ദരിദ്രരെ കുടിയൊഴിപ്പിച്ച് തെരുവിലിറക്കുമ്പോൾ
ഡൽഹി നോട്സ്
കെ.എ സലിം
ഡൽഹിയിലെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ കാർഗോണിലും പാവപ്പെട്ട മുസ്‌ലിംകളുടെ വീടുകൾ ഇടിച്ചുനിരത്തിയും സരോജിനി നഗറിലെ ചേരിയിൽനിന്ന് പാവപ്പെട്ടവരെ നഗരത്തിന്റെ ഇല്ലായ്മയിലേക്ക് ആട്ടിയോടിക്കാൻ ശ്രമിച്ചും ഡൽഹിയുടെ നഗരമധ്യത്തിൽ അധികാരകേന്ദ്രം പണിതും പുതിയ ഹിന്ദുത്വ രാഷ്ട്രത്തിന്റെ പണിപ്പുരയിലാണ് സംഘ്പരിവാർ. ധർമസൻസദിലെ കൊലവിളിയും ആഘോഷങ്ങളുടെ പേരിൽ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് കൈവശപ്പെടുത്താനുള്ള നീക്കവും വരാണസിയിലെ ജ്ഞാൻവ്യാപി പള്ളി തകർക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിനിടെ ഖുത്ബ് മിനാറിനുള്ളിലെ വിവാദമായ രണ്ടു ഗണേശ വിഗ്രഹങ്ങൾ അവിടെ നിന്ന് മ്യൂസിയത്തിലേക്ക് നീക്കാനുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നീക്കം കോടതി മുഖേന തടയുകയും ചെയ്തു.
യുനസ്‌കോയുടെ പൈതൃക പദവിയുള്ള ഖുത്ബ് മിനാറിനുള്ളിൽ പൂജ നടത്താൻ അനുമതി വേണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകളുടെ ആവശ്യം. ഖുത്ബ് മിനാർ ക്ഷേത്രമായിരുന്നുവെന്ന സംഘ്പരിവാർ വാദത്തിന് ഏറെ പഴക്കമുണ്ട്. അതെല്ലാം വീണ്ടും ഉയർന്നുവരുന്നുണ്ട്. സംഘ്പരിവാറിന്റെ അവകാശവാദങ്ങൾ രാജ്യത്തെ ഉത്തരവുകളായി മാറാൻ ചരിത്രത്തിന്റെയോ തെളിവുകളുടെയോ പിൻബലമുണ്ടാകണമെന്നില്ല. ജഹാംഗീർപുരിക്കും മുമ്പ് മധ്യപ്രദേശിലെ കാർഗോണിൽ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതിന് പിന്നാലെ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തകർക്കലുകളെന്ന് ആദ്യം ചോദിച്ചത് പ്രശസ്ത എഴുത്തുകാരി തവ്‌ലീൻ സിങ്ങാണ്. യോഗി അധികാരമേറ്റതു മുതൽ ഇത്തരം കുറ്റകൃത്യങ്ങൾ സർക്കാർ നടപടിയുടെ ഭാഗമാണ്. ഗുണ്ടാക്കേസിൽപ്പെടുന്നവരുടെയും മറ്റു കേസുള്ളവരുടെയും വീടുകൾ യു.പി സർക്കാർ പൊളിച്ചുനീക്കിയത് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ്. കുറ്റാരോപിതരുടെ വീടു പൊളിക്കാൻ സർക്കാരിന് അവകാശമുണ്ടോയെന്ന സുപ്രധാന ചോദ്യം അക്കാലത്ത് പ്രതിപക്ഷം പോലുമുയർത്തിയില്ല.
