കെ അതു വിശകലനം ചെയ്തു പഠിച്ചു രാഷ്ട്രതന്ത്രത്തില്‍ വിദഗ്ധരായി മാറിക്കഴിഞ്ഞു. രാഷ്ട്രീയകക്ഷികളുടെ ഗവേഷണപ്രബന്ധങ്ങള്‍ അങ്ങനെ പരസ്യപ്പെടുത്താറില്ല. ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചു സി.പി.എം നടത്തിയ ഗവേഷണപ്രബന്ധം ഇതുവരെ പുറത്തുവന്നിട്ടില്ലല്ലോ. ആഭ്യന്തര രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ സി.പി.എമ്മിനേക്കാള്‍ കണിശതയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് എല്ലാവര്‍ക്കുമറിയാം.


എന്തുകൊണ്ട് യു.ഡി.എഫ് തോറ്റെന്നു ഭൂമിമലയാളത്തിലെ കോണ്‍ഗ്രസുകാരല്ലാത്തവര്‍ക്കെല്ലാം നന്നായി അറിയാം. എന്നാല്‍, അങ്ങനെ ആരെങ്കിലും പറഞ്ഞുകേട്ടു വിശ്വസിക്കാനിരിക്കുന്നവരല്ലല്ലോ കോണ്‍ഗ്രസുകാര്‍. ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തി താത്ത്വികാവലോകനം നടത്തി അറിയണം. ഗവേഷണവും വിശകലനവുമൊക്കെ പൂര്‍ത്തിയാകുമ്പോള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞെന്നിരിക്കും. അതിലൊന്നും കുഴപ്പമില്ല. സൗകര്യംപോലെ വിശകലനം ചെയ്യാമല്ലോ. അതിനിടയില്‍ ആ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതിനെക്കുറിച്ചു പഠിക്കാനും പുതിയ ഗവേഷകസംഘത്തെ നിയോഗിക്കാം. ഈ പഠനം തെരഞ്ഞെടുപ്പിനു ശേഷം നടത്തുന്നതാണെന്നൊന്നും കരുതേണ്ട. ഈ തെരഞ്ഞടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞ സമയത്തുതന്നെ യു.ഡി.എഫിന് എത്ര സീറ്റുകള്‍ കിട്ടുമെന്നു ഗവേഷണം നടത്തി കണ്ടെത്താന്‍ പാര്‍ട്ടി ഡി.സി.സികളെയും ബ്ലോക്ക് കമ്മിറ്റികളെയുമൊക്കെ നിയോഗിച്ചിരുന്നു. പഠനം ഏറെക്കുറെ കൃത്യമായിരുന്നു. 100 സീറ്റുകള്‍ കിട്ടുമെന്നായിരുന്നു റിപ്പോര്‍ട്ട്. വ്യത്യാസമുണ്ടായത് ഒരു സീറ്റില്‍ മാത്രമാണ്. 99 കിട്ടിയല്ലോ. പഠനറിപ്പോര്‍ട്ട് എഴുതിയപ്പോള്‍ എല്‍.ഡി.എഫിനു പകരം യു.ഡി.എഫ് എന്നായിപ്പോയെന്നു മാത്രം. അതു വലിയ തെറ്റൊന്നുമല്ല.

തുടര്‍ഭരണത്തിന്റെ
ഗുണഫലങ്ങള്‍


പശ്ചിമബംഗാള്‍ നിയമസഭയിലേയ്ക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാരില്‍ 51 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരിലുമുണ്ട് 34 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ മറ്റുള്ള അതിക്രമങ്ങള്‍ തുടങ്ങിയ കേസുകളില്‍ പ്രതികളാണവര്‍. എന്നാല്‍ സി.പി.എം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് അവിടെ ക്രിമിനല്‍ കേസുള്ള ഒറ്റ എം.എല്‍.എ പോലുമില്ല. അത്രയേറെ ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ട് ഈ പാര്‍ട്ടികള്‍ അവിടെ.


