പോസിറ്റീവായിട്ടും കുടുംബത്തോടൊപ്പം ഒറ്റമുറിവീട്ടില്‍, ദയനീയത സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് ആത്മഹത്യയും
വെട്ടം (തിരൂര്‍): 'കൊവിഡ് പോസിറ്റീവായ ആള്‍ ഒറ്റയ്ക്ക് റൂമില്‍ കഴിയണമെന്നാണ്, എന്നാല്‍ ഞങ്ങള്‍ക്ക് നാലുപേര്‍ക്കുകൂടി ഈ റൂമാണുള്ളത്' കൊവിഡ് പോസിറ്റീവായ ശേഷം വീട്ടിലെ പരിമിതമായ സ്ഥലസൗകര്യത്തില്‍ കഴിയേണ്ടിവന്ന വെട്ടം ആലിശ്ശേരി സ്വദേശി വാണിയംപള്ളിയില്‍ അനില്‍കുമാര്‍ (48) ആത്മഹത്യ ചെയ്യുംമുന്‍പ് വിഡിയോയില്‍ പറഞ്ഞ വാക്കുകളാണിത്. ശക്തമായ തലവേദനയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോയാണ് അനിലിന് കൊവിഡ് പോസിറ്റീവാണെന്നറിയുന്നത്. തുടര്‍ന്ന് വീട്ടില്‍ ആകെയുള്ള ഒരുമുറിയില്‍ തന്നെ ക്വാറന്‍ന്റെയ്‌നില്‍ ഇരിക്കുകയായിരുന്നു. കുട്ടികളടങ്ങുന്ന തന്റെ കുടുംബത്തോടൊപ്പമാണ് കൊവിഡ് രോഗിയായ അനിലും കഴിഞ്ഞത്.
'നാല് പേര്‍ക്കും കൂടി ഈ ഒരു മുറിയേ ഉള്ളൂ, അതുകൊണ്ടാണ് ഇങ്ങനെ ഇരിക്കേണ്ടി വന്നത്'. മരിക്കുന്നതിന് മുന്‍പ് അനില്‍ ദയനീയമായി വിഡിയോ സന്ദേശത്തില്‍ പറയുന്നു. വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തശേഷം ശനിയാഴ്ച രാത്രിയിലാണ് അനില്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. വീടിനായി തറ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഒരുമുറി മാത്രമാണ് പണി പൂര്‍ത്തീകരിച്ചത്. കൊവിഡ് പോസിറ്റീവായ അനിലിന് കടുത്ത മാനസികസംഘര്‍ഷം അനുഭവപ്പെട്ടതായും മരണം ആത്മഹത്യയാണെന്നും പൊലിസ് പറഞ്ഞു. ഓട്ടോഡ്രൈവറും അനൗണ്‍സറുമാണ് അനില്‍. തിരൂര്‍ ഫയര്‍ഫോഴ്‌സ് ടീമാണ് 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്
. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിതാവ്: പരേതനായ നാരായണന്‍: മാതാവ്: ജാനകി. ഭാര്യ: സജിനി. മക്കള്‍: ഹൃദിക്, ആശിന പാര്‍വതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."