ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ കേരളവും; സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍; പരിഹസിച്ച് രാഷ്ട്രീയ കേരളവും
തിരുവനന്തപുരം: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി.ആര്‍ പ്രചരണത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരളവും ഗുജറാത്തിലെത്തിയതിനെതിരേ വ്യാപക വിമര്‍ശനം. സോഷ്യയല്‍ മീഡിയയും രാഷ്ട്രീയ നേതാക്കളും ഇതിനെതിരേ ട്രോളുകളുമായി രംഗത്തെത്തി.
മോദി മീഡിയയുടെ വ്യാജ പതിപ്പായഗുജറാത്ത് മോഡല്‍ വികസനത്തെ സംബന്ധിച്ച് ഇടതുപക്ഷം ഉള്‍പ്പെടെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ പൊള്ളയായ വികസനത്തെക്കുറിച്ച് പഠിക്കാനാണ് അതേ സര്‍ക്കാര്‍ തന്നെ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടെ ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നത് എന്നതാണ് ഏറെ വിചിത്രം.
ഇനി എന്നാണ് പിണറായി വിജയന്‍ മോദിയുടെ വികസനം പഠിക്കാന്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറുന്നതെന്നുകൂടി അറിഞ്ഞാല്‍ മതി എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസം. ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ കേരളത്തില്‍ വന്നാണ് പഠിക്കേണ്ടതെന്നുമായിരുന്നു മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം. രാഷ്ട്രീയം കാരണം ഒരു കാര്യവും പഠിക്കാതെ പോകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേ സമയം പിണറായിയെ നെഞ്ചില്‍ തൊട്ടു അഭിനന്ദിക്കുകയാണെന്നും വൈകിവന്ന വിവേകത്തില്‍ സന്തോഷമുണ്ടെന്നും ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
അതേ സമയം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്തിലെത്തി.
വന്‍കിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്തില്‍ മോദി നടപ്പാക്കിയ ഡാഷ്ബോര്‍ഡ് സിസ്റ്റത്തെക്കുറിച്ച് പഠിക്കുന്നതിനാണ് ചീഫ് സെക്രട്ടറിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐ.എ.എസും സംബന്ധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഡാഷ് ബോര്‍ഡിനെ കുറിച്ചുള്ള നിര്‍ദ്ദേശമുയര്‍ന്നത്. ചീഫ് സെക്രട്ടറി തല സമിതി റിപ്പോര്‍ട്ട് അടിയന്തരമായി മുഖ്യമന്ത്രിക്ക് നല്‍കും.
അതേ സമയം ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് പദ്ധതിയെക്കുറിച്ച് പഠിക്കുവാന്‍ ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദര്‍ശിക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍ വ്യക്തമാക്കി. സി.പി.എമ്മിന്റെ രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നിലപാടില്‍ സിപിഎം വെള്ളം ചേര്‍ത്തിട്ടില്ലെന്നും ബിജെപിക്കെതിരേ ശക്തമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."