ഹൃദയംവിങ്ങുന്ന നോമ്പോര്‍മകള്‍
ഏറെ ഹൃദ്യമായ നോമ്പ് ഓര്‍മകള്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ (ജെ.എന്‍.യു) പഠനകാലത്തെതാണ്. എല്ലാ ഹോസ്റ്റലുകളിലും നോമ്പെടുക്കുന്നവര്‍ക്ക് പ്രത്യേക സൗകര്യം ഔദ്യോഗികമായിത്തന്നെ ചെയ്ത് തരും. ബ്രേക്ഫാസ്റ്റി ന് പകരമായി അത്താഴത്തിന് പാലും മുട്ടയും പഴവും ബ്രെഡും തരും. നോമ്പുതുറക്ക് പകോടയും വെള്ളത്തില്‍ കുതിര്‍ത്ത നാരങ്ങ പിഴിഞ്ഞ് ഉള്ളിയും മുളകും ഇട്ട പച്ച പരിപ്പും ഉള്ളിയും മസാലയും ഇട്ടു പുഴുങ്ങിയ കടലയും ചൂരയും (അവില്‍) തരും. നോമ്പുകാര്‍ പിരിവെടുത്ത് വാങ്ങിയ എല്ലാ പഴങ്ങളും ഒന്നിച്ചു വെട്ടിയിട്ട ഫ്രൂട്ട് ചാട്ട് ഉണ്ടാക്കും. ചാട്ട് മസാലയും പരിപ്പ്-കടല-ചൂര മിക്‌സുമോക്കെ ആദ്യം അലര്‍ജി തോന്നുമെങ്കിലും പിന്നെ പ്രിയപ്പെട്ടതാകും.
ഉത്തരേന്ത്യന്‍ ഭായിമാരില്‍ പലരുടെയും നോമ്പ് സ്‌പെഷ്യല്‍ മാറ്റങ്ങള്‍ കൗതുകത്തോടെ നോക്കിക്കാണും. തൊപ്പി വലിച്ചിട്ട് എവിടെയും ആവേശത്തോടെ അവര്‍ ഉണ്ടാകും. ഹോസ്റ്റല്‍ ടെറസിലോ ഗ്രൗണ്ടിലോ സംഘടിപ്പിക്കുന്ന സംഘടിത തറാവീഹ് നിസ്‌കാരത്തില്‍ നോമ്പിന്റെ തുടക്കത്തില്‍ നല്ല ആള്‍ക്കൂട്ടം ഉണ്ടാകും. പത്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ തറാവീഹ് തീരും. 'ഹമാരാ തറാവീഹ് ഹോഗയ' എന്ന പറച്ചിലും, നിങ്ങളുടെ തറാവീഹ് ഇനിയും കഴിഞ്ഞില്ലെന്ന ചോദ്യങ്ങളും നോമ്പ് പത്തോ പതിനഞ്ചോ കഴിയുമ്പോള്‍ കേള്‍ക്കാം. പിന്നെയാണ് അവര്‍ക്ക് തറാവീഹ് എന്നാല്‍ ഒരാവര്‍ത്തി ഖുര്‍ആന്‍ മുഴുവന്‍ ആദ്യാവസാനം കേള്‍ക്കല്‍ ആണ് എന്ന് മനസ്സിലായത്. 'ആപ്‌കോ കോന് സുനാ രഹാ ഹേ' നിങ്ങള്‍ക്ക് ആരാണ് ഖുര്‍ആന്‍ കേള്‍പ്പിക്കുന്നത് എന്ന ചോദ്യവും ഉണ്ടാകും. ഹാഫിളായ ഇമാം ആരാണ് എന്നര്‍ഥം. ഖുര്‍ആനിന്റെ വാര്‍ഷിക മാസത്തില്‍ ഇമാമിന്റെ പിന്നില്‍ നിന്ന് ഒരു പ്രാവശ്യം മുഴുവന്‍ ഖുര്‍ആന്‍ കേള്‍ക്കുക എന്ന പുണ്യത്തെ ഏറ്റവും വലുതായി മനസ്സിലാക്കുന്നവര്‍.