അതു വെറുതെ സംഭവിച്ചതൊന്നുമല്ല. തുടര്‍ഭരണത്തിന്റെ ഗുണഫലമാണ്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം തുടര്‍ച്ചയായി 34 വര്‍ഷം നിലനിന്ന സംസ്ഥാനമാണത്. അതിനു മുമ്പ് കോണ്‍ഗ്രസിന്റെ തുടര്‍ഭരണമായിരുന്നു. അതുകൊണ്ടാണ് രണ്ടു പാര്‍ട്ടികളും അവിടെ ഇങ്ങനെയൊക്കെ ആയിക്കിട്ടിയത്.
തൊട്ടടുത്ത ത്രിപുരയിലേയ്ക്കു നോക്കിയാലും അതു കാണാം. ദീര്‍ഘകാലം സി.പി.എമ്മിനു തുടര്‍ഭരണമുണ്ടായിരുന്ന സംസ്ഥാനമാണത്. അവിടെയും ഇപ്പോള്‍ ക്രിമിനല്‍ കേസ് പ്രതികളായ സി.പി.എം എം.എല്‍.എമാര്‍ എടുത്തുപറയാന്‍ മാത്രമൊന്നുമില്ല. മിക്കവാറും അവിടെ ഒരു തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ ഒട്ടും കാണില്ല.
ഏറ്റവുമധികം കാലം കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും തുടര്‍ഭരണം കിട്ടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന്റെ ഗുണവും കാണാനുണ്ട്. കേന്ദ്രത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ക്രിമിനല്‍, അഴിമതി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു മന്ത്രിപോലുമില്ല. തുടര്‍ഭരണമുണ്ടായിരുന്ന മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ അവസ്ഥ ഏറെക്കുറെ അങ്ങനെയാണ്. ഇത്തരം കേസുകളില്‍ പെട്ട കോണ്‍ഗ്രസ് മന്ത്രിമാരും എം.എല്‍.എമാരുമൊക്കെ വളരെ കുറവാണ്. ചിലയിടങ്ങളില്‍ ഒരാള്‍ പോലുമില്ല. കുറേക്കാലം കോണ്‍ഗ്രസിനൊപ്പവും ബംഗാളില്‍ സി.പി.എമ്മിനൊപ്പവും തുടര്‍ഭരണമുണ്ടായിരുന്ന സി.പി.ഐ ഇക്കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ വിശുദ്ധി നേടിയിട്ടുണ്ട്.
കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം കുറേക്കാലം തുടര്‍ന്നാല്‍ ആ പാര്‍ട്ടിക്കുമുണ്ടാകും ഈ നേട്ടം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം പത്തുവര്‍ഷം പിന്നിട്ട് മൂന്നാം തവണയിലേക്കു കടക്കുകയാണ്. ഇനി രണ്ടുതവണയെങ്കിലും തുടര്‍ഭരണമുണ്ടായാല്‍ ആ പാര്‍ട്ടിയും ശുദ്ധീകരിക്കപ്പെടും.


കേരളത്തില്‍ സി.പി.ഐയും സി.പി.എമ്മുമടങ്ങുന്ന ഇടതുമുന്നണിക്ക് ആദ്യമായാണ് തുടര്‍ഭരണം കിട്ടുന്നത്. ഭൂമികൈയേറ്റം, ബന്ധുനിയമനം, നിയമസഭയിലെ ഫര്‍ണിച്ചറും കംപ്യൂട്ടറുമൊക്കെ തല്ലിപ്പൊളിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതികളും ആരോപണവിധേയരുമൊക്കെയായ ഏതാനും എം.എല്‍.എമാരുണ്ട് സി.പി.എമ്മില്‍. ഒന്നോ രണ്ടോ തവണകൂടി തുടര്‍ഭരണം കിട്ടിയാല്‍ ഇവിടെയും പൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടേക്കും. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയകക്ഷികളില്‍ നവീകരണ പ്രക്രിയകള്‍ സംഭവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago