സുപ്രിംകോടതി കര്‍മസമിതി കേന്ദ്ര സര്‍ക്കാരിനേറ്റ പ്രഹരം
വാക്‌സിന്‍ വിതരണത്തിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിലും അമ്പേ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേടിനെ പലവട്ടം വിമര്‍ശിച്ച രാജ്യത്തെ പരമോന്നത നീതിപീഠം ഒടുവില്‍ സ്വയം നടപടികളിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. നിരവധി തവണയാണ് ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും ശാസിക്കുന്നതും. അതിലൊന്നും യാതൊരു അഭിമാനക്ഷതവും കേന്ദ്രം ഭരിക്കുന്നവര്‍ക്ക് തോന്നിയില്ല. പരാജയപ്പെട്ട സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ തെരഞ്ഞുപിടിച്ച് ക്രൂശിക്കുന്നതിലായിരുന്നു സര്‍ക്കാരിനു ശ്രദ്ധ. മുന്‍പ് യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചപ്പോള്‍ സ്വന്തം പോക്കറ്റില്‍നിന്നു പണമെടുത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ വരുത്തിയ ഡോ. ഖഫീല്‍ ഖാനെ ജയിലിലടച്ച പാരമ്പര്യമുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വികസിത രൂപമായ, കേന്ദ്ര സര്‍ക്കാരില്‍നിന്ന് അത്തരം നടപടികളോടു സാമ്യമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും രോഗികള്‍ക്കാശ്വാസം നല്‍കുന്ന പദ്ധതികളൊന്നും സര്‍ക്കാരില്‍ നിന്നുണ്ടായതുമില്ല.
ഓക്‌സിജന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നടപടികളിലേയ്ക്കുവരെ നീങ്ങുകയുണ്ടായി. എന്നിട്ടുപോലും കൊവിഡ് പ്രതിരോധത്തിന് തങ്ങള്‍ തയാറാക്കിയ സമഗ്രപദ്ധതിയെന്ന മട്ടില്‍ ഒരു കടലാസുപോലും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നേരിട്ടു ബോധ്യപ്പെട്ടതിനാലായിരിക്കണം ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തുവെങ്കിലും കേന്ദ്ര നടപടികള്‍ തൃപ്തികരമല്ലെന്ന് അപ്പോഴും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഒരു പടികൂടി കടന്നു കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സുപ്രിംകോടതി നേരിട്ടുതന്നെ കര്‍മസമിതിയെ നിയോഗിച്ചിരിക്കുന്നു.
ഓഗസ്റ്റ് ഒന്നിനകം പത്ത് ലക്ഷം പേര്‍ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചു മരിക്കുമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ 'ദി ലാന്‍സെറ്റ്' മുന്നറിയിപ്പു നല്‍കുമ്പോഴും ഗോമൂത്രം കുടിച്ചാല്‍ മതി കൊവിഡ് ഭേദമാകാന്‍ എന്നുപറയുന്ന ഒരുജനപ്രതിനിധിയുള്ള നാട്ടില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരില്‍നിന്ന് വലുതായിട്ടൊന്നും പ്രതീക്ഷിക്കാനില്ല. ഇതേത്തുടര്‍ന്നായിരിക്കണം ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ടാവുക. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ദേശീയ കൊവിഡ് കര്‍മസമിതി നിലനില്‍ക്കുമ്പോള്‍ സുപ്രിംകോടതി നേരിട്ട് മറ്റൊരു കര്‍മസമതിയെ നിയോഗിച്ചത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പരസ്യമായി വിളിച്ചുപറയുന്നതിനു തുല്യമാണ്. സര്‍ക്കാര്‍ കര്‍മസമിതിയുടെ 'കര്‍മകുശലതയും കാര്യക്ഷമതയും' സുപ്രിംകോടതിയുടെ ഇടപെടലില്‍ നിന്നു മനസിലാക്കാവുന്നതേയുള്ളൂ.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പത്തുപേരും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയുമടങ്ങുന്ന 12 അംഗ കര്‍മസമിതിക്കാണ് സുപ്രിംകോടതി രൂപം നല്‍കിയിരിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനും അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനുമായിരിക്കും സമിതി പ്രധാനമായും പ്രവര്‍ത്തിക്കുക. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കര്‍മസമിതിക്ക് ഇത്തരം കാര്യങ്ങളില്‍ വലിയ പിടിപാട് ഇല്ലാത്തതിനാലായിരിക്കണമല്ലൊ ഓക്‌സിജനും വാക്‌സിനും ഇപ്പോഴും ദുര്‍ലഭമായി തുടരുന്നത്. ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച വിവിധ ഹരജികളെ തുടര്‍ന്നാണ് സുപ്രിം കോടതിക്ക് പുതിയൊരു കര്‍മസമിതിയെ നിശ്ചയിക്കേണ്ടിവന്നത്. ഇതില്‍ നിന്നുതന്നെ ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ എത്ര പരിതാപകരമാണ് കേന്ദ്ര സര്‍ക്കാരിന്റെ അവസ്ഥയെന്നു വ്യക്തമാവുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ അനുപാതവും അനുമതിയും ഏകോപിപ്പിക്കുക, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ പ്രധാന ചുമതലകളാണ് കോടതി സമിതിക്ക് നല്‍കിയിരിക്കുന്നത്. ശാസ്ത്രീയവും വിഷയ വൈദഗ്ധ്യവും പരിഗണിച്ചാണ് ഇത്തരമൊരു സമിതിക്കു രൂപം നല്‍കിയതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്നാം കൊവിഡ് തരംഗത്തിന് സാധ്യതയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശവും സമിതിക്ക് സുപ്രിംകോടതി നല്‍കിയിരിക്കുകയാണ്. ഓക്‌സിജന്‍, മരുന്ന്, അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവിഭവശേഷി, വിഭവങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്താനുള്ള അധികാരവും സമിതിക്ക് സുപ്രിംകോടതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും കര്‍മസമിതിയുടെ സ്വാധീനമായിരിക്കും ഇനിയുണ്ടാവുക.
ഫലത്തില്‍ ഒരു മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെ മാറ്റിനിര്‍ത്തി കൊവിഡ് നിയന്ത്രിക്കാന്‍ ദേശീയതലത്തിലുള്ള നടപടികള്‍ തങ്ങളുടെ മേല്‍നോട്ടത്തില്‍ കൊണ്ടുവന്നിരിക്കുകയാണ് സുപ്രിംകോടതി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ ദേശീയ സംവിധാനം തന്നെയുണ്ട്. കര്‍മസമിതി, ഉന്നതാധികാര സമിതി എന്നിങ്ങനെ പലവിധ സമിതികള്‍. എന്നിട്ടാണിപ്പോള്‍ സുപ്രിംകോടതിയുടെ നിരീക്ഷണത്തില്‍ മറ്റൊരു കര്‍മസമിതി രൂപീകരിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്ന ഒരു ഭരണകൂടത്തിന് ഇതില്‍പരം എന്തു നാണക്കേടാണ് ഇനി വരാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."