മദ്യനയ കേസ് അന്വേഷണവുമായി പൂർണമായി സഹകരിക്കും; ഇ.ഡിക്ക് മുന്നിൽ ഹാജരാവുന്ന കാര്യത്തിൽ നിയമോപദേശം തേടും: കെ. കവിത
ഹൈദരാബാദ്: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് തെലങ്കാനയിലെ ബി.ആർ.എസ് എം.എൽ.സി കെ. കവിത. എന്നാൽ, വനിത സംവരണ ബില്ലിനെ പിന്തുണച്ച് മാർച്ച് 10ന് ഡൽഹിയിൽ ധർണ നിശ്ചയിച്ചതിനാൽ ഇ.ഡിക്ക് മുന്നിൽ ഹാജരാവുന്ന തീയതി സംബന്ധിച്ച് നിയമോപദേശം തേടുമെന്നും അവർ പറഞ്ഞു.
തന്റെ പിതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന്റെയും ബി.ആർ.എസിന്റെയും പോരാട്ടത്തിനെതിരെയുള്ള ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾക്ക് തങ്ങളെ തടയാനാവില്ല. മാർച്ച് ഒമ്പതിന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടത്. ധർണയും നേരത്തേ തീരുമാനിച്ച മറ്റ് പരിപാടികളും ഉള്ളതിനാലാണ് മറ്റൊരു ദിവസം ഹാജരാകുന്നതിന് നിയമോപദേശം തേടുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12ന് ഇവരെ ഇഡി ഹൈദരാബാദില്‍ ഏഴ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് പ്രത്യുപകാരം കൈപറ്റിയ സൗത്ത് ഗ്രൂപ്പിന്റെ ഭാഗമാണ് കവിതയെന്നാണ് ഇഡി ആരോപിക്കുന്നത്. കവിതയുമായി അടുത്ത ബന്ധമുള്ള വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ അറസ്റ്റ് ചെയ്ത് ഒരു ദിവസം കഴിഞ്ഞ ഉടനെയാണ് കവിതക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. ഇദ്ദേഹത്തെ മാര്‍ച്ച് 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്
അതേസമയം, മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിൽ, ബി.ജെ.പിയുടെ ഭരണ പരാജയങ്ങൾ തുറന്നുകാട്ടാനുള്ള പോരാട്ടം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."