ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽ ശസ്ത്രക്രിയക്ക് വിധേയനായി; ഏഷ്യ കപ്പും ഐ.പി.എല്ലും നഷ്ടമാകും
പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽ ശസ്ത്രക്രിയക്ക് വിധേയനായി. താരത്തിന്‍റെ പുറംഭാഗത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും സുഖം പ്രാപിക്കുകയാണെന്നും ബി.സി.സി.ഐയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യ കപ്പും ഐ.പി.എല്ലും താരത്തിന് നഷ്ടമാകും എന്ന് ഉറപ്പായി.
പുറംഭാഗത്തെ പരിക്കിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ താരം ടീമിനു പുറത്താണ്. ബുംറ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ 24 ആഴ്ചയെടുക്കുമെന്നും ആഗസ്റ്റോടെ നെറ്റ്സിൽ പരിശീലനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നു.
ഏകദിന ലോകകപ്പിനു മുന്നോടിയായി ബുംറ തിരിച്ചെത്തും എന്നാണ് പ്രതീക്ഷ. 2022 ഏഷ്യ കപ്പ്, ട്വന്‍റി20 ലോകകപ്പ്, ബോർഡർ-ഗവാസ്കർ ട്രോഫി എന്നിവയെല്ലാം താരത്തിന് നഷ്ടമായിരുന്നു.
ക്രൈസ്റ്റ്ചർച്ചിലെ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. രോഗം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആശുപത്രി അധികൃതർ തയറായില്ല. ബുംറയെ കുറിച്ചുള്ള വിവരങ്ങൾക്ക് ബി.സി.സി.ഐയുമായി ബന്ധപ്പെടുന്നതാകും നല്ലതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."