വിവാദങ്ങള്‍ക്കു പിന്നാലെ തടിയൂരാന്‍ ഇപി; വൈദേകം റിസോര്‍ട്ടിലെ ലക്ഷങ്ങളുടെ ഓഹരികള്‍ ഒഴിവാക്കാന്‍ നീക്കം
തിരുവനന്തപുരം: വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ `ഒരുമുഴം നീട്ടിയെറിഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍. കണ്ണൂര്‍ മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിലുള്ള ഓഹരികള്‍ ഒഴിവാക്കാനാണ് ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നീക്കം. മറ്റാര്‍ക്കെങ്കിലും ഓഹരികള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറാന്‍ ആലോചിക്കുന്നത്.
9,199 ഓഹരിയാണ് ഇരുവര്‍ക്കുമുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ദിരയാണ് കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്റെ ചെയര്‍പെഴ്‌സണ്‍. മുന്‍ എംഡി കെ.പി.രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷംരൂപയുടെ 9,999 ഷെയറുകളുണ്ട്. എന്നാല്‍ വ്യക്തിയെന്ന നിലയില്‍ ഇന്ദിരയ്ക്കാണ് കൂടുതല്‍ ഷെയറുകള്‍.
കഴിഞ്ഞ ദിവസം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയത്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും നോട്ടിസില്‍ ആരാഞ്ഞിട്ടുണ്ട്. റിസോര്‍ട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഇന്ന് തന്നെ നല്‍കുമെന്ന് റിസോര്‍ട്ട് സിഇഒ അറിയിച്ചിരുന്നു.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ജയരാജനാണ് റിസോര്‍ട്ടിനെ സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്നാണോ ഗൂഢാലോചനയെന്ന് പറയുന്നില്ല. സമയമാകുമ്പോള്‍ ആരെന്ന് വെളിപ്പെടുത്തുമെന്നും ജയരാജന്‍ പ്രതികരിച്ചു. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ല റിസോര്‍ട്ടില്‍ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്നും ഇ.പി വ്യക്തമാക്കിയിരുന്നു.
വൈദേകം റിസോര്‍ട്ടിനെച്ചൊല്ലി സി.പി.എം സംസ്ഥാന സമിതിയിലിടക്കം നേരത്തെ തര്‍ക്കങ്ങള്‍ അരങ്ങേറിയിരുന്നു. റിസോര്‍ട്ട് വിവാദത്തില്‍ സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി. ജയരാജനും സംസ്ഥാന കമ്മിറ്റിയില്‍ പരസ്പരം ഏറ്റുമുട്ടിയത് അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്നുമാണ് അന്ന് ഇ.പി ജയരാജന്‍ ആരോപിച്ചത്. എന്നാല്‍ സാമ്പത്തിക ആരോപണം നടത്തിയില്ലെന്നും മറ്റൊരാള്‍ എഴുതിത്തന്നത് പാര്‍ട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി ജയരാജന്റെ മറുപടി.
ഇ.പി ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്നാണ് പി.ജയരാജന്റെ പ്രധാന ആരോപണം. എന്നാല്‍ വൈദേകം റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമാണ് നിക്ഷേപമുള്ളതെന്നുമായിരുന്നു ഇ.പി ജയരാജന്റെ വിശദീകരണം. ഭാര്യക്ക് റിട്ടയര്‍മെന്റായി കിട്ടിയ തുകയാണതെന്നും ഇത് അനധികൃതമല്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ഇ.പി വിശദീകരണം നല്‍കിയിരുന്നു.
നിര്‍മാണം നടത്തിയ കരാറുകാരില്‍ നിന്ന് ഈടാക്കിയ നികുതി കൃത്യമായി അടച്ചിട്ടുണ്ടോയെന്നു നോക്കുന്നതായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയതില്‍ നിന്ന്, റിസോര്‍ട്ടിന്റെ സാമ്പത്തിക സ്രോതസും പണമിടപാടുകളും സംബന്ധിച്ചു വ്യക്തത വരുത്തുകയാണു യഥാര്‍ഥ ലക്ഷ്യമെന്നു സൂചനയുണ്ട്. ടിഡിഎസ് വിഭാഗം കഴിഞ്ഞ 2ന് വൈദേകത്തില്‍ പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ ഷെയര്‍ ഉടമകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നേരത്തേ തന്നെ സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും എന്നാല്‍ ആവശ്യപ്പെട്ട് സ്ഥിതിക്ക് പൂര്‍ണ വിവരങ്ങള്‍ വീണ്ടും നല്‍കിയിട്ടുണ്ടെന്നും വൈദേകം റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."