കുറ്റം ചെയ്‌തെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടാൽപ്പോലും അയാളുടെ വീടു പൊളിക്കാൻ സർക്കാരിന് അവകാശമില്ല. യു.പി മുന്നോട്ടുവച്ച ഈ അന്യായങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും പദ്ധതിയാണ് അസമും മധ്യപ്രദേശും കർണാടക പോലുള്ള മറ്റു ബി.ജെ.പി സർക്കാരുകളും ഏറ്റെടുത്തതെന്ന് കാണണം. കാർഗോണിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘ്പരിവാർ നടത്തിയ അക്രമങ്ങളെ ചെറുത്ത മുസ്‌ലിംകളുടെ വീടുകളാണ് തകർത്തത്. രാമനവമിയടക്കമുള്ള ഹിന്ദുമതാഘോഷങ്ങളുടെ പേരിൽ ആർ.എസ്.എസ്, ബജ്‌റംഗ്ദൾ, വി.എച്ച്.പി പോലുള്ള ഹിന്ദുത്വവാദി സംഘടനകൾ മുസ്‌ലിം പ്രദേശങ്ങളിൽ മാരകായുധങ്ങളുമായി റാലികൾ നടത്തുന്നു. പള്ളിക്കുള്ളിൽ കയറി മുസ്‌ലിംവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും മിനാരത്തിൽ കാവിക്കൊടി കെട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെ പ്രദേശത്തെ മുസ്‌ലിംകൾ എതിർക്കുന്നതോടെ സംഘർഷമാവുന്നു. അടുത്തത് സർക്കാരിന്റെ ഊഴമാണ്. കൈയേറ്റമാണെന്നാരോപിച്ച നിയമത്തിന്റെ യാതൊരു പിൻബലവുമില്ലാതെ മുസ്‌ലിംകളുടെ വീടുകളും കടകളും തകർക്കുന്നു. ഇതേ തിരക്കഥയാണ് ജഹാംഗീർപൂരിയിലും ആവർത്തിച്ചത്.
സമാനമായ രീതിയിൽ ഒഖ്‌ലയിലും ഷഹീൻബാഗിലും കെട്ടിടങ്ങൾ തകർക്കാനുള്ള നീക്കം ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള മുനിസിപ്പൽ അധികൃതർ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സുപ്രിംകോടതി ഇടപെട്ടിട്ടും പൊളിക്കൽ അവസാനത്തേതാകില്ലെന്ന് വ്യക്തം.ഇതിനിടെ ജ്ഞാൻവ്യാപിയിൽ പള്ളിക്കുള്ളിൽ വിഗ്രഹമുണ്ടെന്ന സംഘ്പരിവാർ പ്രചാരണം പരിശോധിക്കാൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നു. ബാബരി മസ്ജിദ് നിന്നിടത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയുടെ കാലത്താണ് പള്ളി നിന്ന സ്ഥലത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളെന്ന പേരിൽ കല്ലുകളും വിഗ്രഹങ്ങളുടെ പ്രത്യക്ഷപ്പെടുകയും ശാസ്ത്രീയ തെളിവുകളൊന്നുമില്ലാതിരുന്നിട്ടും അത് ബാബർ പൊളിച്ചുനീക്കിയ അമ്പലത്തിൻ്റേതാണെന്ന് സ്ഥാപിക്കുകയും ചെയ്തത്. ബാബരി പള്ളി തകർത്തതിന് പിന്നാലെ ജ്ഞാൻവ്യാപി മസ്ജിദ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 1993ൽ അൻജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ജില്ലാ ഭരണകൂടത്തെ സമീപിച്ചത് പള്ളി തകർക്കാൻ സംഘ്പരിവാർ മുൻകാലങ്ങളിൽ നിരന്തരം ശ്രമിച്ചുവരുന്നത് മുൻകൂട്ടി കണ്ടായിരുന്നു. സർവേ പ്രകാരം 8276ാം നമ്പർ ഭൂമിയാണ് ജ്ഞാൻവ്യാപിയുടേത്. അടുത്തുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റേത് 8263ാം നമ്പർ ഭൂമിയാണ്. രണ്ടിനെയും വേർതിരിക്കുന്ന മതിലുമുണ്ട്.
