ഇടമലക്കുടി 'ഐസൊലേഷനില്‍'; ഇത് കൊവിഡില്ലാ പഞ്ചായത്ത്
തൊടുപുഴ: കൊവിഡ് പ്രതിസന്ധിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഒരാള്‍ക്കുപോലും രോഗം സ്ഥിരീകരിക്കാത്ത ഏക പഞ്ചായത്തായി ഇടുക്കി ജില്ലയിലെ ഇടമലക്കുടി. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്ത് കൊടുംകാടിനുള്ളിലാണ് സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി. പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രാജന്റെ നേതൃത്വത്തില്‍ ഊരുമൂപ്പന്‍മാര്‍ കൂടി പഞ്ചായത്തിലേക്ക് പുറത്തുനിന്നുള്ള വഴികളില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയാണ് കൊവിഡിനെ അകറ്റിനിര്‍ത്തിയത്. പുറത്തു നിന്നുള്ളവര്‍ക്ക് ഇവിടെ പ്രവേശനമില്ല. ആദ്യം മുതലെടുത്ത ശക്തമായ മുന്‍കരുതലുകളും പുറത്തു നിന്നുള്ളവരുടെ പ്രവേശനം വിലക്കിയതുമാണ് ഇവിടേക്ക് രോഗം എത്താതിരിക്കാന്‍ സഹായിച്ചതെന്ന് ദേവികുളം സബ്കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു.
മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പെട്ടിമുടിയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരമുണ്ട് ഇടമലക്കുടി ആദിവാസി കോളനിയിലേക്ക്. ഇതില്‍ 16 കിലോമീറ്ററും വാഹനം പോകാത്ത കിഴക്കാംതൂക്കായ കാട്ടുവഴിയാണ്. ഇവിടെ 28 ആദിവാസി കുടികളിലായി ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വിദ്യാസമ്പന്നരല്ലാത്ത മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. ആധുനിക സൗകര്യങ്ങളോ ഭക്ഷണ ശീലങ്ങളോ ഇല്ലാത്ത ഇവര്‍ക്ക് പൊതുവെ രോഗങ്ങളൊന്നും ഇല്ലെന്നതും പ്രത്യേകതയാണ്. റേഷന്‍കടയില്‍ നിന്നുള്ള അരിയും സ്വയം കൃഷി ചെയ്യുന്ന പച്ചക്കറികളും കാട്ടുകിഴങ്ങുകളും മറ്റു വനവിഭവങ്ങളുമാണ് ഇവരുടെ ഭക്ഷണം. സാധാരണയായി പച്ചമരുന്നുകളെയാണ് രോഗപ്രതിരോധ മാര്‍ഗത്തിനായി സ്വീകരിക്കുന്നത്. പുറംനാടുമായി അധികം ബന്ധങ്ങളോ സമ്പര്‍ക്കമോ ഇല്ല. രണ്ടാം തരംഗം വ്യാപകമായതോടെ കുടിയിലേക്ക് രോഗം പകരാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണിവര്‍. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടി 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പോടെയാണ് 13 വാര്‍ഡുകളോടുകൂടിയുള്ള പുതിയ പഞ്ചായത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."