അൽ അഖ്സ ആക്രമണം; കടുത്ത ഭാഷയിൽ അപലപിച്ച് അറബ് രാജ്യങ്ങളും സഖ്യങ്ങളും
റിയാദ്: അധിനിവിഷ്ട ജറൂസലമിലെ ശൈഖ് ജറാഹ് ഡിസ്ട്രിക്ടിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് പ്രദേശത്ത് ഇസ്റഈൽ പരമാധികാരം അടിച്ചേൽപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അൽ അഖ്സ പള്ളിയിലും പരിസരങ്ങളിലും ഇസ്രാഈൽ നടത്തിയ നരനായാട്ടിൽ അറബ് രാജ്യങ്ങളും സഖ്യങ്ങളും ശക്തമായ ഭാഷയിൽ അപലപിച്ചു. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിതെന്നും സമാധാന പ്രക്രിയ പുനഃരാരംഭിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നതാണെന്നും വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഇസ്രാഈലുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം പ്രഖ്യാപിച്ചശേഷം ആദ്യമായാണ് ഇസ്രഈലിനെതിരെ ഗൾഫിൽ നിന്ന്ശക്തമായ രീതിയിൽ ശബ്ദമുയരുന്നത്.
ഇസ്രാഈൽ പദ്ധതികളും നടപടികളും ശക്തിയുക്തം നിരാകരിക്കുന്നതായി സഊദി അറേബ്യ വ്യക്തമാക്കി. യു.എൻ തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഫലസ്തീനികൾക്ക് സാധിക്കുന്ന നിലയിൽ ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവവും സമഗ്രവുമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും സഊദി അറേബ്യ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വലിയ ലംഘനമാണ് ഇസ്രാഈൽ നടത്തിയിരിക്കുന്നതെന്നും ഫലസ്തീൻ വിഷയത്തിൽ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഖത്തർ പറഞ്ഞു. ഫലസ്തീൻ ജനതക്കും അൽ അഖ്സ പള്ളിക്കുമെതിരായ നിരന്തരമുള്ള ഇസ്രാഈൽ ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിർത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിെൻറ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യമായിരിക്കുന്നുവെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അൽ അഖ്സയിലെ അതിക്രമം ആശങ്കാജനകമാണെന്ന് യു.എ.ഇ മന്ത്രി ഖലീഫ ഷഹീൻ അൽമരാർ പറഞ്ഞു. ഇസ്രാഈൽ അധികാരികൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്നും അന്താരാഷ്ട്ര നിയമ നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്നും ഫലസ്തീൻ ജനതക്ക് അവരുടെ മതാനുഷ്ടാനങ്ങൾ നിർവഹിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധിനിവിഷ്ട ഫലസ്തീനിലെ ശൈഖ് ജറാഹ് ഡിസ്ട്രിക്ടിലെ വീടുകളിൽനിന്ന് ഡസൻ കണക്കിന് ഫലസ്തീനി കുടുംബങ്ങളെ ഇസ്രാഈൽ സൈന്യവും തീവ്രവാദികളായ ജൂതകുടിയേറ്റ കോളനിക്കാരും ചേർന്ന് ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതിനെയും, കുടിയൊഴിപ്പിക്കലിന് ഇരയാകുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്ന ഇഫ്താറുകളിൽ പങ്കെടുക്കുന്നവർക്കു നേരെയുള്ള ആക്രമണങ്ങളെയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷനും അപലപിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അറബ് സമാധാന പദ്ധതിയുടെയും യു.എൻ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള സമാധാന പ്രക്രിയക്ക് ഇസ്രാഈലിന്റെ ഇത്തരം നടപടികൾ സഹായകമാകില്ലെന്നും ഒ.ഐ.സി പറഞ്ഞു.
കിഴക്കൻ ജറൂസലമിലെ ശൈഖ് ജറാഹ് ഡിസ്ട്രിക്ടിൽനിന്ന് ഫലസ്തീനികളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിച്ച് ഇസ്രായിൽ ജൂതകുടിയേറ്റ കോളനി നിർമാണം തുടരുന്നതിനെ ഗൾഫ് സഹകരണ കൗൺസിൽ സിക്രട്ടറി ജനറൽ ഡോ: നായിഫ് അൽഹജ്‌റഫും അപലപിച്ചു. ഇസ്രാഈലിന്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും പശ്ചിമേഷ്യൻ സമാധാന പ്രക്രിയക്ക് വിഘാതവുമാണ്. ഫലസ്തീനികളുടെ കുടിയൊഴിപ്പിക്കലും പുതിയ ജൂതകുടിയേറ്റ കോളനികളുടെ നിർമാണവും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രാഈലിനു മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."