ബിഹാറില്‍ സ്ഥിരതാമസമാക്കിയ ആദ്യവര്‍ഷം ഖുര്‍ആന്‍ മുഴുവന്‍ കേള്‍ക്കാം എന്നുകരുതി പള്ളിയില്‍ തറാവീഹിനു പോയ ആദ്യ ദിനം തന്നെ നിര്‍ത്തി. പിന്നെ റൂമില്‍ ചെറിയ ജമാഅത്ത് തുടങ്ങി. വാക്കുകള്‍ പോലും തിരിയാതെ ഹൈസ്പീഡില്‍ ആണ് ഇമാം ഓതുന്നത്. അവിടുത്തെ ഇമാമിന് നോമ്പ് എട്ടിനുള്ളില്‍ 30 ജുസ്അ് തീര്‍ക്കണം. വേറെ രണ്ടു സ്ഥലങ്ങളില്‍ കൂടി ഇതേ റമദാനില്‍ തറാവീഹ് ഏല്‍പ്പിച്ചിട്ടുണ്ടത്രേ...
വൈകാരികമായി മതത്തെ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുകയും വ്യവസ്ഥാപിതമായോ മറ്റോ മതത്തെ പ്രാഥമികമായി പോലും പഠിക്കാനോ പ്രാക്ടീസ് ചെയ്യാനോ അവസരം ലഭിക്കാത്തവരുമായ അനേകം ജനങ്ങളില്‍ കാണാന്‍ കഴിയുന്ന ഒരു മത ജീവിതവും മതാശ്ലേഷണവും ഉണ്ട്. ആദ്യം നമുക്ക് ചിരിയും തമാശയും തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ വേദനയും സങ്കടവും, ചിലപ്പോള്‍ ഉള്ള അറിവ് വച്ച് അവര്‍ ചെയ്യുന്നുണ്ടല്ലോ എന്നതില്‍ ബഹുമാനവും തോന്നുന്നത്.
അവരുടെ മതത്തിലെ ഏറ്റവും വലിയ പ്രയോറിറ്റി പെരുന്നാള്‍ നിസ്‌കാരം ആണ്. അത് വിട്ട് കളിയില്ല. ഫര്‍ദുകള്‍ നിസ്‌കരിക്കാതെ തറാവീഹ് മാത്രം നിസ്‌കരിച്ചു പോകുന്നവരില്‍ പലരും അതാണ് ഏറ്റവും നിര്‍ബന്ധമെന്ന് മനസ്സിലാക്കിയവരോ ഖുര്‍ആന്‍ മുഴുവന്‍ കേട്ട് ഒരുവര്‍ഷത്തേക്ക് ഇൗമാന്‍ പുതുക്കാന്‍ വരുന്നവരോ ആണ്. കിഷന്‍ഗഞ്ചിലെ രാംപൂര്‍ ഗ്രാമത്തില്‍ ഈ വര്‍ഷം റമദാനില്‍ വലിയവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഏറ്റെടുത്ത ദാറുല്‍ഹുദ ഡിഗ്രി വിദ്യാര്‍ഥി ഹാഫിള് യഹ്‌യ സല്‍മാന്‍ ഇന്നലെ പറഞ്ഞത്, തറാവീഹ് നിസ്‌കരിക്കാന്‍ വന്നവര്‍ ഫര്‍ദും നിസ്‌കരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയാതിരുന്നിട്ടും ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ഓരോ വാക്കുകള്‍ക്ക് അടിയിലും വിരല്‍ വച്ച് ' അല്ലാഹു ഇവിടെ പറഞ്ഞത് സത്യമാണെ'ന്ന് ആവര്‍ത്തിച്ചു പറഞ്ഞു പോകുന്ന ആളുകളെ കണ്ടതാണ് ഉത്തരേന്ത്യന്‍ റമദാനിലെ വേദനിപ്പിച്ച അനുഭവങ്ങളില്‍ ഒന്ന്. എന്നാലും ഇത്രയും പഠിച്ചിട്ടും ഓതാന്‍ ശ്രമിക്കാത്ത നമ്മെക്കാള്‍ എത്രയോ പ്രതിഫലം അവര്‍ക്ക് കിട്ടുമെന്ന് ഉറച്ച് വിശ്വസിച്ച് സന്തോഷിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."