'എനിക്ക് ശ്വസിക്കാനാവുന്നില്ല...'
പ്രകൃതിരമണീയമായ ചക്രധര്‍പൂര്‍ എന്ന (പണ്ട് ബിഹാറിന്റെ ഭാഗമായിരുന്ന ഇന്ന് ജാര്‍ഖണ്ഡിലുള്ള) ഗ്രാമത്തിലെ എന്റെ പ്രൈമറി സ്‌കൂള്‍ കാലത്ത് ഹെഡ്മിസ്ട്രസ്, പ്രമുഖ ചരിത്രകാരനായ ജദുനാഥ് സര്‍ക്കാരിന്റെ കൊച്ചുമകളായ ഗീതാ സര്‍ക്കാര്‍ പറയുമായിരുന്നു കുട്ടികളേ, നിങ്ങള്‍ ഈ മരങ്ങളെയൊക്കെ സംരക്ഷിക്കണം. കാരണം മരങ്ങള്‍ ഓക്‌സിജന്‍ തരുന്നു. അതീവ സന്ദേഹത്തോടെ ഞാന്‍ രാത്രി ജനാലയിലൂടെ അടുത്തുള്ള മരങ്ങളെ നിരീക്ഷിക്കുമായിരുന്നു. എന്നാലും മരങ്ങള്‍ ഓക്‌സിജന് പുറത്തുവിടുന്നതു മാത്രം എനിക്ക് കണ്ടുപിടിക്കാനായില്ല.
എന്റെയൊരമ്മാവന്‍ ഖനി കരാറുകാരനായിരുന്നു. അദ്ദേഹം ദ്രാവക ഓക്‌സിജന്‍ ഉപയോഗിക്കുമായിരുന്നു. സിലിണ്ടറുകള്‍ റീഫിലിങ്ങിന് അയക്കുന്നതിനുമുന്‍പ് അദ്ദേഹം അതിലെ ബാക്കി ഓക്‌സിജന്‍ വീടിനുമുന്നിലുള്ള തുറസായ സ്ഥലത്ത് അഴിച്ചുവിടുമായിരുന്നു. അതൊരു മാസ്മരിക കാഴ്ചയാണ്. കട്ടിയുള്ള വെളുത്തപുക രാജ്കപൂറിന്റെ ആവാര എന്ന ചിത്രത്തിലെ മനോഹരമായ ഒരു സ്വീക്വന്‍സ് ഓര്‍മിപ്പിക്കുന്നതായിരുന്നു. ഹയര്‍ സെക്കന്‍ഡറി പഠനകാലത്ത് കെമിസ്ട്രി ക്ലാസിലെ നിമയ് സര്‍ പറയുമായിരുന്നു, 'ജലത്തിന്റെ മറ്റൊരു പേരാണ് ഒ2ഛ. രണ്ടു ഹൈഡ്രജന്‍ തന്മാത്രകളും ഒരു ഓക്‌സിജന്‍ തന്മാത്രയും ചേരുമ്പോഴാണ് ജലം ഉണ്ടാകുന്നത്'. പിന്നീട് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങിന് എത്തിയപ്പോള്‍ പ്രൊഫസര്‍ റോയ് ചൗധരി പറയുമായിരുന്നു, എല്‍.ഡി പ്രക്രിയയിലൂടെ സ്റ്റീല്‍ നിര്‍മിക്കാന്‍ ഓക്‌സിജന്‍ ഉപയോഗിക്കുമെന്ന്, മറ്റു വ്യാവസായിക ഉല്‍പാദനങ്ങള്‍ക്കും ആശുപത്രികളില്‍ അത്യാസന്ന നിലയിലുള്ള രോഗികളെ ചികിത്സിക്കാനും ഓക്‌സിജന്‍ ആവശ്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു.
ഭിലായിലെ ജോലിക്കാലത്ത്, ഞാന്‍ പഠിച്ചത് സ്റ്റീല്‍ പ്ലാന്റുകള്‍ എന്നാല്‍ വന്യമായ കുറേ സാങ്കേതികവിദ്യകളുടെ കാടാണ് എന്നാണ്. കോക്ക് അവനുകളില്‍ ഒക്‌സിജന്‍ നിഷിദ്ധമാണ്. എല്ലാ രാസപ്രക്രിയയും ഓക്‌സിജന്‍ ഇല്ലാതെ ചെയ്യണം. കാരണം ഓക്‌സിജന്റെ ഒരു തരി സാന്നിധ്യം പോലും വലിയ സ്‌ഫോടനങ്ങള്‍ക്ക് ഹേതുവാകും.
