ആരോപണങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചു; തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി; വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സ്വപ്ന
കൊച്ചി: താന്‍ ഉന്നയിച്ച് ആരോപണങ്ങള്‍ വിജേഷ് പിള്ള സ്ഥിരീകരിച്ചെന്ന് സ്വപ്‌ന സുരേഷ്. തന്നെ കണ്ടെന്നും പണം വാഗ്ദാനം ചെയ്‌തെന്നും വിജേഷ് സമ്മതിച്ചു. സംഭവം നടന്ന ഉടനെ തന്നെ പൊലിസിനും ഇ ഡി ക്കും ഉള്‍പ്പടെ ഉള്ള ഏജന്‍സികള്‍ക്ക് തെളിവ് സഹിതം പരാതി കൊടുത്തുവെന്നും സ്വപ്‌ന ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് സ്വപ്‌നയുടെ പ്രതികരണം.
എം വി ഗോവിന്ദന്‍ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മുഴുവന്‍ സത്യവും ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്തായാലും വിജേഷ് പിള്ള @വിജയ് പിള്ള ഇപ്പോള്‍ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫര്‍ ചെയ്തതും സമ്മതിച്ചു. എം വി ഗോവിന്ദന്റെയും യുസഫ് അലിയുടെയും പേര് പറഞ്ഞ കാര്യവും സമ്മതിച്ചു. എയര്‍പോര്‍ട്ടില്‍ എനിക്ക് നേരിടാവുന്ന ഭീഷണിയെ പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വര്‍ണ്ണ കടത്ത് കേസിലെ തെളിവുകള്‍ വേണമെന്ന് പറഞ്ഞതും സമ്മതിച്ചു. പക്ഷേ അദ്ദേഹം പറയുന്നത് അത് വേറൊരു സാഹചര്യത്തില്‍ പറഞ്ഞതാണ് എന്നാണ്. എനിക്ക് ഒരു കാര്യമേ പറയാന്‍ ഉള്ളൂ. ഈ സംഭവം നടന്ന ഉടനെ തന്നെ പോലീസിനും ഇ ഡി ക്കും ഉള്‍പ്പടെ ഉള്ള ഏജന്‍സികള്‍ക്ക് തെളിവ് സഹിതം പരാതി കൊടുത്തു. പോലീസും ഏജന്‍സികളും വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെ ഉള്ള നടപടികള്‍ ആരംഭിച്ചു. ഇനി ഏജന്‍സികള്‍ ആണ് ആരാണ് വിജേഷ് പിള്ള എന്തായിരുന്നു ഇതിന്റെ ഉദ്ദേശം ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു ഇത് ഒരു യുക്തിസഹമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടത്. വിജേഷ് പിള്ള എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനക്കും പോലീസില്‍ പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ ഞാന്‍ പറയട്ടെ. എന്ത് നിയമ നടപടിയും നേരിടാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനത്തില്‍ എനിക്ക് സംശയം ഉണ്ട്. ഇപ്പോള്‍ തെളിവുകള്‍ പുറത്ത് വിടാന്‍ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. ഏജന്‍സികളില്‍ കൊടുത്തിട്ടുള്ള തെളിവുകള്‍ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കില്‍ അവിടെ ഞാന്‍ അത് ഹാജരാക്കിക്കൊള്ളാം. ശ്രീ എം വി ഗോവിന്ദന്‍ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാന്‍ ഉപദേശിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരില്‍ വെബ് സീരീസ് ഉണ്ടാക്കാന്‍ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാന്‍ കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."