'സ്വപ്നയെ കണ്ടിരുന്നു, ചര്‍ച്ച ചെയ്തത് വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍'; ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധമില്ല, ഇഷ്ടം ബി.ജെ.പിയോടെന്നും വിജേഷ് പിള്ള
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കണ്ടിരുന്നുവെന്ന് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായല്ല പോയത്. വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ചാണ് കണ്ടതെന്നും വിജേഷ് പിള്ള പറയുന്നു. മീഡിയവണിനോടാണ് വിജേഷ് പിള്ളയുടെ പ്രതികരണം.
ബിസിനസ് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അവരാണ് സംസാരിച്ചത്. രാഷ്ട്രീയപരമായി ആ കൂടിക്കാഴ്ചക്ക് ഒരു ബന്ധമില്ല. സ്വപ്നയുടെ ആരോപണങ്ങള്‍ അവര്‍ തന്നെ തെളിയിക്കട്ടെ. ഞങ്ങള്‍ സംസാരിച്ചതിന്റെ റെക്കോര്‍ഡ് ഉണ്ടെങ്കില്‍ അവരത് പുറത്ത് വിടട്ടെ- വിജേഷ് പറഞ്ഞു.
ഒരുപാര്‍ട്ടിയുമായും ബന്ധമില്ല. ഒരു പാര്‍ട്ടിയിലും എനിക്ക് അംഗത്വമില്ല. പാര്‍ട്ടിയിലെ ഒരാളെയും നേരിട്ട് ബന്ധമില്ല. സ്വപ്‌ന ഉന്നയിക്കുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിനെ എനിക്ക് നേരിട്ട് പരിചയമില്ല. ലോക്കല്‍ സെക്രട്ടറിയോടു പോലും ബന്ധമില്ല. എല്ലാവരും വോട്ടു ചെയ്യുന്ന ആളുകളാണ്. അതാണ് ഞങ്ങള്‍ക്കുള്ള രാഷ്ട്രീയം. മനസുകൊണ്ട് ഞാന്‍ ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണെന്നും വിജേഷ് പറയുന്നു.
ഇത്രയും കാലം വരെ സ്വപ്‌നയൊക്കെ സത്യസന്ധയായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. സ്വപ്‌ന വളരെ പ്ലാന്‍ ചെയ്തായിരുന്നു സംസാരിച്ചിരുന്നതെന്ന് ഇപ്പോള്‍ മനസിലാകുന്നു. ബംഗളൂരുവില്‍ ഞാന്‍ താമസിച്ച ഹോട്ടലിലാണ് സ്വപ്ന എത്തിയത്. ആദ്യമായി സ്വപ്നയെ വിളിക്കുന്നത് ഫെബ്രുവരി 27 നായിരുന്നു. ഇന്നലെ ഇക്കാര്യത്തില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തിരുന്നു. ഇഡിക്ക് വിശദമായ മൊഴി നല്‍കിയതായി വിജേഷ് പിള്ള പറഞ്ഞു. തന്നോട് കാണിച്ചതും വിശ്വസ വഞ്ചന തന്നെയാണെന്നും അവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇടനിലക്കാരന്‍ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയുടെയും വാട്‌സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങള്‍ സ്വപ്ന സുരേഷ് പുറത്തുവിട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരം വിജയ് പിള്ള എന്നയാളാണ് എത്തിയതെന്നും സ്വപ്ന ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."