ഒരു രാത്രി ഷിഫ്റ്റിനിടെയുള്ള പതിവ് പരിശോധനയ്ക്കിടെ കോക്ക് അവന്റെ ബാറ്ററി വച്ചിരിക്കുന്ന നിലവറയ്ക്കടുത്ത് ഞാന്‍ ബോധം കെട്ടുവീണു. പിറ്റേന്ന് ബോധം വരുമ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു. ശ്വാസമെടുത്തിരുന്നത് ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയും. അതുവരെ ജീവിതത്തില്‍ ഓക്‌സിജന് യാതൊരു ബഹുമാനവും കൊടുത്തിരുന്നില്ല. മാത്രമല്ല, എന്റെ സര്‍വിസ് ജീവിതത്തില്‍ ഓക്‌സിജനെ മാറ്റിനിര്‍ത്തിയുള്ള സാങ്കതികവിദ്യയിലാണ് ജോലിയെടുത്തത്. 2020 ജൂണ്‍ മൂന്നിന് അര്‍ധരാത്രി എന്റെ ഭാര്യ മായ എനിക്ക് ശ്വാസമെടുക്കാനാവുന്നില്ല എന്നു പറഞ്ഞു കരയുന്നതുവരെ ഞാന്‍ അങ്ങനെത്തന്നെയായിരുന്നു. മിനിറ്റുകള്‍ക്കകം സെക്യൂരിറ്റി ജീവനക്കാരന്‍ വീല്‍ചെയറുമായി എത്തി. ഫ്‌ളാറ്റിന്റെ താഴെ പത്മനാവന്‍ എന്നയാള്‍ കാറുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ മണിപ്പാല്‍ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തിച്ചു. കൊവിഡിന്റെ ആദ്യ തരംഗത്തിന്റെ മൂര്‍ധന്യഘട്ടമായിരുന്നു അത്. മക്കളായ ജൂലിയും സുമിത്തും ആശുപത്രിയിലെത്തി. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ എത്തി, ഞങ്ങളോട് പറഞ്ഞു; 'അവരുടെ ഓക്‌സിജന്‍ ലെവല്‍ 40 ശതമാനമായി കുറഞ്ഞിരുന്നു. ഓക്‌സിജന്‍ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്'.
ഇത്രയൊക്കെയായിട്ടും ഞാന്‍ വീണ്ടും ഓക്‌സിജനെ മറന്നു. പക്ഷേ ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയിലെ ഓക്‌സിജന്‍ അപര്യാപ്തതയെക്കുറിച്ചും നാസിക്കിലെ ആശുപത്രിയിലെ ഓക്‌സിജന്‍ ചോര്‍ച്ചയെക്കുറിച്ചുമൊക്കെ ബി.ബി.സിയുടെ സംപ്രേക്ഷണം വരുന്നതുവരെ ഞാനിതൊക്കെ മറന്നിരിക്കുകയായിരുന്നു. ആ രാത്രി ഉറക്കമില്ലായിരുന്നു. പിറ്റേന്ന് രാവിലെ ലോകാരോഗ്യ സംഘടനയുടെയും ജോണ്‍ ഹോപ്‌സ്‌കിന്റെയും ലോകബാങ്കിന്റെയുമൊക്കെ ലേഖനങ്ങളിലൂടെ കടന്നുപോയി.
മെഡിക്കല്‍ ആവശ്യത്തിനായി യൂനിറ്റുകളായി കൊണ്ടുനടക്കാവുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ 1970ലെ ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കയാണ് ആദ്യം കൊണ്ടുവന്നത്. അതിനുമുമ്പ് ടാങ്കറുകളില്‍ ക്രയോജനിക് സാങ്കേതികവിദ്യയിലൂടെ കംപ്രസ് ചെയ്തുകൊണ്ടുപോയിരുന്ന വായുവായിരുന്നു ഓക്‌സിജന്‍. ജൂണ്‍ 2020 ഓടെ ഇന്ത്യയിലെ ആശുപത്രികളില്‍ മോഡുലാര്‍ ഓക്‌സിജന്‍ യൂനിറ്റ് 160 എണ്ണമാണ് അനുവദിച്ചത്. ഇതെഴുതുമ്പോഴും പക്ഷേ 33 എണ്ണത്തിനുമാത്രമാണ് ഓര്‍ഡര്‍ കിട്ടിയിട്ടുള്ളത്.
നിഷ്‌ക്രിയമായ ഉദ്യോഗസ്ഥവൃന്ദവും അധികാര കേന്ദ്രങ്ങളും ദേശീയ താല്‍പര്യത്തെ ഇല്ലാതാക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം മാതൃകയാണ്. 123 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്ഥാപനമായ പി.ഇ.എസ്.ഒ(പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍)യ്ക്കാണ് ഓക്‌സിജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സര്‍വാധികാരവും കേരള സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. മാത്രമല്ല, ജനകീയ ധനശേഖരണത്തിലൂടെ സംസ്ഥാനത്തെ പല ആശുപത്രികളും ഓക്‌സിജന്‍ വിതരണത്തിനുള്ള കോപ്പര്‍ പൈപ്പു സംവിധാനം വരെ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേരളത്തിലെ ആശുപത്രികള്‍ ഓക്‌സിജന്റെ കാര്യത്തില്‍ സ്വയംപര്യാപ്തരാണ് എന്നു മാത്രമല്ല അടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് അവര്‍ ഓക്‌സിജന്‍ അയക്കുകയും ചെയ്യുന്നു. എങ്കിലും 2020 മെയ് 25ന് ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന അമേരിക്കന്‍ കറുത്ത വംശജന്റെ നിലവിളിയാണ് ഇന്ത്യയിലെ മിക്ക ആശുപത്രികളിലും നിന്നും ഉയരുന്നത്. 'എനിക്ക് ശ്വസിക്കാനാവുന്നില്ല... '
(കെമിക്കല്‍ എന്‍ജിനീയറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."