1936ൽ പള്ളി പിടിച്ചെടുക്കാൻ ഹിന്ദുത്വ സംഘടനകൾ ശ്രമം തുടങ്ങിയിരുന്നു. ഇതിനായി പ്രദേശവാസികളിൽ ചിലർ പള്ളിയിൽ അവകാശവാദമുന്നയിച്ച് ബനാറസ് സിവിൽ കോടതിയെ സമീപിച്ചു. പള്ളിയിലെ നിസ്‌കാരം തടയണമെന്നും ഭൂമി ക്ഷേത്രത്തിന് വിട്ടുനൽകണമെന്നുമായിരുന്നു ആവശ്യം. മുസ്‌ലിംകൾക്ക് അവിടെ നിസ്‌കരിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു കോടതി വിധി. 1991ൽ സോമനാഥ് വ്യാസെന്ന ആർ.എസ്.എസ് നേതാവ് സ്വയം ഭൂവായ ശിവഭഗവാന്റെ പേരിൽ സിവിൽ കോടതിയിൽ മറ്റൊരു കേസ് ഫയൽ ചെയ്തു. പള്ളി സോമനാഥ ക്ഷേത്രത്തിന് കൈമാറണമെന്നായിരുന്നു ആവശ്യം. അതേവർഷംതന്നെ നരസിംഹ റാവു സർക്കാർ പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് കൊണ്ടുവന്നിരുന്നു. ആരാധനാലയങ്ങളുടെ 1947 ഒാഗസ്റ്റ് 15ന് മുമ്പുള്ള സ്ഥിതി മാറ്റുന്നത് തടയുന്നതായിരുന്നു നിയമം. 17ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച് രേഖകളെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടും പള്ളി 1947ന് മുമ്പ് അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാൻ 1998ൽ സാക്ഷികൾക്ക് സമൻസയക്കുകയെന്ന വിചിത്ര നടപടിയാണ് കോടതി സ്വീകരിച്ചത്. നിരവധി വർഷങ്ങൾക്ക് ശേഷം 2018ലാണ് അലഹബാദ് ഹൈക്കോടതി വിചാരണക്കോടതിയിലെ കേസ് നടപടികൾ സ്റ്റേ ചെയ്യുന്നത്.
2000ത്തിൽ ക്ഷേത്രത്തിൽനിന്ന് പിഴുതെടുത്ത ശിവലിംഗം പള്ളിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പ്രദേശത്ത് ഹിന്ദു-മുസ്‌ലിം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു. 2018 ഒക്ടോബർ 25ന് സിവിൽ കോടതി നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പ്രദേശത്തെ നിർമാണ പദ്ധതിയുടെ മറവിൽ സർക്കാർ കോൺട്രാക്ടർ പള്ളിയുടെ വടക്കൻ മതിൽ തകർത്തു. 2019 മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ കോറിഡോറിന് തറക്കല്ലിടുന്നത്. 600 കോടിയുടെ പദ്ധതിയാണ് കാശി വിശ്വനാഥ് കോറിഡോർ. ഇതിനായി കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുക്കണം. ചുറ്റുമുള്ള 300 വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുനീക്കണം. ഈ 45,000 ചതുരശ്രയടിക്കുള്ളിലാണ് ജ്ഞാൻവ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കാശി വിശ്വനാഥ കോറിഡോർ പദ്ധതി നരേന്ദ്രമോദി 2019 മാർച്ച് ആദ്യത്തിൽ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പദ്ധതിയുടെ രൂപരേഖ വിഡിയോ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പള്ളിയെ പദ്ധതി പ്രദേശത്തിനുള്ളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത് ക്ഷേത്രത്തിന്റെ വികസനപദ്ധതിയിൽ പള്ളി നിന്ന ഭൂമികൂടി ഉൾപ്പെടുത്തിയാണ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തന്റെ മണ്ഡലത്തിലേക്കായി തയാറാക്കിയിട്ടുള്ളത്.
ഇപ്പോഴത്തെ കോടതി നടപടികളെ ഇതിന്റെ തുടർച്ചയായി കാണണം. ജ്ഞാൻവ്യാപി ഇല്ലാതാവുകയെന്നത് ഒരു സർക്കാർ പദ്ധതിയാണ്. ഇന്ത്യൻ മുസ്‌ലിംകൾ അവകാശങ്ങളില്ലാത്ത രണ്ടാംതരം പൗരൻമാരാക്കപ്പെടുകയെന്നതും സർക്കാർ പദ്ധതിയാണ്. ധർമസൻസദിലെ കൊലവിളിയും സർക്കാർ പദ്ധതിയുടെ ഭാഗമാണ്. ആദിവാസികളും പാവപ്പെട്ടവരും ചേരിനിവാസികളും തെരുവിലാക്കപ്പെടുന്നതും അവരുടെ ഭൂമി ഉന്നതർ കൈയടക്കുന്നതും സർക്കാർ പദ്ധതിയാണ്. സുപ്രിംകോടതിയുടെ ശക്തമായ നിലപാടുകൾ മാത്രമാണ് സമീപകാലത്ത് ഇതിനെല്ലാം തടസം. പ്രതീക്ഷയുടെ ഒരേയൊരു തുരുത്തും അതുതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."