സില്‍വര്‍ ലൈന്‍ സംവാദം ഇന്ന്; എതിര് പാനലില്‍ ആര്.വി.ജി മേനോന് മാത്രം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ ലൈന്‍ സംവാദം ഇന്ന് (വ്യാഴാഴ്ച).
രാവിലെ 11ന് താജ് വിവാന്തയിലാണ് സംവാദം. പദ്ധതിയെ എതിര്‍ത്ത് സംസാരിക്കേണ്ട അലോക്കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയതോടെ ആര്.വി.ജി. മേനോന് മാത്രമാണ് എതിര് പാനലിലുള്ളത്. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്താതെ സംവാദവുമായി മുന്നോട്ടുപോകാനാണ് കെറെയില്‍ തീരുമാനം.
മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്, ഡോ. കുഞ്ചെറിയ പി.ഐസക്, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും. എതിര് പാനലില്‍ ഒരാള്‍ മാത്രമായ സാഹചര്യത്തില്‍ ആര്.വി.ജി. മേനോന് സംസാരസമയം നീട്ടിനല്‍കിയേക്കുമെന്നാണ് വിവരം.
ജോസഫ് സി.മാത്യുവിനെ സംവാദത്തിലേക്ക് ക്ഷണിച്ചശേഷം കാരണമൊന്നും പറയാതെ ഒഴിവാക്കിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പിന്നാലെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് അലോക്വര്‍മയും ജോസഫ് സി.മാത്യുവിന് പകരക്കാരനായി നിശ്ചയിച്ച ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍നിന്ന് പിന്മാറി. പകരക്കാരെ കണ്ടെത്താന്‍ ശ്രമം നടന്നെങ്കിലും അവസാന നിമിഷത്തിലെ അപ്രായോഗികത കണക്കിലെടുത്ത് നിലവിലുള്ളവരെ ഉള്‍പ്പെടുത്തി സംവാദത്തിന് തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."