സിൽവർലൈനിന് പൂർണപിന്തുണ: കാനം ' കൃത്യനിർവഹണം തടസപ്പെടുത്തിയാൽ ഉമ്മവയ്ക്കാനാകില്ല '
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സിൽവർലൈൻ പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാരിനു സി.പി.ഐയുടെ പൂർണ പിന്തുണയുണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
വീട് നഷ്ടപ്പെടുന്നവരുടെയും ഭൂമി നഷ്ടപ്പെടുന്നവരുടെയും വികാരത്തെ ബഹുമാനിക്കുന്നു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും സർക്കാർ ഉറപ്പുവരുത്തും. എന്നാൽ സംസ്ഥാനത്തിന്റെ വികസനത്തെ അട്ടിമറിക്കാൻ കോൺഗ്രസും ബി.ജെ.പിയും ചേർന്നു നടത്തുന്ന അക്രമസമരത്തെ ന്യായീകരിക്കാനാകില്ല.പൊലിസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുന്നവരെ ഉമ്മവയ്ക്കാനാകില്ല. ഇപ്പോൾ മാത്രമല്ല സമരക്കാർക്ക് പൊലിസിന്റെ അടി കിട്ടുന്നത്. സമരക്കാരെ ആശ്ലേഷിച്ചു ചുംബിച്ച ഏതു പൊലിസുകാരാണുള്ളത്. സിൽവർലൈൻ പുതിയ പദ്ധതിയല്ല. പ്രതിപക്ഷത്തിനു ബദൽ നിർദേശമുണ്ടെങ്കിൽ മുന്നോട്ടുവയ്ക്കാം. ചർച്ചയ്ക്കു സർക്കാർ തയാറാണ്. സിൽവർലൈൻ പദ്ധതി ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളതാണ്. പദ്ധതിയുമായി ബന്ധപ്പെട്ടു സി.പി.ഐയിൽ അഭിപ്രായ ഭിന്നതയില്ല. പദ്ധതി വേണമെന്ന നിലപാടു തന്നെയാണു പാർട്ടിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.സി.പി.ഐയിൽ പ്രായപരിധി നിശ്ചയിച്ചതു പാർട്ടി ദേശീയ കൗൺസിലാണ്. പാർട്ടി സെക്രട്ടറിയുടെ പ്രായപരിധി 75 വയസാണ്. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് സെക്രട്ടറിയുടെ പ്രായത്തിൽ കൂടുതൽ ആകാൻ പാടില്ല. ജില്ലാ കൗൺസിലിലടക്കം 40 ശതമാനം പേർ 50 വയസിനു താഴെയുള്ളവരായിരിക്കണമെന്നു കാനം രാജേന്ദ്രൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."