പാർട്ടിയിൽനിന്ന് എല്ലാം നേടി, ഇനി മടങ്ങുന്നു: ആന്റണി ഡൽഹിയിലെ പ്രവർത്തനം അവസാനിപ്പിച്ച് എ.കെ ആന്റണി ഇന്ന് കേരളത്തിലേക്ക്
ന്യൂഡൽഹി
പാർട്ടിയിൽ നിന്നും ജനങ്ങളിൽ നിന്നും താൻ അർഹിക്കുന്നതിലുമപ്പുറം അംഗീകാരം താൻ നേടിയെന്നും ഇനി നാട്ടിലേക്ക് മടങ്ങുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഡൽഹിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇന്ന് കേരളത്തിലേക്ക് മടങ്ങും മുമ്പായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരോടും തനിക്ക് നന്ദിയുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായും കെ.പി.പി.സി പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന ആന്റണിയല്ല തിരിച്ചു വരുന്നത്. 81 വയസായി,പ്രായം ഏതൊരു മനുഷ്യരെയും പൊലെ എന്റെയും വേഗം കുറച്ചിട്ടുണ്ട്. ഇതിനിടയിൽ രണ്ടുതവണ കൊവിഡ് ബാധിച്ചു. അതിന്റെ പ്രയാസങ്ങൾ മാറാൻ രണ്ടുമാസം വിശ്രമിക്കും. തുടർന്ന് പാർട്ടിയിലെ സഹപ്രവർത്തകരുമായി ആലോചിച്ച് അടുത്ത പ്രവർത്തന മണ്ഡലം കണ്ടെത്തും.തിരുവനന്തപുരത്തുണ്ടാകുമെന്നും പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിലും താൻ ഏർപ്പെടില്ലെന്നും ആന്റണി പറഞ്ഞു. ഇന്ദിരാഭവനിലെ മുറി ഇപ്പോഴുമുണ്ട്,അവിടെയുണ്ടാകണമെന്നാണ് ആഗ്രഹം. നിശ്ചിത പ്രായം കഴിഞ്ഞാൽ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയെന്ന മര്യാദയുണ്ട്. 35 കൊല്ലത്തിലധികം ഡൽഹിയിൽ പ്രവർത്തിച്ചു. 1984ൽ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോൺഗ്രസ് പ്രവർത്തകസമിതി അംഗമായതാണ്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരോടൊപ്പമെല്ലാം പ്രവർത്തിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ തന്നെപ്പോലെ പാർട്ടി എല്ലാ അവസരങ്ങളും തന്ന, സഹായിച്ച, സൗകര്യങ്ങൾ നൽകിയ മറ്റൊരാളില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ പിതാവ് മരിച്ചതാണ്. അമ്മയുടെ നിർബന്ധത്താലാണ് പഠിച്ചിരുന്നത്. പാർട്ടിയും ജനങ്ങളും എന്നെ ഏറ്റെടുക്കുകയായിരുന്നു.
തിരൂരങ്ങാടിയടക്കം മത്സരിച്ച അഞ്ചിടങ്ങളിലും ജയിച്ചു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് 13 സംസ്ഥാനങ്ങളുടെ ചുമതയുണ്ടായിരുന്നു തനിക്ക്. രാജീവ് ഗാന്ധിയുടെ കാലമായപ്പോൾ അത് വീണ്ടും കൂടി. നെഹ്‌റു കുടുംബത്തോടുള്ള കടപ്പാട് മറക്കാനാവാത്തതാണ്. അവരാണ് ദേശീയ രാഷ്ട്രീയത്തിൽ എന്നെ എന്തെങ്കിലുമാക്കിയത്. നെഹ്‌റു കുടുംബത്തിന്റെ നേതൃത്വമില്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെയാണ് മടങ്ങുന്നത്.
ഇപ്പോഴും എല്ലായിടത്തും പ്രവർത്തകരുള്ള ദേശീയപ്പാർട്ടിയാണ് കോൺഗ്രസ്. ഇപ്പോഴത്തെ ധ്രുവീകരണ രാഷ്ട്രീയമാണ് കോൺഗ്രസിനെ ദുർബലമാക്കിയത്. കോൺഗ്രസിനെ വില കുറച്ചു കാണണ്ട. അതിന് തിരിച്ചുവരാനുള്ള ശേഷിയുണ്ട്. മോശം കാലം കടന്ന് പോകുമെന്നും നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയെന്നും എല്ലാം ഏകീകരിക്കാനുള്ള നീക്കം വിലപോവില്ലെന്നും ആന്റണി പറഞ്ഞു. വിമർശകരെ വിലക്കുന്ന നടപടി കോൺഗ്രസിലില്ല.
അങ്ങനെയെങ്കിൽ താനാണ് ഏറ്റവും വലിയ വിലക്കുകൾ നേരിടേണ്ടിയിരുന്നത്. വിമർശിച്ചപ്പോഴും കൂടെ നിർത്തുകയും അവസരങ്ങൾ തരികയുമാണ് ഇന്ദിരാഗാന്ധി ചെയ്തത്. പൂച്ചണ്ടുകളേക്കാൾ നല്ലത്, നേർക്ക് നേരെയുള്ള വിമർശനങ്ങളാണ്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ രാജസ്ഥാനിൽ നടക്കുന്ന ചിന്തൻ ശിബിറിൽ പങ്കെടുക്കില്ലെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."