അപമര്യാദയായി പെരുമാറി; ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി
കണ്ണൂര്‍: വനിതാ പാര്‍ട്ടി പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമായെന്ന പരാതിയില്‍ സി.പി.എം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടി. ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തതായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന് അറിയിച്ചു.
ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. അതേസമയം, പാര്‍ട്ടി അംഗമായി തുടരും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്.
ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പോകവെ ഏപ്രില്‍ 22നായിരുന്നു സംഭവം. സമ്മേളനത്തിന് കണ്ണൂരിലേക്ക് ഒരുമിച്ച് പോകാമെന്നും പാര്‍ട്ടി ഓഫിസിലെത്തിയപ്പോള്‍ മറ്റൊരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ യുവതി ഇതുവരെ പൊലിസില്‍ പരാതി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."