സെക്രട്ടേറിയറ്റിലെ ഫയൽനീക്കം വേഗത്തിലാക്കും ഭരണപരിഷ്‌ക്കരണ തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നുകൂടുന്നത് ഒഴിവാക്കണമെന്ന അഭ്യർഥന പാഴായതോടെ കടുപ്പിച്ച് സർക്കാർ. സ്പാർക്കിൽ ബന്ധിപ്പിച്ചുള്ള ഡിജിറ്റൽ സംവിധാനവും സെക്രട്ടേറിയറ്റിലെ ജീവനക്കാരെ നിരീക്ഷണ വലയിലാക്കുന്ന പഞ്ചിങ് അക്‌സസ് കൺട്രോൾ സംവിധാനവും നടപ്പിലാക്കുന്നതിനു പിന്നാലെ ഫയൽനീക്കവും വേഗത്തിലാക്കുന്ന ഭരണപരിഷ്‌ക്കരണ തീരുമാനത്തിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.
ഇനി അണ്ടർസെക്രട്ടറി മുതൽ അഡിഷണൽ സെക്രട്ടറി വരെയുള്ള ഓഫിസർമാരുടെ ഫയൽ പരിശോധനാതലങ്ങൾ രണ്ടാക്കി ചുരുക്കും. വിവിധ സെക്രട്ടറിമാരുടെ തലങ്ങളിലും മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തീരുമാനം എടുക്കേണ്ട ഫയലുകൾ സംബന്ധിച്ചും രൂപമായി.
നയപരമായ തീരുമാനം, ഒന്നിൽകൂടുതൽ വ്യക്തികളെ ബാധിക്കുന്ന പരാതികൾ, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികൾ, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീർണമായ നിയമപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ വിഷയങ്ങൾ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നതതലത്തിൽ വിശദമായി പരിശോധിക്കും.
ഫയൽ പരിശോധന നടത്തുന്നതിന് ഒരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥർ (തട്ടുകൾ ) എങ്ങിനെയായിരിക്കണമെന്ന് അതതു വകുപ്പു സെക്രട്ടറിമാർ മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
2018ൽ സെക്രട്ടേറിയറ്റിലാണ് പഞ്ചിങ് ആദ്യമായി വന്നത്. എന്നാൽ ഫയൽ കുന്നുകൂടുന്നതിലോ ജനങ്ങൾക്ക് സേവനങ്ങൾ കൃത്യതയോടെ കിട്ടുന്നതിലോ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. 44 വകുപ്പുകളിലായി സെക്രട്ടേറിയറ്റിൽ മാത്രം ഓരോ മാസവും അരലക്ഷത്തോളം ഫയലുകളാണ് പുതുതായി വരുന്നത്. തീർപ്പാക്കുന്നത് മാസത്തിൽ ആകെ 45,000 ഫയലുകളും. അത് മാസം 60,000 എങ്കിലും എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."